ചെന്നൈ : വിമാനത്തിലെപ്പോല യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്‌ത്തിയ ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക ട്രെയിനായ വന്ദേഭാരത് കേരളത്തിലേക്കും വരും. മൂന്നുവർഷത്തിനകം 400ട്രെയിനുകൾ ഓടിക്കുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75 ആഴ്ച കൊണ്ട് 7 5വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കിൽ ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സർവീസുകൾക്ക് സാദ്ധ്യതയുണ്ട്.

രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുമായി 180കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വന്ദേഭാരത് വരുന്നതോടെ, പിണറായി സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി അപ്രസക്തമായി മാറും. ബംഗളുരു-എറണാകുളം, ഹൈദരാബാദ്-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിലാണ് വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നത്.

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ഉത്തർപ്രദേശ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലും 44ട്രെയിനുകൾ നിർമ്മാണത്തിലാണ്. അതിവേഗം നിർമ്മാണം പൂർത്തിയാക്കി കേരളത്തിലടക്കം വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗർ - മുംബയ് റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ന്യൂഡൽഹി - വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സർവീസ്. ന്യൂഡൽഹി - ശ്രീ മാതാ വൈഷ്ണോ ദേവി കത്രയാണ് രണ്ടാമത്തേത്.

തദ്ദേശീയമായി രൂപകല്പന ചെയ്ത സെമിഹൈ സ്പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിനാണിത്. 160 കിലോമീറ്റർ വേഗത കൈവരിക്കാൻ 140 സെക്കൻഡ് മതി. ജി.എസ്.എം / ജി.പി.ആർ.എസ് വഴി നിയന്ത്രിക്കുന്ന ശീതീകരണ സംവിധാനമുണ്ട്. കോച്ചുകളിൽ പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് ഇൻഫോടെയ്ന്മെന്റ് സിസ്റ്റമുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും കോച്ചുകളിൽ ടച്ച് ഫ്രീ സ്ലൈഡിങ് വാതിലുകളുമുണ്ട്. എക്സിക്യുട്ടീവ് ക്ലാസിൽ കറങ്ങുന്ന സീറ്റുകളാണുള്ളത്. വിമാനത്തിലേതു പോലെ ബയോവാക്വം ടോയ്‌ലറ്റുകളും വന്ദേഭാരത് ട്രെയിനിലുണ്ട്.

സാധാരണ ഗതിയിൽ 500 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്കാണ് ചെയർകാർ മാത്രമുള്ള വന്ദേഭാരത് ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിലേക്ക് ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ബംഗളുരുവിൽ നിന്ന് സർവീസ് തുടങ്ങാനാണ് ദക്ഷിണ റെയിൽവേയുടെ ശുപാർശ. 180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ട്രെയിനാണിത്. മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ എന്നിവയുണ്ട്.

പുഷ്ബാക്ക് സംവിധാനമുള്ള സീറ്റുകൾ, ബാക്ടീരിയ രഹിതമായ എയർകണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച് മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമർജൻസി വാതിലുകൾ എന്നിവയുണ്ട്. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമർജൻസി ലൈറ്റുകൾ എന്നിവയെല്ലാമുള്ള ഒരു ട്രെയിനിന്റെ നിർമ്മാണചെലവ് 100കോടി രൂപയാണ്.

വന്ദേഭാരത് കേരളത്തിലെത്തിയാലും 160കിലോമീറ്റർ വേഗത്തിലോടാനാവില്ല. പ്രധാനതടസം ട്രാക്കുകളിലെ വളവുകളാണ്. വേഗം കൂട്ടണമെങ്കിൽ നിലവിലെ ട്രാക്കിൽ 36ശതമാനം നിവർത്തിയെടുക്കണം. നഗരമദ്ധ്യത്തിലാണ് വളവുകളേറെയും. നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയും വരും. എന്നാൽ ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡൽഹി-കത്ര ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗത. കേരളത്തിൽ 80കിലോമീറ്ററിനു മേൽ വന്ദേഭാരതിന് വേഗം കൈവരിക്കാനാവില്ലെന്ന് കെ-റെയിൽ അധികൃതർ പറയുന്നു. നിലവിൽ എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററാണ് ശരാശരി വേഗമെങ്കിലും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്റർ സാദ്ധ്യമാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുൻഗണന നൽകി, മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ടിവരും.