- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ ഷൊർണൂർ ജഗ്ഷ്‌നിൽ നിർത്തി, തിരൂരിലേക്ക് പോകുമ്പോൾ, ഒരു പോസ്റ്ററും ഇല്ല; ആരോ പോസ്റ്റർ വച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയാണ്; വന്ദേഭാരതിന്റെ കന്നിയാത്രയിൽ തന്റെ പോസ്റ്റർ പതിച്ചുവെന്നത് കുപ്രചാരണമെന്ന് വി കെ ശ്രീകണ്ഠൻ എംപി; വിവാദം കടുക്കുന്നു
പാലക്കാട്: വന്ദേഭാരത് ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ, വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒരുവിഭാഗം പ്രവർത്തകർ ചില്ലുജനാലയിൽ പതിച്ചത് വിവാദമായിരിക്കുകയാണ്. കന്നിയാത്രയിലെ ഈ പോസ്റ്റർ ഒട്ടിക്കലിനെ പഴിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, തനിക്കെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നാണ് ശ്രീകണ്ഠന്റെ പ്രതികരണം.
വന്ദേഭാരതിന് കൂടുതൽ സ്‌റ്റോപ്പുകൾക്കായി മുറവിളികൾ ആദ്യം തന്നെ ഉയർന്നിരുന്നു. ശബരിമല തീർത്ഥാടകരുടെ മീറ്റിങ് പോയിന്ററായ ചെങ്ങന്നൂരും, കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷനായ ഷൊർണൂരും, മലപ്പുറത്തെ തിരൂരും സ്റ്റോപ്പ് വേണമെന്നായിരുന്നു എംപിമാർ അടക്കം ജനപ്രതിനിധികളുടെ ആവശ്യം. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വന്ദേഭാരത് ട്രെയിൻ തടയുമെന്ന് വി കെ ശ്രീകണ്ഠൻ എംപി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വന്ദേഭാരത് സമയക്രമം വന്നപ്പോൾ ഷൊർണൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു. തിരൂരിനും ചെങ്ങന്നൂരിനും കിട്ടിയില്ല. ഷൊർണൂർ സ്റ്റോപ്പ് അനുവദിച്ചത് പാലക്കാട് എംപിയുടെ ശ്രമഫലമായാണ് എന്നാണ് അവകാശവാദം. വന്ദഭാരതിന്റെ കന്നിയാത്രയിൽ ട്രെയിനിന്റെ ചില്ലുജനാലകളിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയിരിക്കുകയാണ് അനുയായികൾ എന്നാണ് ആരോപണം.
എന്നാൽ, ഇത് തനിക്ക് എതിരെയുള്ള കുപ്രചാരണം ആണെന്ന് പാലക്കാട് എംപി പറയുന്നു:
വി കെ ശ്രീകണ്ഠന്റെ വാക്കുകൾ
ബിജെപി സ്വന്തം പാർട്ടിയുടെ ജാള്യത മറയ്ക്കാൻ എനിക്കെതിരെ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. വന്ദേഭാരത് ട്രെയിനിൽ എല്ലാ കോച്ചിലും എന്റെ ഫോട്ടോ പതിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. നൂറുശതമാനം അസത്യമായ കാര്യമാണ്. കാരണം ഞാനുണ്ടായിരുന്നു. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉണ്ടായിരുന്നു, പൊലീസുണ്ട്, ഇന്റലിജൻസുണ്ട്, ആർപിഎഫുണ്ട്...അവരെയൊക്കെ മറികടന്നിട്ട് ആ ട്രെയിനിന്റെ മുകളിൽ പോസ്റ്റർ ഒട്ടിച്ചുവെന്ന് പറഞ്ഞാൽ തെറ്റായ പ്രചാരണമാണ്.
ഞാൻ അന്വേഷിച്ചു, സംഭവം എന്താന്ന്...ട്രെയിൻ വന്നു നിന്നപ്പോൾ, ഏതോ ആളുകൾ,ആരാന്ന് എനിക്കറിയില്ല, മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ, മഴ വെള്ളത്തിൽ, ഇത് ആ ട്രെയിനിന്റെ മുകളിൽ വച്ച് ഫോട്ടെയെടുത്തരിക്കുകയാണ്. എന്നിട്ട് മന: പൂർവമായിട്ട് ഞാൻ പറഞ്ഞിട്ട് അങ്ങനെ ഫോട്ടോ വയ്ക്കുമോ? അങ്ങനെ എന്റെ ഫോട്ടോ വയ്ക്കണമെന്നുണ്ടെങ്കിൽ, ട്രെയിൻ മുഴുവൻ വയ്ക്കില്ലേ...ആയിരത്തിലധികം പ്രവർത്തകർ ഉണ്ടായിരുന്നല്ലോ..അങ്ങനെയൊരു ദുരുദ്ദേശ്യം ഞങ്ങൾക്കില്ല...ആരോ ഇത് മനഃപൂർവം ചെയ്തിരിക്കുകയാണ്, എന്റെ അറിവോ സമ്മതമോ ഇല്ല. ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. മറ്റൊരു കാര്യം പറയാം, എന്റെ കൈയിൽ ഒരു വീഡിയോ ഉണ്ട്. ട്രെയിൻ ഷൊർണൂർ ജഗ്ഷ്‌നിൽ നിർത്തി, തിരൂരിലേക്ക് പോകുമ്പോൾ, അതിന്റെ മേലേ ഒരു പോസ്റ്ററും ഇല്ല. ആരോ ഇതിന്റെ മുകളിൽ പോസ്റ്റർ വച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയാണ്. പൊതുമുതൽ നശിപ്പിക്കുന്നതിന് ഞാൻ കൂട്ടുനിൽക്കില്ല.ഷൊർണൂർ സ്റ്റേഷനിൽ വച്ച് ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ല.അതിന്റെ മുകളിൽ വച്ച് ആരെങ്കിലും ഫോ്‌ട്ടോ എടുത്തിട്ടുണ്ടെങ്കിൽ അതാരാണെന്നെ് കണ്ടുപിടിക്കണം.
അതേസമയം, ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനിനു നൽകിയ സ്വീകരണത്തിനിടെയാണ് പ്രവർത്തകർ ബോഗിയിലെ ഗ്ലാസിൽ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റർ പതിപ്പിച്ചത്. പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥർ പോസ്റ്റർ കീറിക്കളഞ്ഞു. പോസ്റ്റർ പതിപ്പിച്ച ആളും ആർപിഎഫ് ഉദ്യോഗസ്ഥനും തമ്മിലാണ് തർക്കമുണ്ടാകുകയും ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനെ കുറിച്ച് സോഷ്യൽ മീഡയയിൽ കോൺഗ്രസ് അനുഭാവികളുടെ വിശദീകരണം ഇങ്ങനെ:
ശ്രീകണ്ഠനെയും പ്രവർത്തകരേയും തെറിവിളിക്കും മുമ്പ് ഒരു നിമിഷം-
വന്ദേഭാരത്- പോസ്റ്റർ വിവാദം സത്യാവസ്ഥ:
വന്ദേഭാരതിൽ പോസ്റ്ററൊട്ടിച്ച കോൺഗ്രസ്സ് പ്രവർത്തകരെ തെറിവിളിക്കാൻ പതിവുപോലെ കോൺഗ്രസ്സ്‌കാർ തന്നെയാണ് മുന്നിൽ. ഒപ്പം എന്താണ് സംഭവം എന്നറിയാതെ കലിതുള്ളുന്ന ന്യൂട്രൽ ടീമും, എതിരാളികളും.
ഷൊർണ്ണൂർ പോലെ ഒരു ജംഗ്ഷനിൽ സ്റ്റോപ്പ് ആദ്യമേ അനുവദിക്കാഞ്ഞത് തന്നെ മോശമാണ്, ബഹു. ഷൊർണൂർ എംപി നേരിട്ട് ഇടപെട്ട് തന്നെയാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. അതിന്റെ ആഹ്‌ളാദമെന്നോണം, പ്രവർത്തകർ അവിടെ പ്‌ളക്കാർഡ്ഡുകൾ പിടിച്ച് ഒത്തുകൂടി. ആ സമയത്ത് തന്നെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കൈയിലെ പോസ്റ്ററുകൾ നനഞ്ഞു. ട്രെയിനിലെ ഗ്‌ളാസ്സിലെ നനവും കൂടെ ആയപ്പോൾ ചുമ്മാ കൈയിലുള്ള പോസ്റ്റർ ചിലർ ഗ്‌ളാസ്സിൽ വെച്ചു എന്നതാണ്. അല്ലാതെ പശകൊണ്ടുവന്ന് ഒട്ടിച്ചതോ, സ്റ്റിക്കറാക്കി ഒട്ടിക്കാൻ കൊണ്ടുവന്നതോ അല്ല. അത് ട്രെയിൻ ഓടിതുടങ്ങിയാൽ കാറ്റത്ത് തന്നെ വീഴും. ( ഒരു വീഡിയോ താഴെ ചേർക്കുന്നു) . ഇതാണ് സത്യാവസ്ഥ. ഇനി തെറിവിളി തുടങ്ങിക്കോളൂ...!
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ജങ്ഷനാണ് ഷൊർണൂർ. പാലക്കാട് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാൻ കഴിയുന്ന ഏക സ്റ്റേഷനും ഷൊർണൂരാണ്. ഇവിടെ സ്റ്റോപ്പ് അനുവദിക്കാൻ സാങ്കേതികമായ തടസ്സങ്ങളില്ലായിരുന്നു. മൂന്ന് ജില്ലയിലെ ജനങ്ങൾക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊർണൂർ ജങ്ഷൻ. സ്റ്റോപ്പ് അനുവദിക്കുന്നതിന് അനുകൂലമായ ഫീസിബിലിറ്റി റിപ്പോർട്ടാണ് റെയിൽവേക്ക് കിട്ടിയത്.
ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് നല്ല കാര്യമെങ്കിലും, അതൊരുകൂട്ടായ ആവശ്യത്തിന്റെ ഫലമായാണ്. ഇത്ര സുന്ദരമായി നിർമ്മിച്ചെടുത്ത ട്രെയിൻ ചുമരുകളിൽ പോസ്റ്റർ പതിച്ച് പതിവ് മട്ടിൽ വൃത്തികേടാക്കുന്നതിലെ ഔചിത്യക്കുറവാണ് സോഷ്യൽമീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.
വന്ദേഭാരത് എന്താ..എംപിയുടെ തറവാട്ടുസ്വത്താണോ.അത് അൽപ്പത്തരമായി പോയി എന്നിങ്ങനെയാണ് കമന്റുകൾ.
മറുനാടന് മലയാളി ബ്യൂറോ