- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദനയുടെ മുഖത്തിനു മുകളിലായി മൃതദേഹ പേടകത്തിൽ നിറകണ്ണുകളോടെ ചുംബിച്ചു; വീട്ടിനകത്തു കയറി വന്ദനയുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ച ശേഷം കണ്ണീർ തുടച്ച് മടങ്ങിയ ആരോഗ്യമന്ത്രി; മമ്മൂട്ടി എത്തി അറിഞ്ഞതും മുട്ടുചിറയിലെ വീട്ടിലെ വേദന; വന്ദനാ ദാസ് എരിഞ്ഞടുങ്ങിയിട്ടും ദുഃഖം മാറുന്നില്ല; ആ അച്ഛനേയും അമ്മയേയും ആർക്കും ആശ്വസിപ്പിക്കാൻ കഴിയുന്നില്ല
കോട്ടയം: കേരളത്തിന്റെ നൊമ്പരമാകെ ആ വീട്ടിൽ നിറഞ്ഞു. ആരോഗ്യ പ്രവർത്തകയാകാൻ ആഗ്രഹിച്ച ഡോ വന്ദനാ ദാസ്. പഠിച്ച് മിടുക്കിയായി എംബിബിഎസ് ജയിച്ച മിടുക്കി. ഒടുവിൽ കൊട്ടാരക്കരയിൽ കുത്തേറ്റു വീണു. നാട് മുഴുവൻ നിറകണ്ണുകളോടെ അന്തിമോപചാരം അർപ്പിക്കാൻ എത്തി. പലരും കരഞ്ഞു. ഇക്കൂട്ടത്തിൽ വേദന താങ്ങാൻ ആരോഗ്യമന്ത്രിക്കും ആില്ല. ഡോ. വന്ദനയുടെ മൃതദേഹത്തിനരികിൽ നിൽക്കെ കണ്ണുകൾ നിറഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ് വിതുമ്പി. ഇന്നലെ രാവിലെ 8.30നാണു വീണ മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ലഹരിക്കടിമയായ സാംദീപ് എന്ന അദ്ധ്യാപകന്റെ കുത്തേറ്റ് ഡോ. വന്ദന മരിക്കുന്നത്. അബ്കാരി കരാറുകാരനായ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. അക്രമാസക്തനായ സന്ദീപിനെ അത്യാഹിത വിഭാഗത്തിൽ പൂട്ടിയിട്ട ശേഷം പൊലീസ് പുറത്തുകടന്നപ്പോൾ ഉള്ളിലകപ്പെട്ട ഡോ. വന്ദനയെ കത്രികകൊണ്ട് തുടരെത്തുടരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഡോക്ടർക്കു പരിചയസമ്പത്തില്ല എന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതു വിവാദമായിരുന്നതിനാൽ പ്രതിഷേധം ഉണ്ടായേക്കും എന്ന റിപ്പോർട്ടിനെത്തുടർന്നു പൊലീസ് ജാഗ്രത പാലിച്ചിരുന്നു. പക്ഷേ ആരും പ്രശ്‌നമുണ്ടാക്കിയില്ല. ആ ഡോക്ടർക്ക് ആരോഗ്യമന്ത്രി വേദനയോടെ പ്രണാമം അർപ്പിച്ചു. വീടിനു മുന്നിലെ പന്തലിൽ വീണാ ജോർജ് ഏറെ നേരം മൃതദേഹം നോക്കി നിന്നു. വന്ദനയുടെ മുഖത്തിനു മുകളിലായി മൃതദേഹ പേടകത്തിൽ നിറകണ്ണുകളോടെ ചുംബിച്ചു. തുടർന്ന് വീട്ടിനകത്തു കയറി വന്ദനയുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ച ശേഷമാണു വീണ മടങ്ങിയത്.
മകളുടെ വേർപാടിൽ മനംനൊന്തുകഴിയുന്ന അച്ഛനമ്മമാരെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഡോ. വന്ദനാദാസിന്റെ മുട്ടുചിറയിലെ വീട്ടിൽ മമ്മൂട്ടിയെത്തിയത്. അച്ഛൻ മോഹൻദാസിനോട് മകളെക്കുറിച്ച് ചോദിച്ചറിഞ്ഞ മമ്മൂട്ടി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. 15 മിനിറ്റോളം ബന്ധുക്കൾക്കൊപ്പം ചെലവഴിച്ചു. നടൻ രമേഷ് പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. യുവജന കമ്മിഷൻ മുൻ അധ്യക്ഷ ചിന്താജെറോമും ഡോ. വന്ദനയുടെ വീട്ടിലെത്തി.
ഡോ. വന്ദനയുടെ കൊലപാതക സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴി ആരോഗ്യവകുപ്പ് രേഖപ്പെടുത്തുന്നു. ഡ്യൂട്ടി ഡോക്ടർ ഡോ.എസ്.വി.പൗർണമി, ജീവനക്കാരായ എസ്.രാജേഷ്, ജയന്തി, മിനി, രമ്യ എന്നിവരുടെ മൊഴികൾ ഇന്നലെ രേഖപ്പെടുത്തി. ഡപ്യൂട്ടി ഡിഎംഒ ഡോ.സാജൻ മാത്യുവിന്റെ നേതൃത്വത്തിൽ മൊഴിയെടുപ്പ് ഇന്നും തുടരും. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർക്കു റിപ്പോർട്ട് നൽകും. അങ്ങനെ ആരോഗ്യ വകുപ്പും നടപടികൾ എടുക്കുന്നു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. രാത്രിയിൽ തന്നെ കൊല്ലാൻ ചിലർ ശ്രമിക്കുന്നുവെന്ന് കൊലപാതകി സ്‌കൂളിലെ പ്രധാന അദ്ധ്യാപകയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതെല്ലാം അന്വേഷിക്കും.
ഡോ.വന്ദന ദാസ് എന്ന പുഞ്ചിരി നിത്യസ്മരണയിലേക്കു മറഞ്ഞു. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ വീടിന്റെ വളപ്പിൽ വന്ദനയുടെ അമ്മാവന്റെ മകൻ നിവേദ് ചിതയ്ക്കു തീകൊളുത്തി. ബുധനാഴ്ച രാത്രി മൃതദേഹം വീട്ടിൽ എത്തിച്ചതു മുതൽ ഇന്നലെ ഉച്ചയ്ക്ക് 2.45നു ചിതയിലേക്കെടുക്കും വരെ അണമുറിയാതെ ജനസഞ്ചയം വന്ദനയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളജിലെയും മറ്റു മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികളും കൂട്ടമായി എത്തി.
ഉച്ചയ്ക്ക് ഒന്നരയോടെ സംസ്‌കാര കർമങ്ങൾ ആരംഭിച്ചു. ഏക മകൾക്കു മുത്തം നൽകാനായി അച്ഛൻ കെ.ജി.മോഹൻദാസും അമ്മ വസന്തകുമാരിയും എത്തിയതോടെ അടക്കപ്പിടിച്ച തേങ്ങലുകൾ പൊട്ടിക്കരച്ചിലായി. വന്ദനയുടെ ചേതനയറ്റ മുഖത്തു വസന്തകുമാരി മാറിമാറി ചുംബിച്ചു. വീട്ടുവളപ്പിൽ തയാറാക്കിയ ചിതയിൽ വന്ദന എരിഞ്ഞടങ്ങി.
മറുനാടന് മലയാളി ബ്യൂറോ