കണ്ണൂർ: വന്ദേ ഭാരത് എക്സ്‌പ്രസിനെ ചൊല്ലി വീണ്ടും വിവാദങ്ങൾ. ഉത്സവാന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദ് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. ചൊവ്വാഴ്ച ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. പുലർച്ചെ പെയ്ത മഴയിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു.

പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്. ഇതേ തുടർന്ന് കണ്ണൂരിൽ തന്നെ നിർത്തിയിട്ട ട്രെയിന്റെ അറ്റകുറ്റപണി നടത്തി പ്രശ്‌നം പരിഹരിച്ചു. ചൊവ്വാഴ്ച കാസർകോട് ആദ്യ സർവീസ് അവസാനിച്ച ട്രെയിൻ അതീവ സുരക്ഷയ്ക്കായി കണ്ണൂരിൽ എത്തിച്ചതാണ്. ബുധനാഴ്ച 2.30 ന് കാസർകോട് നിന്നും സർവീസ് ആരംഭിക്കേണ്ട ട്രെയിനാണിത്. എന്നാൽ സംഭവത്തെ കുറിച്ചു എ.സി ഗ്രില്ലിന്റെ ചോർച്ചയാണ് കാരണമെന്നും ഇതു പരിഹരിച്ചതായും റെയിൽവെ അധികൃതർ അറിയിച്ചു. മഴ പെയ്തിട്ടില്ലെന്നും മേൽക്കുരയിൽ ചോർച്ചയുണ്ടായിട്ടില്ലെന്നുമാണ് റെയിൽ അധികൃതരുടെ വിശദീകരണം.

ഇതിനിടെ ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് എതിരെ നിൽക്കുന്നുവെന്ന സോഷ്യൽ മീഡിയയിൽ ആരോപണം ശക്തമായിരിക്കെ വന്ദേ ഭാരത് എക്സ്‌പ്രസ് വിഷയത്തിൽ സി.പിഎം നേതൃത്വം മൃദു സമീപനത്തിലേക്ക് ചുവടു മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്‌ച്ച രാത്രി ഏഴരയോടെ പത്തുമിനിറ്റാണ് ട്രെയിൻ കണ്ണൂരിൽ നിർത്തിയത്.

സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ് എന്നിവർ വന്ദേഭാരത് എക്സ്‌പ്രസിനെ സ്വീകരിക്കാനെത്തിയിരുന്നു. ലോക്കോ പൈലറ്റുമാരായ അബ്ദുൾ റഷീദ്, കെ എം ദേവദാസ് എന്നിവരെ എം വി ജയരാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. വന്ദേ ഭാരത് എക്സ്‌പ്രസ് ബിജെപി തങ്ങളുടെ വികസന നേട്ടത്തിന്റെ പ്രചാരണായുധമാക്കുന്നത് തടയുന്നതിനാണ് സിപിഎം നേതാക്കളും സ്വീകരിക്കാനിറങ്ങിയത്. വന്ദേഭാരത് ആദ്യയാത്ര കണ്ണൂരിലും രാഷ്ട്രീയപരിപാടിയാക്കി ബിജെപി.

തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള യാത്രയാണെങ്കിലും ഒരു സംഘം ബിജെപി പ്രവർത്തകർ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് യാത്രചെയ്തു. തലശേരിയിൽനിന്നും കണ്ണൂരിൽനിന്നും കയറിയ ബിജെപിക്കാർ ട്രെയിൻ യാത്രയെ രാഷ്ട്രീയപ്രചാരണ ജാഥയാക്കി. കണ്ണൂരിൽ ചൊവ്വാഴ്ച രാത്രി 7.53 നെത്തിയ ട്രെയിൻ പത്ത് മിനിറ്റിനുശേഷം പുറപ്പെട്ട് 8.24ന് പയ്യന്നൂരിലെത്തി. തുടർന്ന് കാസർകോട്ടേക്ക് പുറപ്പെട്ടു.

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സ്വീകരണമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ നൽകിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.
ട്രെയിൻ എത്തുന്നതിന് അരമണിക്കൂർ മുമ്പുതന്നെ ബിജെപി- -ആർഎസ്എസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപം തമ്പടിച്ചിരുന്നു. 7.30ന് നേത്രാവതി എക്സ്‌പ്രസ് ഒന്നാം പ്ലാറ്റ് ഫോമിലെത്തിയപ്പോൾ പ്രവർത്തകരുടെ തള്ളിക്കയറ്റം കാരണം യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാധിച്ചില്ല. ആർപിഎഫും റെയിൽവേ പൊലീസും വഴി തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും പ്ലാറ്റ്‌ഫോമിൽനിന്ന് പ്രവർത്തകർ മാറിയില്ല. പല യാത്രക്കാരും ബിജെപിക്കാരുടെ അമിതാഹ്ലാദ പ്രകടനത്തിൽ ക്ഷുഭിതരായെന്നും സിപിഎം ആരോപിക്കുന്നു.

ട്രെയിൻ സ്റ്റേഷനിലെത്തുമ്പോൾ യെല്ലോ ലൈൻ ക്രോസ് ചെയ്യരുതെന്ന് അനൗൺസ്മെന്റ് ഉണ്ടായിരുന്നെങ്കിലും പ്രവർത്തകർ ലൈൻ മറികടന്ന് ട്രെയിനിനടുത്തേക്ക് പോയി കൊടിവീശി മുദ്രാവാക്യം വിളിച്ചുവെന്നും സിപിഎം ആരോപിച്ചു. വന്ദേ ഭാരത് എക്സ്‌പ്രസിനെ മഹാ സംഭവമാക്കി അതിന്റെ ക്രെഡിറ്റു മുഴുവൻ ബിജെപി കൊണ്ടുപോകുന്നുവെന്നും വന്ദേ ഭാരത് എക്സ്‌പ്രസിനോട് മുഖം തിരിഞ്ഞു നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നും സിപിഎമ്മിനുള്ളിൽ ചർച്ച ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് തിരുത്തൽ നടപടിയുമായി സിപിഎം നേതൃത്വം രംഗത്തുവന്നത്.