- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരതിന് പ്രധാനമന്ത്രി പച്ചക്കൊടി വീശുന്നത് 25 ന് രാവിലെ 10.30 ന്; സുരക്ഷാ കാരണങ്ങളാൽ നരേന്ദ്ര മോദി ട്രെയിനിൽ സഞ്ചരിക്കില്ല; നേമം കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനവും ഒപ്പം; ഉദ്ഘാടന നാളിൽ കൂടുതൽ സ്റ്റോപ്പുകൾ; യാത്രക്കാരുമായി കന്നിയാത്ര 26 ന് കാസർകോട്ട് നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം-സെൻട്രൽ -കാസർകോഡ് വന്ദേഭാരത് എക്‌സപ്രസിന്റെ ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങൾ ദക്ഷിണ റെയിൽവെ പുറത്തുവിട്ടപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിൽ സഞ്ചരിക്കില്ലെന്ന് വ്യക്തമായി. സുരക്ഷാകാരണങ്ങളാലാണ് ഇതെന്നാണ് സൂചന. 25 രാവിലെ 10.30 നാണ് പ്രധാനമന്ത്രി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് വന്ദേഭാരതിൽ സഞ്ചരിക്കാൻ അനുവാദമുള്ളത്. കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ചു.ഉദ്ഘാടന യാത്രയിൽ ട്രെയിൻ 14 സ്റ്റേഷനുകളിൽ സ്വീകരണം ഏറ്റുവാങ്ങും. എല്ലാ പ്രധാന സ്ഥലങ്ങൾക്കും പങ്കാളിത്തം ലഭിക്കാനാണ് ഉദ്ഘാടനദിവസം അധിക സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് റെയിൽവേ അറിയിച്ചു.
25ന് 10.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ട്രെയിൻ പുറപ്പെടും. 11.29ന് കൊല്ലത്തെത്തും. 2 മിനിറ്റിനുശേഷം കൊല്ലത്തുനിന്ന് പുറപ്പെടും. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിലുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റാണ് ട്രെയിൻ നിർത്തുക. രാത്രി 9.15ന് ട്രെയിൻ കാസർകോട് എത്തും. 16 കോച്ചുകളാണ് ട്രെയിനിന് ഉള്ളത്.
കനത്ത സുരക്ഷ
തമ്പാനൂർ, എംജി റോഡ്, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. ഉദ്ഘാടന വേദിക്ക് എതിർവശത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടന സമയത്ത് അര മണിക്കൂർ പ്രവർത്തിക്കില്ല. ബസ് സർവീസുകൾ വികാസ് ഭവൻ സ്റ്റാൻഡിൽനിന്ന് നടത്തും. തമ്പാനൂർ ഷോപ്പിങ് കോംപ്ലക്‌സിലെ ഓഫിസുകളും കടകളും 11 മണിക്ക് ശേഷമേ പ്രവർത്തിക്കൂ
കന്നിയാത്ര
26 ന് കാസർകോട്ടുനിന്നാണ് യാത്രക്കാരുമായുള്ള വന്ദേഭാരതിന്റെ കന്നിയാത്ര. അടുത്ത ബുധനാഴ്ച ഉച്ചക്ക് 2.30ന് കാസർകോട്ടുനിന്ന് തിരിക്കുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. 8.5 മണിക്കൂറാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന കാസർഗോഡ്-തിരുവനന്തപുരം യാത്രാ സമയം.
ഷൊർണൂരിൽ സ്‌റ്റോപ്പ്
വന്ദേഭാരതിന് ചെങ്ങന്നൂരും, ഷൊർണരും സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു എംപിമാർ അടക്കം ജനപ്രതിനിധികളുടെ ആവശ്യം. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വന്ദേഭാരത് ട്രെയിൻ തടയുമെന്ന് വരെ വി കെ ശ്രീകണ്ഠൻ എംപിയുടെ മുന്നറിയിപ്പ് എത്തി. എന്തായാലും ടൈംടേബിൾ തയ്യാറായപ്പോൾ, വന്ദേഭാരതിന് ഷൊർണൂരിലും സ്‌റ്റോപ്പ് അനുവദിച്ചു.
വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരും, ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഉൾപ്പെടെ ആശ്രയിക്കാൻ കഴിയുന്ന പ്രധാന റെയിൽവേ സ്റ്റേഷൻ എന്ന നിലയിലാണ് ചെങ്ങന്നൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനാണ് ഷൊർണൂർ.
ടൈം ടേബിൾ
തിരുവനന്തപുരംകാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634)
തിരുവനന്തപുരം 5.20
കൊല്ലം 6.07 / 6.09
കോട്ടയം 7.25 / 7.27
എറണാകുളം ടൗൺ 8.17 / 8.20
തൃശൂർ 9.22 / 9.24
ഷൊർണൂർ 10.02/ 10.04
കോഴിക്കോട് 11.03 / 11.05
കണ്ണൂർ 12.03/ 12.05
കാസർകോട് 1.25
കാസർകോട് തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633)
കാസർകോട്-2.30
കണ്ണൂർ 3.28 / 3.30
കോഴിക്കോട് 4.28/ 4.30
ഷൊർണൂർ 5.28/5.30
തൃശൂർ 6.03 / 6..05
എറണാകുളം 7.05 / 7.08
കോട്ടയം 8.00 / 8.02
കൊല്ലം 9.18 / 9.20
തിരുവനന്തപുരം 10.35
മറുനാടന് മലയാളി ബ്യൂറോ