- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൗസ് സർജ്ജനായ ഡോക്ടറെ കുത്തുമ്പോൾ രക്ഷിക്കാൻ ശ്രമിച്ചതും ഡോക്ടർ; മുറിക്കുള്ളിൽ അകപ്പെട്ട വന്ദനാ ദാസിന്റെ നെഞ്ചിൽ കുത്തിയ കത്രിക ശ്വാസകോശത്തിലും തുളച്ചു കയറി; കിംസിൽ വന്ദനാ ദാസിനെ എത്തിച്ചത് പൾസ് പോലുമില്ലാതെ; കൊല്ലപ്പെട്ടത് അച്ഛന്റേയും അമ്മയുടേയും ഏകമകൾ; പതിവ് പോലെ ആശുപത്രി അതിക്രമം തടയാൻ നിയമ നിർമ്മാണം പ്രഖ്യാപിക്കുന്ന ആരോഗ്യ വകുപ്പ്
കൊല്ലം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാജോർജ്ജ്. കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ഇന്നലെ രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും അക്രമിയുടെ അക്രമത്തിൽ പെട്ടു. വന്ദനാ ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ചതും ഹൗസ് സർജനായ മറ്റൊരു ഡോക്ടറാണ്. ഈ ഡോക്ടറുടെ പ്രതിരോധത്തേയും അവഗണിച്ചാണ് പൊലീസ് സുരക്ഷയിൽ ആശുപത്രിയിൽ എത്തിയ പ്രതി ഡോക്ടറെ കുത്തിക്കൊന്നത്.
പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടിൽ വെച്ച് അതിക്രമങ്ങൾ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയിൽ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. കൈവിലങ്ങ് വയ്ക്കാത്തതും പ്രതിക്ക് അക്രമം കാട്ടാൻ സഹായകമായി.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ് (23) തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു. കോട്ടയം സ്വദേശിയായ വന്ദന അച്ഛന്റേയും അമ്മയുടേയും ഏക മകളാണ്.
ആശുപത്രിയിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചനകളിലാണ് രണ്ട് ഹൗസ് സർജന്മാരാണ് രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്നതെന്ന സംശയം ശക്തമാകുന്നത്. മറ്റ് ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവരുടെ കൺമുന്നിലാണ് ഡോക്ടർ കുത്തേറ്റ് വീണത്. പൊലീസുകാരും നിസ്സഹായരായി. ഡോക്ടറെ ആക്രമിക്കുന്നതിന് മുമ്പ് തന്നെ പൊലീസുകാർക്കും കുത്തേറ്റു. ഇതോടെ പൊലീസും ഭയന്നു. രക്ഷപ്പെടാൻ കഴിയാതെ ഡോക്ടർ മുറിക്കുള്ളിൽ വീണു പോയി. ഈ മുറിക്കുള്ളിൽ ഡോക്ടർമാർ മാത്രമായതാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്.
ആദ്യം കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ് പ്രതി ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിശോധനാമുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കിയായിരുന്നു ആക്രമണം. പിന്നാലെ പ്രതി കൂടുതൽ അക്രമാസക്തനായി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസറും ഹൗസ് സർജനായ വന്ദനയും രക്ഷപ്പെടാൻശ്രമിച്ചു. മെഡിക്കൽ ഓഫീസർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടെങ്കിലും വന്ദനയ്ക്ക് രക്ഷപ്പെടാനായില്ല.
ഇതോടെ കണ്മുന്നിൽ കണ്ട വന്ദനയെ പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഡോക്ടർ വന്ദനയുടെ കഴുത്തിലും നെഞ്ചിലും പിറകിലും ഉൾപ്പെടെ അഞ്ചുതവണയിലേറെ മാരകമായി കുത്തേറ്റു. ബഹളം കേട്ടെത്തിയ പൊലീസുകാരെയും പ്രതി ആക്രമിച്ചു. സന്ദീപിന്റെ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്കും ഹോംഗാർഡിനും കുത്തേറ്റത്. തുടർന്ന് കൂടുതൽപേരെത്തിയാണ് പ്രതിയെ കീഴടക്കിയത്.
ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള, നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പൊലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ