- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേ ഭാരത് 'നോട് 'വരണ്ടേ ഭാരത്' എന്നു പറയാതെ 'വരട്ടെ ഭാരത്'; പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നിൽക്കുമ്പോൾ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് ...അങ്ങിനെ വലിക്കുന്ന ചങ്ങലയിൽ കുരുങ്ങി നിൽക്കുക മോദിയല്ല; വന്ദേഭാരതിനെ കുറിച്ച് കവിതയെഴുതി പന്ന്യൻ രവീന്ദ്രന്റെ മകൻ; പങ്കുവച്ച് സുരേന്ദ്രൻ
തിരുവനന്തപുരം: വന്ദേ ഭാരത് തീവണ്ടി ഇന്ന് മുതൽ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക ഷെഡ്യൂൾ അടുത്ത ദിവസങ്ങളിൽ തുടങ്ങുകയും ചെയ്യും. ഇതിനിടെ ഈ ട്രെയിൻ സർവീസിനെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങളും കേരളത്തിൽ മുറുകുന്നുണ്ട്. വന്ദേ ഭാരത് വന്നാലും കേരളം കെ റെയിലിന് വേണ്ടി ശ്രമിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. ഇതിന് കെ സുരേന്ദ്രൻ മറുപടിയുമായെത്തി. ഇതിനിടെയാണ് വന്ദേഭാരത് ട്രെയിനിനെ കുറിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ കവിത എഴുതിയത്. ഈ കവിത പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രരും രംഗത്തുവന്നു.
വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തിയും കെറെയിൽ പദ്ധതിയെ വിമർശിച്ച് കൊണ്ടുമാണ് അഭിഭാഷകൻ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത. വന്ദേ ഭാരത്. വരട്ടെ ഭാരത് എന്ന പേരിലാണ് കവിത. കെറെയിൽ കേരളത്തെ വെട്ടിമുറിക്കുമ്പോൾ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയണമെന്ന് രൂപേഷ് കവിതയിൽ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ 'അപ്പം' പരാമർശത്തെയും രൂപേഷ് പരിഹസിക്കുന്നുണ്ട്.
രൂപേഷിന്റെ കവിത ഇങ്ങനെ:
'വന്ദേ ഭാരത് 'നോട് 'വരണ്ടേ ഭാരത് ' എന്നു പറയാതെ 'വരട്ടെ ഭാരത് ' എന്നു പറയാത്തവർ മലയാളികളല്ല.... വന്ദേ ഭാരതിന് മോദി കൊടിയുയർത്തിയാലും...ഇടതുപക്ഷം വെടിയുതിർത്താലും...വലതുപക്ഷം വാതോരാതെ സംസാരിച്ചാലും...പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയിൽ പോയി അപ്പം വിൽക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല ...കെ. റെയിൽ കേരളത്തെ കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ...വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ.
ശ്രുതി തെറ്റുന്ന പാട്ട് പാളം തെറ്റിയ തീവണ്ടി പോലെയാണ് ....പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നിൽക്കുമ്പോൾ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് ...അങ്ങിനെ വലിക്കുന്ന ചങ്ങലയിൽ കുരുങ്ങി നിൽക്കുക മോദിയല്ല..... വലിക്കുന്നവർ തന്നെയാകും ...വൈകി വന്ന വന്ദേ ഭാരതിനെ വരാനെന്തെ വൈകി എന്ന പരിഭവത്തോടെ...വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴെ...
അത്യാവശ്യത്തിന് ചീറി പായാനായി വീട്ടിലൊരു 'ഉസൈൻ ബോൾട്ട് ' കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ......വന്ദേ ഭാരത്...
അതേസമയം കഴിഞ്ഞ ദിവസം സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നിരുന്നു. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വന്ദേഭാരത് എക്സ്‌പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോൺഗ്രസും ദുഃഖിക്കുകയുമാണ് ചെയ്തത്. കമ്മീഷൻ അടിക്കാൻ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിനും വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ട് വാരാൻ മാത്രം ഉദ്ദേശിച്ചാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ല. വന്ദേഭാരത് സംസ്ഥാനത്തിന് കേന്ദ്രം നൽകില്ലെന്നായിരുന്നു പിണറായി വിജയൻ ഇതുവരെ പറഞ്ഞത്. വന്ദേഭാരത് യാഥാർത്ഥ്യമായപ്പോൾ അത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ഇതുപോലത്തെ രാഷ്ട്രീയ അടിമകൾ ലോകത്ത് വേറെവിടെയും കാണില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വന്ദേഭാരത് ആത്മനിർഭർ ഭാരതിന്റെ ഭാഗമാണ്. ഇത് പൂർണമായും ഭാരതത്തിൽ നിർമ്മിച്ചതാണ്. അല്ലാതെ സിൽവർലൈൻ പോലെ ജപ്പാനിലെ രണ്ടാംകിട സാമഗ്രികളല്ല. ജപ്പാനിൽ നിന്നും സിൽവർലൈനു വേണ്ടി സാധനങ്ങൾ കേരളത്തിൽ എത്തിക്കുന്നതിലൂടെ വലിയ അഴിമതിയായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതാണ് കേന്ദ്രത്തിന്റെ എതിർപ്പുകാരണം മുടങ്ങിയത്. സിൽവർലൈനിനു വേണ്ടി ഇതുവരെ സർക്കാർ പൊടിച്ച 67 കോടി രൂപയുടെ നഷ്ടത്തിന് ജനങ്ങളോട് മാപ്പു പറയുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കെ റെയിൽ പദ്ധതി ഇന്നല്ലെങ്കിൽ നാളെ നടപ്പിലാകുമെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. പദ്ധതി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വന്ദേഭാരത്, കെ റെയിൽ പദ്ധതിക്ക് ബദൽ അല്ലെന്നും ഗോവിന്ദൻ പറഞ്ഞു. കെ-റെയിൽ വന്നാൽ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റും. അപ്പവുമായി കുടുംബശ്രീക്കാർക്ക് കെ റെയിലിൽ എളുപ്പം പോകാൻ സാധിക്കും. വന്ദേഭാരതിൽ പോയാൽ അപ്പം ചീത്തയാകുമെന്നും ഗോവിന്ദൻ പറഞ്ഞു. അപ്പവുമായി ബന്ധപ്പെട്ട ട്രോളുകൾക്കിടെയാണ് ഗോവിന്ദന്റെ പുതിയ പ്രഖ്യാപനം. വന്ദേഭാരതിന്റെ വേഗക്കുറവ് ചർച്ചയാക്കാനാണ് സിപിഎം തീരുമാനം.
മറുനാടന്‍ മലയാളി ബ്യൂറോ