- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരത്ത്! വൻ വരവേൽപ്പ്; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ; മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതിയെന്ന് വി മുരളീധരൻ; കെ റെയിൽ ലാഭമെന്ന് വാദിച്ച് ഡിവൈഎഫ്‌ഐ; വിശദമായ താരതമ്യ പട്ടികയുമായി സന്ദീപ് വചസ്പതി; കേരളത്തിന് മോദി നൽകിയ വിഷുക്കൈനീട്ടം ഏറ്റെടുത്ത് കേരളം
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രസർക്കാർ അനുവദിച്ച വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തി. കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാണ് എത്തിയത്. കൊച്ചുവേളി സ്റ്റേഷനിലെത്തിയ വന്ദേഭാരതിനെ കരഘോഷങ്ങളും ആർപ്പുവിളികളുമായാണ് ജനങ്ങൾ സ്വീകരിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, തുടങ്ങിയ പ്രമുഖർ ചേർന്ന് വന്ദേഭാരത് എക്സ്പ്രസിന് സ്വീകരണം നൽകി. വൈകിട്ട് ആറുമണിയോടെയാണ് ട്രെയിൻ കൊച്ചുവേളിയിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മധുര വിതരണം നടത്തി.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്‌ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിനെ വരവേറ്റ് നിരവധി പേർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാർക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉൾപ്പടെയുള്ള ആളുകൾ സ്വീകരിച്ചത്. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും.
ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എൻ കെ പ്രേമചന്ദ്രനും വിമർശിച്ചു. അതേസമയം, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
വന്ദേ ഭാരത് എക്സ്‌പ്രസ് കേരളത്തിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും കേന്ദ്രമന്ത്രി വി മുരളീധരൻ നന്ദി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും വേഗത കൂടുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേ ഭാരതിനായും കത്തെഴുതിയെന്നും മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും മുരളീധരൻ പ്രതികരിച്ചു.
ട്രെയിൻ ഏപ്രിൽ 25-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിനായിരിക്കും വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. എട്ട് സ്റ്റോപ്പുകളായിരിക്കും കേരളത്തിലുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. 16 കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിൽ സർവീസ് നടത്തുക. കേവലം ഏഴ് മുതൽ ഏഴര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ വന്ദേഭാരതിന് സാധിക്കും.
അതേ സമയം കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കും യാത്ര സമയവും അടക്കം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ പദ്ധതിയുമായി താരതമ്യ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. വന്ദേ ഭാരതിനേക്കാൾ ലാഭകരം കെ റെയിൽ പദ്ധതിയെന്ന വാദവുമായി ഡിവൈഎഫ്‌ഐ രംഗത്ത് വന്നുകഴിഞ്ഞു.
വന്ദേഭാരതിനെക്കാൾ എന്തുകൊണ്ടും ലാഭം നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയാണെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രയുടെ ദുരവും സമയവും ചിലവും പങ്കുവച്ചാണ് സനോജ് വന്ദേഭാരതും കെ റെയിലും വിമാനയാത്രയും തമ്മിലുള്ള താരതമ്യം നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോ മീറ്റർ സഞ്ചരിക്കാൻ വന്ദേഭാരതിൽ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി. കണ്ണൂർ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപയും ഒരു മണിക്കൂർ സമയവുമാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. അതിനാൽ തന്നെ നിർദ്ദിഷ്ട കെ റെയിലാണ് ഏറ്റവും മെച്ചമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിവരിച്ചിട്ടുണ്ട്.
എന്നാൽ കെ റെയിൽ പദ്ധതിയും വന്ദേഭാരത് ട്രെയിൻ സർവീസും തമ്മിൽ വിശദമായി താരതമ്യം ചെയ്ത് ബിജെപി നേതാവ് സന്ദീപ് വചസ്പതി പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പും ചർച്ചയായിട്ടുണ്ട്. കെ റെയിലിന് 200 കിലോമീറ്റർ വേഗത അവകാശപ്പെടുമ്പോൾ വന്ദേ ഭാരത് നിലവിൽ 160 കിലോമീറ്റർ വേഗതയെന്ന് പട്ടികയിൽ പറയുന്നു. ട്രെയിൻ ഓടിത്തുടങ്ങുന്ന കാലാവധി കെ റെയിൽ 2030 ഓടെ എന്ന് പറയുമ്പോൽ വന്ദേ ഭാരത് 2023 ഏപ്രിൽ 25 മുതൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു,.
പദ്ധതി നടപ്പാക്കാനുള്ള ചെലവ്, കുടിയൊഴിപ്പിക്കപ്പെടുന്നവർ നഷ്ടമാകുന്ന വീടുകൾ, നഷ്ടമാകുന്ന വ്യാപാര സ്ഥാപനങ്ങൾ, നഷ്ടമാകുന്ന കൃഷിയിടങ്ങൾ, പരിസ്ഥിതി നാശം, അസംസ്‌കൃത വസ്തുക്കൾ, കടം വാങ്ങുന്ന തുക, പുതിയ പാലങ്ങൾ, പുതിയ സ്റ്റേഷനുകളുടെ എണ്ണം എന്നിങ്ങനെ കെ റെയിൽ പദ്ധതി നടപ്പാക്കിയാൽ നേരിടുന്ന കനത്ത നഷ്ടങ്ങളും പ്രതിസന്ധികളും വ്യക്തമാക്കിയാണ് സന്ദീപ് വചസ്പതി താരതമ്യം ചെയ്യുന്നത്. ഇതിനെല്ലാം ഉപരി വന്ദേഭാരത് ട്രയിനിൽ സ്റ്റാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കണ്ണൂർ വരെ പോകാൻ ഏകദേശം 1800 രൂപയെ ചെലവ് വരൂ... ഇനി പറയൂ. വന്ദേ ഭാരത് വേണോ കെ റെയിൽ വേണോ എന്നും സന്ദീപ് വചസ്പതി ചോദിക്കുന്നു.
വികെ സനോജിന്റെ കുറിപ്പ്
വന്ദേ ഭാരത് ട്രെയിൻ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളം. തൊട്ടയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ് നാടിലും വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മൾ ചർച്ച ചെയ്തതാണ്.
കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്.
കേരളം ഇന്ത്യയുടെ ഭാഗമാണ്.
കേരളത്തിൽ വന്ദേ ഭാരതോ തതുല്യമായ മറ്റേത് ആധുനിക ട്രെയിനികളും ലഭിക്കുന്നത് സന്തോഷകരമായിരിക്കുമ്പോൾ തന്നെ കേരളത്തിന്റെ റെയിൽ യാത്രാ ദുരിതത്തിന് അത് പരിഹാരമാകില്ലെന്നതാണ് യാഥാർഥ്യം. കേരളത്തിലെ നിലവിലെ വളഞ്ഞ പാതയിൽ കൂടി കൂടിയ വേഗതയിൽ ട്രെയിൻ ഓടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽ വേ തന്നെ വ്യക്തമാക്കിയ കാര്യമാണ്. പാതയിലെ വളവ് നിവർത്തുക എന്നത് കേരളത്തിന്റെ ഭൗമ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് കൂടിയിരിക്കെ മറ്റൊരു സാമാന്തര റെയിൽ ശൃംഗല വരുന്നത് വരെ ഈ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ഏത് ട്രെയിനുകൾക്കും കുറഞ്ഞ വേഗതയിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്നതാണ് സത്യം. ഫലത്തിൽ മെച്ചപ്പെട്ട യാത്രാ സുഖത്തിൽ എന്നാൽ വലിയ സമയ ലാഭമുണ്ടാക്കാത്ത യാത്ര തന്നെയാണ് വന്ദേ ഭാരതിലും ലഭ്യമാകുക.
വന്ദേ ഭാരത്
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 km
2138 രൂപ സമയം8hr.
നിർദ്ദിഷ്ട കെ റെയിൽ
1325 രൂപ
സമയം 3 hr
കണ്ണൂർ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപ
സമയം 1 hr.
എന്നാൽ കാലങ്ങളായി അവഗണന നേരിടുന്ന കേരളത്തിലെ റെയിൽ വേയ്ക്ക് മരുഭൂമിയിൽ പെയ്യുന്ന മഴ പോലെയാണ് ഒരു പുതിയ ട്രെയിൻ ലഭിക്കുന്നത്. ബിജെപി ഗവണ്മെന്റ് റെയിൽവേ
ബജറ്റ് കൂടി നിർത്തലാക്കിയ ശേഷം കേരളം സമ്പൂർണ്ണമായും റെയിൽവേ ഭൂപടത്തിന് വെളിയിലായിരുന്നു. അങ്ങനെയുള്ള അവസരത്തിൽ ഒന്നിലധികം വന്ദേ ഭാരത് ട്രെയിനുകൾ എന്നത് കേരളത്തിന്റെ അവകാശമാണ്.
അതിനെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാൻ ശ്രമിക്കുന്ന അല്പത്തരം തുറന്ന് കാട്ടുക തന്നെ ചെയ്യും. അതേ സമയം കേരളത്തിലെ റെയിൽ യാത്രാ ദുരിതത്തിന് വന്ദേ ഭാരത് ട്രെയിനുകൾ ഒരു പരിഹാരവുമല്ല.
സന്ദീപ് വചസ്പതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
മറുനാടന് മലയാളി ബ്യൂറോ