തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാത്ര തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു. തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച റെഡ് കാർപ്പറ്റിൽ നിന്നും മോദി പച്ചക്കൊടി വീശിയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിന് മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിൽ കയറി.

ആദ്യ യാത്രയിൽ വന്ദേഭാരത് 14 സ്റ്റേഷനിലുകളിലും നിർത്തുന്നുണ്ട്. പ്രത്യേകം ക്ഷണിച്ച യാത്രക്കാരാനാണ് ്‌ട്രെയിനിൽ ഉള്ളത്. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും യാത്രയിലുണ്ട്. അടുത്തതായി തലസ്ഥാനത്തെ വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കും. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

ട്രെയിനിന്റെ ആദ്യയാത്രയിൽ മതസാമൂഹിക രാഷ്ട്രീയ നേതാക്കളും താരങ്ങളും പങ്കെടുക്കും. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും.തുടർന്ന് പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടർ മെട്രോയും പൂർണമായി വൈദ്യുതീകരിച്ച ദിണ്ടിഗൽ- പളനി- പാലക്കാട് സെക്ഷൻ റെയിൽപാതയും നാടിന് സമർപ്പിക്കും.

ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയിൽമേഖലയുടെ വികസനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ സെക്ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിക്കും. ശേഷം 12.40ന് പ്രധാനമന്ത്രി കേന്ദ്രഭരണപ്രദേശമായ ദാദ്രനഗർ ഹവേലിക്ക് പുറപ്പെടും.

അതേസമയം, ചാവേർ ആക്രമണ ഭീഷണിയുടെയും ഇന്റലിജൻസിന്റെ സുരക്ഷാ സ്‌കീം ചോർന്നതിന്റെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് (എസ്‌പി.ജി),കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) എന്നിവ സംയുക്തമായാണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. എസ്‌പി.ജി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നേതൃത്വത്തിൽ രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്.ഉന്നത ഐ.ബി ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ട്.