- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേ ഭാരത് എക്സ്‌പ്രസ് കേരളത്തിൽ വൻ വിജയം; ആദ്യ യാത്രയിൽ നേടിയത് 20 ലക്ഷം രൂപയുടെ വരുമാനം; രണ്ടാഴ്ച്ചത്തേക്കുള്ള ടിക്കറ്റുകൾ വിറ്റു തീർത്തു; പൂർണതോതിലുള്ള സർവീസ് ഇന്ന് മുതൽ; കേരളത്തിലെത്തിയ ആത്യാധുനിക ട്രെയിൻ സർവീസ് ഏറ്റെടുത്തു കേരള ജനത
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്‌പ്രസ് സർവീസ് വൻ വിജയത്തിൽ. വന്ദേ ഭാരതിനെ കേരളം ഏറ്റെടുത്തിരിക്കയാണ് കേരള ജനത. ആദ്യ യാത്രയിൽ വന്ദേഭാരത് എക്സ്‌പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപയാണ് റെയിൽവേക്ക് വരുമാനം ലഭിച്ചത്. 26 നു കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായാണു പ്രാഥമിക കണക്ക്. കൃത്യമായ കണക്കു ലഭ്യമായിട്ടില്ല. ആദ്യത്തെ രണ്ടാഴ്ചത്തേക്കു ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്. ഇത് തന്നെ വന്ദേ ഭാരതിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നതായിരുന്നു.
വന്ദേഭാരതിന്റെ പൂർണ തോതിലുള്ള സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 5.20 നു തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 2.30 നു കാസർകോടു നിന്നുമാണു സർവീസ് ആരംഭിക്കുക. 26 നു കാസർകോടു നിന്നു പുറപ്പെട്ട സർവീസിനിടയിൽ റൂട്ടിൽ ചിലയിടങ്ങളിൽ അര മണിക്കൂറോളം വൈകിയെങ്കിലും തിരുവനന്തപുരത്ത് എത്തിയപ്പോൾ സമയം ക്രമീകരിച്ചു. ഏകദേശം 8 മിനിറ്റ് വൈകിയാണു തിരുവനന്തപുരത്തെത്തിയത്.
അത്യാധുനിക സംവിധാനങ്ങളോടു കൂടിയാണ് വന്ദേ ഭാരത് ട്രെയിൻ. പതിനാറ് കോച്ചുകളാണ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്‌പ്രസിനുള്ളത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് ട്രെയിനിനുള്ളത്. വിമാനങ്ങളിലേതിന് സമാനമായ സീറ്റുകളാണ് വന്ദേ ഭാരത് എക്സ്‌പ്രസിന്റെ ഏറ്റവും പ്രധാന ഫീച്ചറുകളിലൊന്ന്. അത് പോലെ തന്നെ സീറ്റുകൾ പിറകിലേക്ക് റിക്ലൈൻ ചെയ്യാനും കഴിയുന്നതാണ്.
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്. ട്രെയിനിന്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുള്ളതുകൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്. അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിങ് സിസ്റ്റമാണ് വന്ദേ ഭാരതിലുള്ളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അത് പോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുമുള്ള സൗകര്യവുമുണ്ട്.
ട്രെയിൻ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് എത്രയും പെട്ടെന്ന് കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഓരോ കോച്ചുകളിലും നാല് എമർജൻസി എക്‌സിറ്റുകളുണ്ട്. സുരക്ഷാ ഫീച്ചറുകളിൽ ഏറ്റവും മികച്ചത് എന്ന് പറയുന്നത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്ന ഓട്ടോമാറ്റിക്ക് ബ്രേക്കിങ്ങ് സിസ്റ്റമാണ്. പാളത്തിൽ വെള്ളം കെട്ടിക്കിടന്നാൽ പോലും 650 mm ഉയരത്തിൽ വരെ ട്രെയിനിന് പോകാൻ സാധിക്കും. ട്രെയിനിന്റെ എസി, കമ്മ്യൂണിക്കേഷൻ, ഫീഡ്ബാക്ക് ജിപിആർഎസ് എന്നിവ എല്ലാം നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു മികച്ച കോച്ച് കൺട്രോൾ മാനേജ്‌മെന്റ് സിസ്റ്റം വന്ദേ ഭാരത് എക്സ്‌പ്രസിലുണ്ട്.
മുൻപത്തെ വന്ദേ ഭാരതിൽ രണ്ട് ക്യാമറകളാണ് ഉണ്ടായിരുന്നത എങ്കിൽ ഇപ്പോഴത്തെ കോച്ചിൽ റിയർ വ്യു ക്യാമറയടക്കം നാല് പ്ലാറ്റ്‌ഫോം ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. തീപിടിത്തം ഒഴിവാക്കാനായി പഴയ കോച്ചുകളിൽ ഉപയോഗിച്ചിരുന്ന സംവിധാനം ഒഴിവാക്കിയിട്ട് സ്‌മോക്ക് ഡിറ്റക്ഷൻ സിസ്റ്റമാണ് പുതിയ കോച്ചുകളിൽ നൽകിയിരിക്കുന്നത്. ട്രെയിനിന്റെ വേഗം, സ്റ്റേഷൻ,അറിയിപ്പുകൾ എന്നിവയ്ക്കായി 32 ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. പതിവ് പോലെ സ്റ്റേഷൻ എത്തുമ്പോൾ തന്നെ ചാടിയിറങ്ങി പോകാം എന്ന് വിചാരിച്ചാൽ അത് വന്ദേ ഭാരതിൽ നടപ്പുള്ള കാര്യമല്ല.
വൈഫൈ അടക്കം ലഭിക്കും. വന്ദേഭാരത് ഇൻഫോടെയിന്മെന്റ് എന്ന വൈഫൈയിൽ ജോയിൻ ചെയ്താൽ കിട്ടുക. ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലിഷ് ഉള്ളടക്കങ്ങളാണു ഇപ്പോഴുള്ളത്. ട്രെയിന്റെ റൂട്ട്, വേഗം, അടുത്ത സ്റ്റേഷൻ എന്നിവയും ഇതിൽ ലഭ്യമാകുമെങ്കിലും ഇപ്പോൾ ലഭ്യമല്ല. ഇന്ത്യൻ റെയിൽവേ ചരിത്രവുമായി ബന്ധപ്പെട്ട ചില വിഡിയോകളും ഷോകളുമാണ് ഇപ്പോൾ ഇതിലുള്ളത്.
അടുത്ത സ്റ്റേഷൻ, അവിടെക്കുള്ള ദൂരം എന്നിവ മലയാളത്തിൽ ഉൾപ്പെടെ ഓരോ കോച്ചിന്റെയും രണ്ടറ്റത്തായുള്ള 32 ഇഞ്ച് എൽസിഡി സ്‌ക്രീനിൽ തെളിയും. ഏതു വശത്തെ ഡോറുകളാണ് അടുത്ത സ്റ്റേഷനിൽ തുറക്കുന്നതെന്ന് ഇതിൽ കാണാം. എത്ര കിലോമീറ്റർ വേഗത്തിലാണു ട്രെയിൻ സഞ്ചരിക്കുന്നതെന്നും സ്‌ക്രീനിൽ വരും. ഇതു കൂടാതെ സ്ലൈഡിങ് ഡോറിനു മുകളിലുള്ള എൽഇഡി ഡിസ്‌പ്ലേയിലും വിവരങ്ങൾ എഴുതികാണിക്കും.
ചെയർ കാർ കോച്ചുകളിൽ സീറ്റ് കുറച്ചു മാത്രമേ ചെരിക്കാൻ കഴിയൂ. ലെഗ് സ്‌പേസ് കിട്ടാനായാണു ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ക്ലാസിൽ സീറ്റുകൾ കൂടുതൽ ചെരിക്കാൻ കഴിയും. കൂടാതെ സീറ്റിനു താഴെയുള്ള ലിവറിൽ ചവുട്ടിയാൽ സീറ്റുകൾ 180 ഡിഗ്രി തിരിക്കാൻ കഴിയും. ചെയർ കാറിൽ വശത്തെ സീറ്റ് ഹാൻഡിലിൽ ബ്രെയിലി ലിപിയിലും സീറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. എക്‌സിക്യൂട്ടീവിൽ ഇത് സീറ്റിനു മുകളിലായിട്ടാണ്.
വിമാന മാതൃകയിൽ കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുന്ന ശുചിമുറിയാണിത്. മറ്റ് ട്രെയിനുകളേക്കാൾ കൂടുതൽ സ്ഥല സൗകര്യമുണ്ട്. കൈ ഉണക്കാൻ ഹാൻഡ് ഡ്രൈയറും നൽകിയിട്ടുണ്ട്. വന്ദേഭാരതിൽ അപായ ചങ്ങലയില്ല. പകരം പുഷ് ടു ടോക്ക് സംവിധാനമാണുള്ളത്. ഇതിൽ വിരൽ അമർത്തിയാൽ ലോക്കോ പൈലറ്റിനോട് സംസാരിക്കാം. ലോക്കോപൈലറ്റിനു സിസിടിവി ക്യാമറ വഴി സംസാരിക്കുന്നയാളെ കാണാം. ഇത് ഓരോ കോച്ചിലും രണ്ടിടത്തും പുറത്തേക്കിറങ്ങുന്ന ഭാഗത്തും നൽകിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചായിരിക്കും ട്രെയിൻ നിർത്തുക. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എമർജൻസി ബട്ടണും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ