ന്യൂഡൽഹി: എന്തൊരു സ്പീഡ്, അതിവേഗ യാത്ര സ്വപ്‌നം കണ്ടവർക്ക് ഇനി വന്ദേഭാരതിൽ യാത്ര തുടങ്ങാം. ഇന്ത്യൻ റെയിൽവേ കാത്തിരിക്കുന്ന വന്ദേഭാരത്-2 തീവണ്ടി പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ എന്ന റെക്കോഡ് വേഗം പിന്നിട്ടുകഴിഞ്ഞു. നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും പരിശോധന പൂർത്തിയായി പരീക്ഷണ ഓട്ടം വിജയകരമാവുകയും ചെയ്തു.

രാജസ്ഥാനിലെ കോട്ട-നഗ്ഡ സെക്ഷനിലാണ് തീവണ്ടി 120, 130, 150, 180 തുടങ്ങിയ വിവിധ വേഗപരിധിയിൽ പരീക്ഷണ ഓട്ടം നടത്തിയതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചു. നിലവിൽ രണ്ട് വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. മൂന്നാമത്തെ ട്രെയിൻ പരീക്ഷണ ഓട്ടത്തിലാണ്. പരീക്ഷണ ഓട്ടത്തിനിടെ 180 കിലോമീറ്റർ വേഗത പരിധി കടന്നതായാണ് കേന്ദ്ര റെയിൽവേ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് അവകാശപ്പെട്ടത്.

സുരക്ഷി അടക്കമുള്ള വിവിധ പരീക്ഷണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന സെമി-ഹൈസ്പീഡ് തീവണ്ടിയാണ് വന്ദേഭാരത്. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയിൽ തിരിയുന്ന കൂടുതൽ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയർകാർ കോച്ചുകളും ഇതിലുണ്ടാവും. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഫയർ സെൻസറുകൾ, സിസിടിവി ക്യാമറകൾ, ജിപിഎസ് തുടങ്ങിയ ഫീച്ചറുകൾ നൽകി സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.

2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് ഐ.സി.എഫ് ലക്ഷ്യമിടുന്നത്. മുമ്പ് എത്തിയിട്ടുള്ള വന്ദേഭാരത് ട്രെയിനുകളെക്കാൾ ഭാരം കുറച്ചായിരിക്കും പുതിയ ട്രെയിനുകൾ എത്തിക്കുകയെന്നാണ് വിവരം. ഇതുവഴി ഏറെ സുഖകരമായ യാത്ര അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചായിരിക്കും ബോഗികൾ നിർമ്മിക്കുകയെന്നാണ് ഐ.സി.എഫ്. അറിയിച്ചത്. ഭാരം കുറവായതിനാൽ ഉയർന്നവേഗതയിൽ പോലും യാത്രക്കാർക്ക് കൂടുതൽ സുഖം തോന്നും.

ലോക്കോ പൈലറ്റുകൾ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികൾക്ക് നൽകുന്നത്. കൂടുതൽ വിശാലമായിരിക്കും വിൻഡോകൾ. സീറ്റുകൾക്ക് സമീപവും മറ്റും കൂടുതൽ ലഗേജ് സ്പേസുകൾ ഒരുങ്ങുന്നുണ്ട്. ഏറ്റവും മികച്ച രീതിയിലുള്ള ടോയ്‌ലറ്റുകളും ഉറപ്പുനൽകുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിൽ 75 പുതിയ വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യയിലെ 75 വലിയ പട്ടണങ്ങളിലൂടെ ഓടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുള്ളത്.

കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിനായി കവച് സാങ്കേതികവിദ്യയാണ് പുതിയ ട്രെയനുകളിൽ ഏർപ്പാടാക്കിയിട്ടുള്ളത്. ഓരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ ഒരുമിച്ച് വരികയാണെങ്കിൽ ഓട്ടോമാറ്റിക് ബ്രേക്ക് പ്രവർത്തിക്കുമെന്നതാണ് കവച് സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. വന്ദേഭാരത് തീവണ്ടികൾക്ക് 16 വീതം കോച്ചുകളാണുണ്ടാകുക. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന ചക്രങ്ങളും ആക്‌സിലുകളുമാണ് ഈ ട്രെയിനുകളിൽ ഉപയോഗിക്കുന്നത്.

ഇന്ത്യയുടെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേഭാരത് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. അടുത്ത് മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് തീവണ്ടികൾ പുറത്തിറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഗതിമാൻ എക്‌സ് പ്രസാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിൽ ഏറ്റവും വേഗം കൂടിയത്. 160 കിലോമീറ്ററാണ് ഇതിന്റെ വേഗത. ശതാബ്ദി എക്സ്‌പ്രസിന്റെ വേഗത 150 കിലോമീറ്ററാണ്. രാജധാനി എക്സ്‌പ്രസിന്റെ 140 കിലോമീറ്ററാണ്.

നിലവിലെ ശതാബ്ദി എക്സ്‌പ്രസിന് പകരമാണ് വന്ദേ ഭാരത് ഉപയോഗിക്കുന്നത്. 200 കിലോമീറ്റർ വേഗതയിൽ പായാൻ കഴിയുന്ന ട്രെയിനാണ് ഇത്. എന്നാൽ ഇതിനായി കരുത്തുറ്റ ട്രാക്കും, ആധുനിക സിഗ്‌നൽ സൗകര്യവും ഒരുക്കേണ്ട വരും.16 കോച്ചുകളുള്ള ഈ ട്രെയിനിന് ശതാബ്ദി എക്സ്‌പ്രസിന്റേതിന് സമാനമായ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകും. ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ തിരിയുന്നതിന് രണ്ടറ്റത്തും എയറോഡൈനാമിക് ആയി രൂപകൽപ്പന ചെയ്ത ഡ്രൈവർ ക്യാബിനുകളാണ്.

പവർ ലാഭിക്കുന്ന ഒരു നൂതന റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനമാണ് ട്രെയിനിലുള്ളത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ യാത്രക്കാർക്ക് മികച്ച സൗകര്യവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു. കിലോമീറ്റർ വിജയകരമായ ആദ്യ ട്രയൽ റണ്ണിന് ശേഷം, കോട്ടനാഗ്ദ സെക്ഷനിൽ രണ്ടാം ഘട്ടത്തിന്റെ ട്രയൽ റൺ ആരംഭിച്ചു കഴിഞ്ഞു, കോട്ടയ്ക്കും നഗ്ദ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള 225 കിലോമീറ്റർ സെക്ഷനിലാണ് ട്രയൽ റൺ. അഹമ്മദാബാദിനും മുംബയ്ക്കുമിടയിൽ പുതിയ ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.