- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേ ഭാരത് കാസർകോടെത്തി; രണ്ടാം ട്രയൽ റണ്ണിൽ സമയം മെച്ചപ്പെടുത്തി; യാത്രാ ദൈർഘ്യം ഏഴ് മണിക്കൂർ 50 മിനുട്ട്; കണ്ണൂരിലെത്തിയത് ആറ് മണിക്കൂർ 53 മിനിറ്റിൽ; കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും കാസർകോടേക്കുള്ള രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്സ്‌പ്രസ്. രണ്ടാം ഘട്ടത്തിൽ പരീക്ഷണയോട്ടം കാസർഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിൻ കാസർഗോഡ് എത്തിയത്. 5.20ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ച വന്ദേഭാരത് 7 മണിക്കൂർ 50 മിനുട്ടിലാണ് കാസർഗോഡെത്തിയത്.
ബിജെപി. പ്രവർത്തകരടക്കമുള്ളവർ ആഘോഷപൂർവ്വം വന്ദേ ഭാരതിനെ വരവേറ്റു. രാജ് മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള ജനപ്രതിനിധികളും വന്ദേ ഭാരതിനെ സ്വാഗതം ചെയ്തു. ട്രെയിൻ കാസർകോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ന് വന്ദേഭാരത് ഔദ്യോഗികമായി ഫ്ളാഗ്ഓഫ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് പരീക്ഷണ ഓട്ടം നടത്തിവരുന്നത്. വരും ദിവസങ്ങളിലും പരീക്ഷണ ഓട്ടം ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. വിവിധ മേഖലകളിൽ എടുക്കാൻ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക, തുടങ്ങിയവയായിരുന്നു പരീക്ഷണയാത്രയുടെ ലക്ഷ്യം.
രണ്ടാം ട്രയൽ റണ്ണിൽ വന്ദേഭാരത് എക്സ്‌പ്രസ് സമയം മെച്ചപ്പെടുത്തി. ആറു മണിക്കൂർ 53 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തി. ആദ്യ ട്രയൽ റണ്ണിൽ ഏഴു മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലെത്തിയത്. കാസർകോട് വരെയാണ് രണ്ടാം ട്രയൽ റൺ. അഞ്ച് മണിക്കൂർ 56 മിനിറ്റു കൊണ്ടാണ് തിരുവനന്തപുരത്തുനിന്നു ട്രെയിൻ കോഴിക്കോട്ടെത്തിയത്. ആദ്യ ട്രെയൽ റണ്ണിനേക്കാൾ 12 മിനിറ്റ് നേരത്തെയാണ് ഇത്. തൃശൂരിലും ട്രെയിൻ 10 മിനിറ്റ് നേരത്തെ എത്തി.
തിരുവനന്തപുരത്ത് നിന്നും 50 മിനിറ്റിൽ ട്രെയിൻ കൊല്ലത്തെത്തി. ആദ്യത്തെ പരീക്ഷണ ഓട്ടത്തിലും ഇതേ സമയമായിരുന്നു. മൂന്നു മണിക്കൂർ 12 മിനിറ്റു കൊണ്ടാണ് ട്രെയിൻ എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയേക്കാൾ ആറു മിനിറ്റ് കുറവാണിത്. കാസർകോട് വരെ എട്ടര മണിക്കൂറാണു ആകെ പ്രതീക്ഷിക്കുന്ന യാത്രാസമയം. നിലവിൽ ഈ റൂട്ടിൽ വേഗമേറിയ സർവീസായ തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി എക്സ്‌പ്രസിന്റെ സമയം 8 മണിക്കൂർ 59 മിനിറ്റാണ്. എന്നാൽ ഇത് ആലപ്പുഴ വഴിയായതിനാൽ ദൂരം 15 കിലോമീറ്റർ കുറവാണ്.
ഈമാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം കണ്ണൂർ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ നിരവധിപേരുടെ ആവശ്യത്തെ തുടർന്നാണു കാസർകോടുവരെ നീട്ടിയത്. ഇതോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാൽ കൂടുതൽ സ്റ്റോപ് അനുവദിക്കില്ല. പകരം കൂടുതൽ ട്രെയിനുകൾ അനുവദിക്കും.
ട്രെയിനിന്റെ നിരക്കുകൾ വൈകാതെ നിശ്ചയിക്കും. 3 ഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്ററാക്കും. ഇപ്പോൾ 70 - 80 കിലോമീറ്റർ വേഗമുള്ള ഷൊർണൂർകണ്ണൂർ സെക്ഷനാകും ആദ്യഘട്ടം. ഒന്നര വർഷത്തിനകം ഇവിടെ 110 കിലോമീറ്റർ വേഗം കൈവരിക്കാനാകുംവിധം നവീകരിക്കും. ഇതിനു 381 കോടി രൂപ നീക്കിവച്ചു. സ്ഥലം ഏറ്റെടുത്തു വളവുകൾ നിവർത്തുന്ന രണ്ടാം ഘട്ടത്തിനു 34 വർഷമെടുക്കും. ഇതോടെ വേഗം 130 കിലോമീറ്ററാകും. ഏതാനും മാസങ്ങൾക്കകം വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കും. റൂട്ടിൽ പൂർണമായി 160 കിലോമീറ്റർ വേഗം ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായുള്ള സർവേയും ഡിപിആറും 7 മാസത്തിനകം തയാറാകും.
മറുനാടന് മലയാളി ബ്യൂറോ