തിരുവനന്തപുരം: കേരളത്തിന് വിഷുക്കൈനീട്ടമായി കേന്ദ്രസർക്കാൻ അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കാസർകോട് വരെ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.

ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 25 ന് രാവിലെ വന്ദേഭാരത് നരേന്ദ്ര മോദി കേരളത്തിന് സമർപ്പിക്കും. വന്ദേ ഭാരത് കേരളത്തിൽ വരില്ലെന്ന് ചില രാഷ്ട്രീയ പാർട്ടികൾ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയില്ലേയെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു.

നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നൽകാൻ തീരുമാനിച്ചത്. 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും അശ്വനി വൈഷ്ണവിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അതേ സമയം വന്ദേ ഭാരതിന്റെ ഏകദേശ ടിക്കറ്റ് നിരക്ക് പുറത്തുവന്നു. എസി ചെയർകാറിന്റെ അടിസ്ഥാന നിരക്ക് ശതാബ്ദി ട്രെയിനിന്റെ നിരക്കിനെക്കാൾ 1.4 മടങ്ങ് അധികമാണ്. എക്‌സിക്യൂട്ടിവ് ക്ലാസിന് 1.3 മടങ്ങ് അധികം ഈടാക്കും. റിസർവേഷൻ ഫീസ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, കാറ്ററിങ് ചാർജ്, ജിഎസ്ടി തുടങ്ങിയവ അധികമായി ഈടാക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു.

കണ്ണൂർവരെ യാത്ര ചെയ്യാൻ ഇക്കോണമി ക്ലാസിൽ 1400 രൂപയും എക്‌സിക്യുട്ടിവ് കോച്ചിൽ 2400 രൂപയും നിശ്ചയിച്ചതായി പ്രചാരണമുണ്ടെങ്കിലും റെയിൽവേ നിഷേധിച്ചു. രാവിലെ 5.10ന് പുറപ്പെട്ട് 12.30ന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സമയക്രമം എന്നറിയുന്നു. ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ച് 9.20ന് തിരുവനന്തപുരത്തെത്തും. എന്നാൽ വന്ദേ ഭാരത് കാസർകോട് വരെ നീട്ടാൻ തീരുമാനിച്ചതോടെ സമയക്രമം സംബന്ധിച്ചും റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് വൈകാതെ പുറത്തിറങ്ങും.

50 കിലോമീറ്റർവരെ സഞ്ചരിക്കാൻ 238 രൂപയാണ് മറ്റു ഫീസുകൾ കൂടാതെ വന്ദേഭാരത് എസി ചെയർകാറിലെ നിരക്കായി റെയിൽവേ നിശ്ചയിച്ചിരിക്കുന്നത് (സ്റ്റാൻഡേർഡ് നിരക്കുകൾ). എക്‌സിക്യൂട്ടിവ് ക്ലാസിൽ ഈ ദൂരം സഞ്ചരിക്കാൻ മറ്റു ഫീസുകൾ കൂടാതെ 499 രൂപ നൽകണം. കേരളത്തിലെ നിരക്കുകൾ വ്യക്തമാക്കി റെയിൽവേ വിജ്ഞാപനം ഇറക്കിയിട്ടില്ല. നിലവിലെ നിരക്കുകളിൽ വലിയ വ്യത്യാസം വരാനിടയില്ലെന്ന് അധികൃതർ പറഞ്ഞു.

കൊല്ലംവരെ ട്രെയിനിൽ സഞ്ചരിക്കാനുള്ള ദൂരം 64 കിലോമീറ്ററാണ്. 65 കിലോമീറ്റർ ദൂരം വന്ദേഭാരതിൽ സഞ്ചരിക്കാൻ നിലവിലെ നിരക്ക് അനുസരിച്ച് 290 രൂപ നൽകണം. എക്‌സിക്യൂട്ടിവ് ക്ലാസിൽ 608 രൂപയും. കോട്ടയംവരെ 160 കിലോമീറ്റർ സഞ്ചരിക്കാൻ എസി ചെയർകാറിൽ 392 രൂപ നൽകേണ്ടിവരും. എക്‌സിക്യൂട്ടിവ് ക്ലാസിൽ 824 രൂപയും.

നിലവിലെ നിരക്ക് അനുസരിച്ച് എറണാകുളംവരെ 220 കിലോമീറ്റർ സഞ്ചരിക്കാൻ എസി ചെയർകാറിൽ 484 രൂപ നൽകേണ്ടിവരും. എക്‌സിക്യൂട്ടിവ് ക്ലാസിൽ 1021 രൂപയും. കോഴിക്കോടുവരെ 412 കിലോമീറ്റർ സഞ്ചരിക്കാൻ എസി ചെയർകാറിൽ 777 രൂപയും എക്‌സിക്യൂട്ടിവ് ക്ലാസിൽ 1621 രൂപയും നൽകണം. കണ്ണൂർവരെയുള്ള 501 കിലോമീറ്റർദൂരം സഞ്ചരിക്കാൻ എസി ചെയർകാറിൽ 935രൂപയും എക്‌സിക്യൂട്ടിവ് ക്ലാസിൽ 1958 രൂപയും നൽകണം.

ഇപ്പോൾ വന്ദേഭാരതിൽ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡം മെയിൽഎക്സ്‌പ്രസ് ട്രയിനുകൾക്ക് സമാനമാണ്. ബന്ധപ്പെട്ട ക്ലാസിന്റെ 5 ശതമാനമാണ് തൽക്കാൽ ക്വോട്ട. സാധാരണ ടിക്കറ്റ് നിരക്ക്, തൽക്കാൽ നിരക്ക്, മറ്റു ചാർജുകൾ, ജിഎസ്ടി എന്നിവ ഉൾപ്പെടുന്നതാണ് തൽക്കാൽ നിരക്ക്. ആവശ്യമെങ്കിൽ തൽക്കാൽ ക്വോട്ട 30% വരെ ഉയർത്താം. യാത്രാ ഇളവോ, കുട്ടികൾക്ക് പ്രത്യേക നിരക്കോ ട്രെയിനിൽ ഇല്ല.

എംപിമാരുടെ പാസ്, എംഎൽഎ കൂപ്പൺ, മറ്റു കൂപ്പണുകൾ, മിലിട്ടറിപാരാമിലിട്ടറി വാറന്റുകൾ തുടങ്ങി റെയിൽവേയ്ക്ക് പണം തിരികെ ലഭിക്കുന്ന പാസുകൾ അനുവദിക്കും. ബുക്കിങ്, ക്യാൻസലേഷൻ, റീഫണ്ട് എന്നിവയ്ക്ക് ശതാബ്ദി ട്രെയിനുകളുടെ മാനദണ്ഡമാണ് ബാധകം. റെയിൽവേ ജീവനക്കാരുടെ പാസുകൾ ട്രെയിനിൽ ഉപയോഗിക്കാൻ കഴിയില്ല. നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ റെയിൽവേ ബോർഡ് തീരുമാനമെടുക്കണം.

വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും പൂർണരൂപത്തിൽ പുറത്തുവന്നതോടെ മറ്റ് ട്രെയിനുകളുമായുള്ള താരതമ്യവും എങ്ങും ചർച്ചയാണ്. വന്ദേഭാരത് തമ്പാനൂരിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തും എന്നാണ് സമയക്രമം വ്യക്തമാക്കുന്നത്. കാസർകോട് വരെ സർവീസ് നീളുന്നതോടെ മടക്കയാത്രയുടെ സമയം മാറിയേക്കും.

രാജധാനിയിൽ ഫസ്റ്റ് എ സിയിൽ മാത്രമാകും വന്ദേഭാരതിനേക്കാൾ ടിക്കറ്റ് നിരക്കുണ്ടായിരിക്കുക. ബാക്കിയെല്ലാ ട്രെയിനിലും ഏത് ക്ലാസിലും വന്ദേഭാരതിനേക്കാൾ ടിക്കറ്റ് നിരക്ക് കുറവാണ്. രാജധാനിയിൽ ഫസ്റ്റ് എ സി 2440 രൂപയും രാജധാനിയിൽ സെക്കൻഡ് എ സി 1970 രൂപയും തേർഡ് എ സി 1460 രൂപയുമാണ്. മാവേലിയിലാകട്ടെ ഫസ്റ്റ് എ സി 1855 രൂപയും സെക്കൻഡ് എ സി 1105 രൂപയും തേർഡ് എ സി 775 രൂപയുമാണ്. ജനശതാബ്ദി ചെയർകാറിലാകട്ടെ 755 രൂപക്ക് കണ്ണൂരെത്താം.

തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് എക്സ്‌പ്രസ് കണ്ണൂരിലെത്താൻ 7 മണിക്കൂർ 20 മിനിട്ടാകും വേണ്ടിവരിക. കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ വന്ദേഭാരത് ആയിരിക്കും എന്ന് വ്യക്തം. എന്നാൽ മറ്റ് 3 ട്രെയിനുകളും വന്ദേഭാരതും തമ്മിൽ ഒരുപാട് സമയത്തിന്റെ വ്യത്യാസം ഉണ്ടാകില്ലെന്നതാണ് താരതമ്യം വ്യക്തമാക്കുന്നത്. രാജധാനി, ജനശതാബ്ധി ട്രെയിനുകളുമായി താരതമ്യം ചെയ്താൽ വലിയ സമയ ലാഭം പല ജില്ലയിലും യാത്രക്കാർക്ക് കിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ട്രെയൽ റൺ വച്ച് നോക്കിയുള്ള വന്ദേഭാരതിന്റെ യാത്ര കൃത്യമായി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് 50 മിനിറ്റ് എടുത്താകും കൊല്ലം കാണുക. ഇപ്പോൾ തിരുവനന്തപുരം കൊല്ലം ദൂരം ഏറ്റവും കുറഞ്ഞ സമയത്തിൽ ഓടി എത്തുന്നത് നിസാമുദ്ധീൻ എക്സ്‌പ്രസ് ആണ്. നിസാമുദ്ധീൻ 55 മിനിറ്റിലാണ് കൊല്ലത്ത് എത്തുക. അതായത് നിസാമുദ്ദീനെക്കാൾ അഞ്ച് മിനിട്ട് സമയലാഭം മാത്രമാകും വന്ദേഭാരതിന് ഉണ്ടാകുക.

വന്ദേഭാരത് കോട്ടയത്ത് എത്താൻ 2 മണിക്കൂർ 19 മിനിറ്റാകും എടുക്കുകയെന്നാണ് പ്രതീക്ഷ. നിലവിലോടുന്ന കേരള എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് ഓടിയെത്തുന്ന സമയം 2 മണിക്കൂർ 42 മിനിറ്റാണ്. വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തിലെ അതേ വേഗതയിലാണ് ഓടുന്നത് എങ്കിൽ കോട്ടയത്തെ യാത്രക്കാർക്ക് കിട്ടാവുന്ന സമയലാഭം 23 മിനിറ്റ് മാത്രം.

പുലർച്ചെ 5.09 ന് തലസ്ഥാനത്ത് നിന്ന് ഓടിത്തുടങ്ങിയ വന്ദേഭാരത് 3 മണിക്കൂർ 18 മിനിറ്റ് സമയം കൊണ്ടാണ് എറണാകുളം നോർത്തിൽ എത്തിയത്. തിരുവനന്തപുരത്തുനിന്ന് കയറുന്ന ഒരു യാത്രക്കാരനെ സംബന്ധിച്ച് ആലപ്പുഴ വഴിയുള്ള ജനശതാബ്ധിയിലും രാജധാനിയിലും ഇതേ സമയംകൊണ്ട് ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്ത് എത്താം എന്ന് സാരം. ആലപ്പുഴ വഴി ജനശതാബ്ധി 3 മണിക്കൂർ 18 മിനിറ്റ് കൊണ്ടും രാജധാനി 3 മണിക്കൂർ 15 മിനിറ്റ് കൊണ്ടും എറണാകുളത്ത് എത്തും. എന്നാൽ മലബാർ എക്സ്‌പ്രസുമായി താരതമ്യം ചെയ്താൽ വന്ദേഭാരതിൽ രണ്ടു മണിക്കൂർ ഏഴു മിനിറ്റ് സമയലാഭം കിട്ടും.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വന്ദേഭാരത് എത്തിയതാകട്ടെ 6 മണിക്കൂർ 6 മിനിറ്റ് എടുത്താണ്. ജനശതാബ്ദി 7 മണിക്കൂർ 01 മിനിറ്റ് കൊണ്ടും മലബാർ എക്സ്‌പ്രസ് 10 മണിക്കൂർ 02 മിനിറ്റ് കൊണ്ടും ആണ് കോഴിക്കോട് എത്തുന്നത്. ജനശതാബ്ധിയുമായി താരതമ്യം ചെയ്താൽ സമയലാഭം പരമാവധി 55 മിനിറ്റ് മാത്രമാകും