- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുമായും പ്രശ്നത്തിന് പോകാത്ത പ്രകൃതം; ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്ന് പരസ്പരം ചോദിച്ച് നാട്ടുകാരും; 300 പവനും ഒരു കോടി രൂപയും കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പില്‍ മന്നയിലെ നാട്ടുകാര്‍; വളപട്ടണത്തെ ലിജീഷ് 'സാധുവായ കള്ളന്'
വളപട്ടണത്തെ ലിജീഷ് 'സാധുവായ കള്ളന്'
വളപട്ടണം: വളപട്ടണം മന്നയില്‍ അരി മൊത്ത വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരുകോടിയും 300 പവനും മോഷ്ടിച്ച കേസിലെ പ്രതി ലിജീഷ് ആണെന്നതിലെ അമ്പരപ്പിലാണ് പ്രദേശവാസികള്‍.ആരുമായും ഒരു പ്രശനത്തിനും പോകാത്ത എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഒരു സാധുവെന്ന പരിവേഷമായിരുന്നു ലിജീഷിന് നാട്ടുകാര്‍ക്കിടയില്‍.ഇവയെല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നു തരിപ്പണമാകുകയായിരുന്നു.ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്നാണ് പ്രദേശവാസികള്‍ പരസ്പരം ചോദിക്കുന്നത്.
എന്നാല്‍ പോലീസാകട്ടെ ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും.പൊലീസുകാര്‍ സ്റ്റേഷനില്‍ ലഡു വിതരണം ചെയ്തു.പ്രതിയെ പിടികൂടിയതോടെ സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരിലുണ്ടായ ഭീതിയുമൊഴിഞ്ഞു. ലിജീഷിന്റെ വീട്ടില്‍ നിന്നും തൊണ്ടി മുതലായ പണവും സ്വര്‍ണവും പൊലീസ് കണ്ടെടുത്തു.അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.അന്ന് പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലിജീഷ് ആണെന്ന് വ്യക്തമായത്.
ലിജീഷ് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.വളപട്ടണത്ത് മോഷണം നടന്ന അഷ്‌റഫിന്റെ വീടിന് തൊട്ടടുത്താണ് പ്രതിയായ ലിജീഷിന്റെ വീട്.വെല്‍ഡിംഗ് തൊഴിലാളിയാണ് ഇയാള്‍.പരിശോധനയ്ക്കിടെ പൊലീസ് നായ മണംപിടിച്ച് പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.തുടര്‍ന്നാണ് ലിജീഷിനെ പിടികൂടിയത്.പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ള ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു.മൂന്ന് മാസം മുമ്പ് വിദേശത്ത് പോയി തിരിച്ചുവന്ന ലിജീഷ് അയല്‍പക്കത്തെ വീട്ടില്‍ ജനല്‍ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. കീച്ചേരിയില്‍ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്.
വിനയായത് സ്വയം തിരിച്ചുവെച്ച സിസിടിവി ക്യാമറ
അഷറഫിന്റെ വീടും പരിസരങ്ങളും സംബന്ധിച്ച് വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ എത്തിയിരുന്നു.തുടര്‍ന്ന് പരിസരവാസികളെ ചോദ്യംചെയ്തു.ലീജീഷിനെ ചോദ്യംചെയ്തതോടെ ചില സംശയങ്ങള്‍ പോലീസിനുടലെടുത്തു.ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇയാള്‍ത്തന്നെയാണ് പ്രതിയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാക്കിയത്.
സി.സി.ടി.വി. പരിശോധനയില്‍ കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആളുടെ മുഖം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഡമ്മി ആളെ ഉപയോഗിച്ച് വെച്ച് ഡമോ നടത്തിനോക്കി. പരിസരങ്ങളിലെ വീടുകളിലെയും കടകളിലെയും മറ്റും നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പഴയ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ച് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അറിയുന്നതിനായി 115 സി.ഡി.ആറുകളും പരിശോധിച്ചു.
സി.സി.ടി.വി. ക്യാമറയെ വെട്ടിക്കാന്‍ ഇയാള്‍ പരമാവധി ശ്രമിച്ചു. ദൃശ്യത്തില്‍പ്പെടാതിരിക്കാന്‍ ഒരു സി.സി.ടി.വി. ക്യാമറ തിരിച്ചുവെച്ചപ്പോള്‍,ഇത് വീട്ടിലെ ഒരു മുറിയുടെ ദൃശ്യങ്ങള്‍ വ്യക്തമാവുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്ന് പോലീസ് വ്യക്തമാക്കുന്നു.20-ാം തീയതിയാണ് മോഷണം നടത്തിയത്. 40 മിനിറ്റുള്ള ഓപ്പറേഷനിലാണ് ലിജീഷ് മോഷണം പൂര്‍ത്തിയാക്കിയത്.
അഷ്‌റഫിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തേയും സ്വര്‍ണത്തേയും കുറിച്ച് ലിജീഷിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മോഷണത്തിനായി ഉപയോഗിച്ച ഒരു ഉപകരണം ഇയാള്‍ മോഷണത്തിനിടെ വീട്ടില്‍വെച്ച് മറന്നു. ഇത് തിരിച്ചെടുക്കാന്‍ 21-ാം തീയതി വീട്ടിനുള്ളില്‍ വീണ്ടും കടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലിജീഷ് ചോദ്യംചെയ്യലില്‍ മൊഴി നല്‍കി. പോലീസ് നടത്തിയ പരിശോധനയില്‍ പിന്നീട് ഈ ഉപകരണം കണ്ടെത്തിയെന്ന് കമ്മിഷണര്‍ അറിയിച്ചു.
ബാഗിലും സഞ്ചിയിലുമായാണ് പണവും സ്വര്‍ണ്ണവും എടുത്തത്. മോഷണസമയത്ത് ധരിച്ച ടീ ഷര്‍ട്ടും മാസ്‌കും വീട്ടിലെത്തിയ ശേഷം കത്തിച്ചുകളഞ്ഞെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.അതിനാല്‍ ഇത് കണ്ടെടുക്കാനായിട്ടില്ല.കീച്ചേരിയിലെ കേസും വളപട്ടണത്തെ കേസും തമ്മില്‍ സാമ്യമുണ്ടായിരുന്നു. വിരലടയാള പരിശോധനയിലാണ് രണ്ടും നടത്തിയത് ലിജീഷാണെന്ന് വ്യക്തമായത്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി കമ്മിഷണര്‍ അറിയിച്ചു.
പ്രതിയെ ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യും. കുറച്ചുദിവസം കഴിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങും.കൂടുതല്‍ ചോദ്യംചെയ്യല്‍ നടത്തുമെന്നും ഇയാള്‍ മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.അഷ്റഫും കുടുംബവും 19ന് രാത്രി തമിഴ്നാട്ടിലെ മധുരയില്‍ വിവാഹത്തിനു പോയ തക്കത്തിലായിരുന്നു മോഷണം. 24ന് കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇരുപതംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.