- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാധുനിക ട്രെയിൻ നിർമ്മിച്ചിട്ടും വേഗത്തിലോടാൻ ട്രാക്കില്ല! വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം 83 കിലോമീറ്റർ മാത്രം; അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡ് പോലും കിട്ടുന്നില്ല; കേരളത്തിൽ അടക്കം വില്ലനാകുന്നത് വളവുകളും പഴക്കം ചെന്ന ട്രാക്കുകളും; ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വേഗം കൂടാൻ അനിവാര്യം
ന്യൂഡൽഹി: രണ്ട് വർഷം മുമ്പാണ് ആശിച്ചു മോഹിച്ചു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രാലയം പുറത്തിറക്കിയത്. എന്നാൽ, വർഷം ഇത്രയായിട്ടും ഈ ആധുനിക ട്രെയിനുകൾക്ക് അതിന് അനുവദിക്കപ്പെട്ട ഫുൾ വേഗതയിൽ കുതിച്ചുപായാൻ സാധിച്ചിട്ടില്ല. വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം ഇപ്പോൾ മണിക്കൂറിൽ 83 കീലോമീറ്റർ മാത്രമാണ്. ഇക്കാര്യം റെയിൽവേ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടു 2 വർഷമായെങ്കിലും ട്രാക്കുകളുടെ അപര്യാപ്തത കാരണം അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡിൽപോലും ഓടാനാകുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കി. 180 കിലോമീറ്റർ വരെ സ്പീഡിൽ ഓടാവുന്ന വിധത്തിലാണ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഡൽഹിവാരാണസി ട്രെയിനിന്റേതാണ് നിലവിൽ കൂടിയ വേഗം. മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശപ്രവർത്തകൻ നൽകിയ ചോദ്യത്തിനാണു റെയിൽവേയുടെ മറുപടി.
2021-22 ൽ 84.48 കിലോമീറ്ററും 202-223 ൽ 81.38 കിലോമീറ്ററുമായിരുന്നു വന്ദേഭാരതിന്റെ ശരാശരി വേഗം. കൂടിയ വേഗം ലഭിക്കാൻ ട്രാക്ക് നവീകരണം നടത്തുന്നുണ്ട്. രാജധാനി, ശതാബ്ദി എക്സ്‌പ്രസുകളെക്കാൾ മികച്ചതാണ് വന്ദേഭാരതിന്റെ ശരാശരി വേഗമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. തുഗ്ലക്കാബാദ് ആഗ്ര കന്റോൺമെന്റ് സെക്ഷനിൽ 160 കിലോമീറ്റർ സ്പീഡിൽ വരെ വന്ദേഭാരത് ഓടിക്കാനാവുന്നുണ്ട്.
മുംബൈ-ഷിർദി വന്ദേഭാരത് എക്സ്‌പ്രസ് സർവീസിനു മണിക്കൂറിൽ 64 കിലോമീറ്റർ മാത്രമാണു വേഗമെങ്കിൽ ന്യൂഡൽഹി-വാരണസി സർവീസ് 95 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. റാണി കമലാപതി (ഹബീബ്ഗഞ്ച്) ഹസ്രത് നിസാമൂദീൻ സർവീസ് 94 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്.
വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വൈകാതെ വരുമെന്ന് റെയിൽവേ അധികൃതർ മറുപടിയിൽ വ്യക്തമാക്കി വന്ദേഭാരത് മെട്രോ ട്രെയിനുകൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായി ബജറ്റ് വിശദീകരണവേളയിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വന്ദേഭാരതിന്റെ പുതിയ മോഡൽ 200 കിലോമീറ്റർ വരെ സ്പീഡിൽ ഓടാവുന്ന വിധത്തിലാകും നിർമ്മിക്കുന്നത്.
കേരളത്തിൽ അടക്കം വന്ദേ ഭാരത് ട്രെയിനിന് വേഗത കുറവാണെന്നാണ് ട്രയൽ റണിൽ നിന്നും വ്യക്തമായ കാര്യം. നിലവിൽ ഈ റൂട്ടിലുള്ള മറ്റു ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ 25 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ മാത്രമാണ് ലാഭിക്കാൻ കഴിയുക. ടിക്കറ്റ് നിരക്കാകട്ടെ നിലവിലുള്ള എ.സി ട്രെയിനുകളേക്കാൾ ഇരട്ടിയിലേറെ നൽകുകയും വേണം. ജനശതാബ്ദി സെക്കൻഡ് സിറ്റിങ്ങിനെ അപേക്ഷിച്ച് ആറിരട്ടിയിലേറെയാണ് നിരക്ക്.
നിലവിൽ ലഭ്യമായ വിവരമനുസരിച്ച് ഈ റൂട്ടിൽ മണിക്കൂറിൽ ശരാശരി 66.66 കിലോമീറ്റർ വേഗതയിലാണ് വന്ദേ ഭാരത് സഞ്ചരിക്കുക. അതായത് പ്രഖ്യാപിത വേതയുടെ പകുതി പോലും ട്രെയിൻ കൈവരിക്കില്ല. വർഷങ്ങളായി രാജധാനി എക്സ്‌പ്രസ് ഈ റൂട്ടിൽ മണിക്കൂറിൽ 62.5 കി.മീ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ്, അഡ്വാൻസ്ഡ് സെമി-സ്പീഡ് ട്രെയിൻ എന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന വന്ദേ ഭാരത് ഇതിനോടടുത്ത വേഗതയിൽ മാത്രം സഞ്ചരിക്കുന്നത്.
നിലവിലുള്ള രാജധാനി എക്സ്‌പ്രസാവട്ടെ, 7.57 മിനുട്ട് കൊണ്ട് ഈ ദൂരം പിന്നിടുന്നുണ്ട്. ഗരീബ് രഥ് എക്സ്‌പ്രസ് 8.42 മണിക്കൂറും കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ് 9.35 മണിക്കൂറുമാണ് ഈ ദൂരം പിന്നിടാൻ എടുക്കുന്ന സമയം. ജനശതാബ്ദിയിൽ കണ്ണൂർ -തിരുവനന്തപുരം യാത്രക്ക് സെക്കൻഡ് സിറ്റിങ്ങിന് 220 രൂപയും എ.സി ചെയർ കാറിന് 755 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, വന്ദേഭാരതിൽ ശരാശരി 1300 രൂപയും (എ.സി ചെയർ കാർ) 2400 രൂപയും (എക്‌സിക്യൂട്ടീവ് ചെയർ കാർ) നൽകേണ്ടി വരും.
കേരളത്തിൽ തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ റെയിൽ പാതയിലുള്ള 626 വളവുകളാണ് വേഗത കുറയാനുള്ള പ്രധാന കാരണം. കൂടാതെ കാലപ്പഴക്കം ചെന്ന പാലങ്ങളും വില്ലനാണ്. ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനവും വേഗത കൈവരിക്കാൻ അനിവാര്യമാണ്. മൊത്തം പാതയുടെ 36 ശതമാനവും വളവുകളാണ്. വളവുകൾ നിവർത്താനും വേഗം വർധിപ്പിക്കാനും ദക്ഷിണ റെയിൽവേ നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയിട്ടില്ല. എറണാകുളം -ഷൊർണൂർ സെക്ഷനിൽ 80 കിലോമീറ്ററിലേ ഓടൂ. തിരുവനന്തപുരം-എറണാകുളം കായംകുളം വഴി 100 കിലോമീറ്ററും കോട്ടയം വഴി 90 കിലോമീറ്ററും ആകും വേഗം. ഷൊർണൂർ-കണ്ണൂർ പാതയിൽ മാത്രമാണ് 110 കിലോമീറ്റർ വേഗത്തിലെങ്കിലും ഓടുക.
രാജ്യത്ത് സർവിസ് ആരംഭിച്ച ആദ്യ 10 വന്ദേ ഭാരത് എക്സ്പ്രസുകൾ:
ന്യൂഡൽഹി-വാരണാസി ജംഗ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്
ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത് എക്സ്പ്രസ്
മുംബൈ സെൻട്രൽ-ഗാന്ധിനഗർ തലസ്ഥാനമായ വന്ദേ ഭാരത് എക്സ്പ്രസ്
ന്യൂഡൽഹി-അംബ് അന്ദൗര വന്ദേ ഭാരത് എക്സ്പ്രസ്
എംജിആർ-ചെന്നൈ സെൻട്രൽ-മൈസൂരു ജംഗ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്
ബിലാസ്പൂർ ജംഗ്ഷൻ-നാഗ്പൂർ ജംഗ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്
ഹൗറ ജംഗ്ഷൻ-പുതിയ ജൽപായ്ഗുരി ജംഗ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്
വിശാഖപട്ടണം ജംഗ്ഷൻ-സെക്കന്തരാബാദ് ജംഗ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസ്
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്-സായ്നഗർ ഷിർദി വന്ദേ ഭാരത് എക്സ്പ്രസ്
മറുനാടന്‍ ഡെസ്‌ക്