കൊല്ലം: അസീസിയ മെഡിക്കൽ കോളേജിലെ മിടുമിടുക്കിയായ വിദ്യാർത്ഥിയായിരുന്നു വന്ദനാ ദാസ്. എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഹൗസ് സർജൻസി തുടങ്ങി. പരീശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തി. രാത്രി ഡ്യൂട്ടിക്കിടെ കൊലപാതകം. ആശുപത്രിയിൽ കുറഞ്ഞ ദിവസം കൊണ്ടു തന്നെ ഏവരുടേയും പ്രിയങ്കരിയായ ഡോക്ടറായിരുന്നു കോട്ടയം സ്വദേശിയായ വന്ദനാ ദാസ്. കൊട്ടാരക്കര ആശുപത്രിയിൽ പ്രതി നടത്തിയത് സമാനതകളില്ലാത്ത അക്രമമാണ്. പൊലീസ് എയ്ഡ് പോസ്റ്റുള്ള ആശുപത്രിയിലാണ് നടുക്കുന്ന സംഭവം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് വനിതാ ഡോക്ടർ മരിച്ചത്. കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാൾ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ മറ്റു നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരായ അലക്‌സ്, ബേബി മോഹൻ, മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. പൂയപ്പള്ളിയിലെ അടിപിടി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് പരിചയക്കാരനെ കണ്ടപ്പോൾ പ്രതി അക്രമസക്തനായി. പൊലീസ് എയ്ഡ് പോസ്റ്റുണ്ടായിട്ടും അക്രമി എല്ലാ പരിധിയും വിട്ടു. കത്രിക കൈക്കലാക്കിയ ഇയാൾ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ കൈവിലങ്ങ് ഇല്ലാതെയാണ് ആശുപത്രിയിൽ കൊണ്ടു വന്നത്. ഇതാണ് പ്രശ്‌നമായത്.

ഇയാൾ നേരത്തേയും ആക്രമ സ്വഭാവം കാണിച്ചിരുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ വിലങ്ങ് വയ്‌ക്കേണ്ടത് അത്യാവശ്യമായിരുന്നു. അതാണ് പൊലീസ് ചെയ്യാത്തത്. കൈവിലങ്ങുണ്ടായിരുന്നുവെങ്കിൽ പ്രതിക്ക് ഇത്തരത്തിൽ അക്രമം നടത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പ്രതിഷേധം ഉയർത്തുന്നത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആക്രമിക്കപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ. മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്‌സ് കുട്ടി എന്നിവർക്കാണു കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്.

ഇന്നു പുലർച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന രോഗിയാണ് ഡോക്ടറെ കുത്തിയത്. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്.

നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ് പ്രതി. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ ആളാണ് ഇയാൾ. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിനു മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുകയായിരുന്നു ലക്ഷ്യം.