തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനിലെ എക്‌സിക്യുട്ടീവ് ചെയർകാറിൽ ഇരു ദിശകളിലേയ്ക്കും മെയ്‌ 3 വരെ ടിക്കറ്റ് ലഭിക്കാനില്ല. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ് ഇന്നലെ മുതലാണ് ആരംഭിച്ചത്. ആദ്യ ദിനം തന്നെ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിവസങ്ങളിൽ നടത്തുന്ന സർവീസുകളിൽ ഭൂരിഭാഗം ടിക്കറ്റുകളും ബുക്കിങ്ങായി കഴിഞ്ഞു. വെറും നൂറിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ആദ്യ അഞ്ച് ദിവസങ്ങളിൽ ലഭ്യമായിട്ടുള്ളത്. ഇന്നലെ രാവിലെ 8 മണി മുതലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.

എ സി ചെയർകാർ എക്‌സിക്യുട്ടീവ് ചെയർകാർ വിഭാഗങ്ങളിലുള്ള ടിക്കറ്റിന്റെ വിൽപ്പനയാണ് ആരംഭിച്ചത്.ഏപ്രിൽ 26ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും 28ന് തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്കുമാണ് സാധാരണ സർവീസുകൾ ആരംഭിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ചെയർകാർ ടിക്കറ്റുകൾക്ക് 1,590 രൂപയും എക്‌സിക്യുട്ടീവ് ചെയർകാർ ടിക്കറ്റിന് 2,880 രൂപയുമാണ് നിരക്ക്. ചെയർകാറിൽ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്. ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് വഴിയും സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ചൊവ്വാഴ്ച രാവിലെ 10.30നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സർവീസിന് പച്ചക്കൊടി വീശുക.
അന്ന് കാസർകോട് വരെ പ്രത്യേക സർവീസ് വന്ദേഭാരത് നടത്തുന്നുണ്ട്. പ്രവേശനമില്ലെങ്കിലും പ്രദർശനത്തിന്റെ ഭാഗമായാണ് സർവീസ്. ഈ സർവീസാണ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിർത്തുക. രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. അതേസമയം ടിക്കറ്റ് വിൽപ്പനയ്ക്ക് യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 25-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സർവീസ് ആരംഭിക്കുന്നത് 28-നാണ്. കാസർകോടുനിന്നുള്ള സർവീസ് 26-ന് ആരംഭിക്കും. ഞായറാഴ്ച 8 മണിക്ക് ബുക്കിങ് ആരംഭിച്ച ട്രെയിനിന്റെ എക്‌സിക്യൂട്ടിവ് ചെയർ കാർ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റു തീർന്നു.

ടിക്കറ്റ് നിരക്ക്

തിരുവനന്തപുരത്ത് നിന്ന് (ചെയർകാർ, എക്‌സിക്യൂട്ടീവ് ചെയർകാർ)

കൊല്ലം- 435, 820

കോട്ടയം- 555, 1075

എറണാകുളം ടൗൺ- 765, 1420

തൃശൂർ- 880, 1650

ഷൊർണൂർ- 950, 1775

കോഴിക്കോട്- 1090, 2060

കണ്ണൂർ- 1260, 2415

കാസർകോട്- 1590, 2880

കാസർകോട് നിന്ന് (ചെയർകാർ, എക്‌സിക്യൂട്ടീവ് ചെയർകാർ)

കണ്ണൂർ- 445, 840

കോഴിക്കോട്- 625, 1195

ഷൊർണൂർ- 775, 1510

തൃശൂർ- 825, 1600

എറണാകുളം- 940, 1835

കോട്ടയം- 1250, 2270

കൊല്ലം- 1435, 2645

തിരുവനന്തപുരം- 1520, 2815

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ടിക്കറ്റ് നിരക്ക് കുറയാൻ കാരണം ഇതാണ്:

രണ്ട് റൂട്ടിലേക്കമുള്ള യാത്രയിൽ ഭക്ഷണം അടക്കമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയുകയും ചെയ്യും. രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്‌കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 നേരത്തെ ഭക്ഷണം ഉൾപ്പെടുന്നതിനാലാണ് ഈ റൂട്ടിൽ ടിക്കറ്റ് നിരക്ക് കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം. ഭക്ഷണം വേണ്ടെങ്കിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേയ്ക്കും തിരിച്ചും നിരക്കുകൾ തുല്യമാണ് (ചെയർകാർ 1265, എക്സിക്യൂട്ടീവ് ക്ലാസ് - 2500).

കൂടാതെ ഭക്ഷണം ബുക്ക് ചെയ്യാത്തവർക്ക് ട്രെയിനിൽ നിന്ന് വാങ്ങാനും അവസരമുണ്ട്. രാജധാനി എക്സ്പ്രസിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണ് വന്ദേഭാരതിലെ ഭക്ഷണ കരാർ ലഭിച്ചിരിക്കുന്നത്. അതേസമയം റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ, ഐആർസിടിസി വെബ്സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം.