തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ കേരളത്തിൽ എത്രകണ്ട് വിജയമാകും എന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്. മെട്രോമാൻ ഇ ശ്രീധരൻ പോലും ഈ ട്രെയിൻകേരളത്തിന് കാര്യമായി പ്രയോജനം ചെയ്യില്ലെന്ന പക്ഷത്താണ്. അതേസമയം നിലവിൽ ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരെയും തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് വിമാനമാർഗ്ഗം തേടുന്നവരെയും ലക്ഷ്യം വച്ചാണ് വന്ദേഭാരത് രംഗത്തുള്ളത്. അതേസമയം വേഗത കൂട്ടേണ്ടത് അത്യാവശ്യമാണ് താനും്. ട്രാക്കുകൾ അടക്കം കൂടുതൽ പുതുക്കാത്ത പക്ഷം ട്രെയിൻ എത്രകണ്ട് വിജയമാകും എന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്.

തിരുവനന്തപുരം - കൊച്ചി - കണ്ണൂർ സെക്ടറിലെ വിമാന യാത്രക്കാർക്ക് പുറമേ കാർ യാത്രക്കാരെയും ട്രെയിൻ ലക്ഷ്യമിടുന്നുണ്ട്. കൊച്ചി വിമാനത്താവളം ഉപയോഗിക്കുന്ന ഒട്ടേറെപ്പേർ തിരുവനന്തപുരത്തും നിന്നും മലബാറിൽ നിന്നും ദീർഘദൂര ട്രെയിനുകളിൽ പകൽ സമയം എറണാകുളത്തേക്കു യാത്ര ചെയ്യുന്നുണ്ട്. ഇവർക്ക് വന്ദേഭാരത് തുണയാകുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തു നിന്നു 3 മണിക്കൂർ കൊണ്ടു എറണാകുളത്ത് എത്താനായാൽ വന്ദേഭാരതിനു കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയും. ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

അതോടെ വിമാനത്താവളത്തിലേക്കു പോകുന്നവർ വന്ദേഭാരതിലേക്കു മാറും. വിമാനത്താവളത്തിലെ ചെക്കിങ് ടൈം അടക്കം വന്ദേ ഭാരതിൽ ലാഭിക്കാൻ സാധിക്കുമെന്നതാണ് നേട്ടം. ഇത് കൂടാതെ ദീർഘദൂര ട്രെയിനുകളിൽ പകൽ സമയ എസി യാത്രയ്ക്കു കേരളത്തിനുള്ളിൽ നല്ല ഡിമാൻഡുണ്ട്. 2 ജനശതാബ്ദി ട്രെയിനുകളിലും എസി കോച്ചുകൾ എപ്പോഴും വെയ്റ്റ് ലിസ്റ്റിലാണ്. സ്ലീപ്പർ ടിക്കറ്റ് എടുത്ത ശേഷം എസിയിലേക്കു മാറ്റിയെടുക്കുന്ന ഒട്ടേറെ യാത്രക്കാരുണ്ടെങ്കിലും വന്ദേഭാരതിലെ ടിക്കറ്റ് നിരക്കുകൾ വെല്ലുവിളിയാകുമെന്ന സംശയം അധികൃതർക്കുണ്ട്.

എന്നാൽ സ്ഥിരം യാത്രക്കാർ വന്ദേഭാരതിലേക്കു മാറാനുള്ള സാധ്യത വിരളമാണ്. പ്രീമിയം സർവീസായതിനാൽ സീസൺ ടിക്കറ്റുകളും കൺസഷനുകളും ട്രെയിനിലുണ്ടാകില്ല. ഉച്ചയ്ക്കു പുറപ്പെടുന്ന ജനശതാബ്ദിയിൽ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു തിരക്കു പൊതുവേ കുറവാണ്. വന്ദേഭാരത് 4 മണിയോടെ കോഴിക്കോട് വിട്ടാൽ യാത്രക്കാരുടെ എണ്ണം കൂടും.

ജനശതാബ്ദി കഴിഞ്ഞാൽ തിരുവനന്തപുരത്തേക്കു ഏറെ നേരം ട്രെയിനില്ലാത്ത പ്രശ്‌നം മലബാർ മേഖലയിലുണ്ട്. വൈകിട്ട് 5.30ന് ശേഷം മണിക്കൂറുകളോളം തലസ്ഥാനത്തേക്കു ട്രെയിനില്ലാത്ത പ്രശ്‌നം എറണാകുളത്തുമുണ്ട്. വന്ദേഭാരത് ഇതിനു പരിഹാരമായാൽ ഏറെ യാത്രക്കാരെ ലഭിക്കുമെന്നു യാത്രക്കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

അതേസമയം കേരളത്തിൽ വന്ദേഭാരതിനു കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ ശക്തമാണ്. ഇത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. യാത്രാസമയം കൂട്ടുമെന്ന് അധികൃതർക്ക് ആശങ്ക. കോയമ്പത്തൂർ - ചെന്നൈ വന്ദേഭാരതിന് 3 സ്റ്റോപ്പുകൾ മാത്രമുള്ളപ്പോൾ കേരളത്തിലെ വന്ദേഭാരതിന് 6 സ്റ്റോപ്പുകളാണു ആദ്യം തന്നെ ശുപാർശ ചെയ്തിരിക്കുന്നത്. വിവിധ കോണുകളിൽ നിന്നു പുതിയ സ്റ്റോപ്പുകൾക്കായുള്ള ആവശ്യവും ഉയർന്നു കഴിഞ്ഞു. ഇതിൽ ഒന്നോ രണ്ടോ സ്റ്റോപ്പുകൾ റെയിൽവേ അനുവദിക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ ട്രെയിനിന്റെ യാത്രാസമയം 6 മിനിറ്റ് കൂടും.

ചെന്നൈ വിട്ടാൽ കോയമ്പത്തൂർ വന്ദേഭാരതിന്റെ ആദ്യ സ്റ്റോപ്പ് 345 കിലോമീറ്റർ അകലെ സേലം ജംക്ഷനിലാണ്. ചെന്നൈ - കോയമ്പത്തൂർ 505 കിലോമീറ്റർ ദൂരം ഓടാൻ 5 മണിക്കൂർ 50 മിനിറ്റ് മാത്രമാണു വന്ദേഭാരത് എടുക്കുന്നത്. ശരാശരി വേഗം 86.57 കിമീ. 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതകളും കുറഞ്ഞ സ്റ്റോപ്പുകളുമാണു ഈ ശരാശരി വേഗം കിട്ടാൻ കാരണം. തിരുപ്പൂർ 2 മിനിറ്റ്, ഈറോഡ് 3 മിനിറ്റ്, സേലം2 മിനിറ്റ് എന്നിങ്ങനെയാണു സ്റ്റോപ്പുകൾ.

കേരളത്തിൽ എല്ലാ സ്റ്റോപ്പും 3 മിനിറ്റാണ്. ഓട്ടമാറ്റിക് വാതിലുകൾ അടയാനും തുറക്കാനും വേണ്ട സമയം കൂടി ചേർത്താണു 3 മിനിറ്റ് നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂരും ഷൊർണൂരുമാണ് സ്റ്റോപ്പുകൾ ലഭിക്കാൻ എന്തെങ്കിലും സാധ്യതയുള്ള 2 സ്റ്റേഷനുകൾ. എന്നാൽ 4 സ്റ്റേഷനുകളിൽ കൂടി നിർത്തണമെന്നാണ് ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

അതിനിടെ മെട്രോമാൻ ഇ ശ്രീധരൻ വന്ദേഭാരതിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്് ആശങ്കകൾകക് ഇടയാക്കുന്നുണ്ട്. വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്നാണ് മെട്രോമാന്റെ അഭിപ്രായം. നിലവിലെ ട്രാക്ക് വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ ലഭിക്കൂ. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ള വന്ദേഭാരത് ട്രെയിൻ കൊണ്ടുവന്ന് 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഢിത്തമാണ്. നാം അവ പാഴാക്കരുത്. നിലവിലെ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ, 90 മാത്രമേ ലഭിക്കുന്നുള്ളൂ. അതായത് വന്ദേഭാരതിനും ആ വേഗതയേ ലഭിക്കൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങൾക്ക് പറയാം. എന്നാൽ, അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 14നാണ് വന്ദേഭാരത് എക്സ്‌പ്രസ് കേരളത്തിലെത്തിയത്. 22ന് ട്രയൽ റൺ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്‌പ്രസിനുണ്ടാവുക. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്തേക്കും.

വന്ദേ ഭാരത് ട്രെയിനിന്റെ വരവോടെ കേരളത്തിലെ ഭരണമുന്നണി ഭരണത്തിന് നേതൃത്വം വഹിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിൽ പ്രചരണ യുദ്ധങ്ങളും ആരംഭിച്ചു കഴിഞ്ഞു. അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കുമെന്നാണ് സിപിഎം വാദിക്കുന്നത്. അതേസമയം കേരള സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്ര മോദി സർക്കാരിന്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി വാദിക്കുന്നു. വന്ദേ ഭാരത് ട്രെയിനുകൾക്ക് വലിയ രീതിയിൽ പ്രചാരം നൽകുവാനാണ് ബിജെപി തീരുമാനം. അതുകൊണ്ടു കൂടിയാണ് കഴിഞ്ഞദിവസം ട്രെയിനുകൾ കേരളത്തിൽ എത്തിയപ്പോൾ അത് നിർത്തിയ സ്റ്റേഷനുകളിൽ ബിജെപി സ്വീകരണങ്ങൾ നൽകിയതും.