- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വിഷു കൈനീട്ടം! മോദിക്ക് ഒരായിരം നന്ദി... താങ്ക്‌സ് വിളികൾ...; ആദ്യം തീവണ്ടിയെത്തിയത് വന്ദേഭാരത് സർവ്വീസില്ലാത്ത പാലക്കാട്! മലയാളിയുടെ വികസന സങ്കൽപ്പങ്ങൾക്ക് പുതുമുഖം നൽകാനുള്ള തീവണ്ടിയെ മാലയിട്ടും ആർപ്പു വിളികളോടെയും സ്വീകരിച്ച് പാലക്കാട്ടുകാർ; ആ ഹൈട്ക് തീവണ്ടിക്ക് കേരളത്തിൽ; പാലക്കാട്ടേക്കുള്ള സർവ്വീസും പരിഗണനയിൽ
പാലക്കാട്: മോദിയുടെ വിഷു കൈനീട്ടം! മോദിക്ക് ഒരായിരം നന്ദി... താങ്ക്‌സ് വിളികൾ... അങ്ങനെ കേരളത്തിൽ ആദ്യമായി വന്ദേഭാരത് തീവണ്ടി എത്തി. ചെന്നൈയിൽ നിന്നും സർവ്വീസിനായി കൊണ്ടു വന്ന തീവണ്ടി പാലക്കാട് അൽപ്പസമയം നിറുത്തി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ഈ വണ്ടി സർവ്വീസ് നടത്തുക. 22ന് ട്രയൽ റൺ. 25ന് പ്രധാനമന്ത്രി മോദി ആദ്യ സർവ്വീസും നടത്തും. പാലകാട്ടേക്ക് വന്ദേഭാരത് സർവ്വീസ് നടത്താത്തിൽ ചെറിയ നിരാശ അവിടുത്തുകാർക്കുണ്ട്. അപ്പോഴും പുതിയ തീവണ്ടിയെ ആഹ്ലാദാരവത്തോടെ അവരും സ്വാഗതം ചെയ്തു. അതിവേഗ യാത്രാ സ്വപ്‌നങ്ങൾ പാലക്കാടുകാരും പങ്കുവച്ചു.
കേരളത്തിന്റെ വികസനത്തിന് ഒപ്പമുണ്ടാകുമെന്ന സന്ദേശം നൽകലാണ് വന്ദേഭാരത്ത് തീവണ്ടിയിലൂടെ ബിജെപി. എന്ന് വന്ദേഭാരത്ത് കേരളത്തിൽ എത്തുമെന്നത് പോലും അതീവ രഹസ്യമാക്കി വച്ചു. കേരളാ സർക്കാരിനെ ഔദ്യോഗികമായി പോലും അറിയിച്ചില്ല. ബിജെപി രാഷ്ട്രയ നേട്ടത്തിനുള്ള ആദ്യ സാധ്യതയായി കാണുകയാണ് ഈ തീവണ്ടിയെ. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ബിജെപി സ്വീകരണം കേരളത്തിലുടനീളം ഈ തീവണ്ടിക്ക് കിട്ടും. നിലവിൽ കണ്ണൂരിലേക്കാണ് സർവ്വീസെങ്കിലും താമസിയാതെ പാലക്കാട്ടിനും വന്ദേഭാരത് കിട്ടിയേക്കും. ബിജെപിക്ക് ഏറെ രാഷ്ട്രീയ മോഹങ്ങളുള്ള മേഖലയാണ് പാലക്കാടും. അതുകൊണ്ട് കൂടിയാണ് പാലക്കാടിന് സാധ്യത കൂടുന്നത്.
രാവിലെ 11.40ഓടെയാണ് തീവണ്ടി പാലക്കാട് എത്തിയത്. മിനിറ്റുകൾ അവിടെ നിർത്തി. തീവണ്ടിക്കുള്ളിലേക്ക് ആരേയും കയറ്റിയില്ല. ആർപ്പുവിളികളും ജയ് വിളികളുമായി ബിജെപിക്കാർ ചുറ്റും കൂടി. മധുരവിതരണവും നടത്തി. സാധാരണക്കാരായ യാത്രക്കാരും പ്രതീക്ഷയോടെയാണ് തീവണ്ടിയെ കാണുന്നത്. എല്ലാവരും വന്ദേഭാരതിനെ സ്വാഗം ചെയ്യുന്നു. കാത്തിരുന്ന എക്സ്‌പ്രസ് തീവണ്ടിയാണ് കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്തും വലിയ സ്വീകരണവും പരിപാടിയും സംഘടിപ്പിക്കും. പൂമാലയിട്ടും തീവണ്ടിയെ സ്വീകരിച്ചു.
16 കോച്ചുകളുള്ള ട്രെയിനാണ് ഇത്. തുടക്കത്തിൽ ഒരു ട്രെയിനാകും സർവീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സർവീസ് പരിഗണിക്കുന്നത്. ഏപ്രിൽ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്ളാഗ് ഓഫ് പരിഗണിക്കുന്നത്. രാവിലെ 11.40-ഓടെ പാലക്കാട് എത്തിയ ട്രെയിന് ബിജെപി. പ്രവർത്തകർ സ്വീകരണം നൽകി.
രണ്ട് മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതിൽ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിൻ ഫ്ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്പത് സ്റ്റോപ്പുകളുള്ള സർവീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സർവീസിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ ഇവയിൽ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരം ഡിവിഷനാണ് സർവീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സർവീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്‌പ്രസുകൾ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. മണിക്കൂറിൽ 180 കിലോ മീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ഈ വേഗം സാധ്യമല്ല. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരതാണ് കേരളത്തിന് അനുവദിക്കപ്പെടുന്നത്.
മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുകൈനീട്ടമാണ് വന്ദേഭാരത് എന്ന് ബിജെപി വിശദീകരിക്കുന്നു. ഭാവിയിൽ കാസർകോട്ടേക്കോ മംഗലാപുരത്തേക്കോ സർവീസ് നീട്ടുന്ന കാര്യവും പരിഗണിക്കുമെന്നും ബിജെപി നേതാക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ