തിരുവനന്തപുരം: ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകൾ വന്ദേഭാരത് ട്രെയിൻ വന്നതോടെ തുലഞ്ഞെന്ന് സുരേഷ് ഗോപി. അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഐശ്വര്യം. ബാക്കി കാര്യങ്ങൾ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്ത് പറഞ്ഞു. കെ റെയിൽ ഇനി ഇല്ലെന്ന സൂചനയാണ് ബിജെപിയുടെ മുഖമായ നടൻ നൽകുന്നത്. ആരുടേയും സ്ഥലം അതിക്രമിച്ച് കയറാതെയാണ് വന്ദേഭാരത് വരുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

'ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകളങ്ങ് തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയൊരു ഐശ്വര്യം. അത്രേയുള്ളൂ' ഇതായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയതോടെ കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. അതിന്റെ തെളിവാണ് ഡിവൈഎഫ്ഐയുടെ പ്രതികരണമെന്നും നടൻ പറഞ്ഞു വയ്ക്കുന്നത്. വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് കേരളത്തിൽ എത്തിയതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്നും ഇതിന് രാഷ്ട്രീയ അജണ്ടയുണ്ടെന്നുമായിരുന്നു ഡിവൈഎഫ്ഐ പ്രതികരിച്ചത്. ഇതും ബിജെപി വലിയ തോതിൽ ചർച്ചയാക്കുന്നുണ്ട്.

അതിനിടെ കൊച്ചു വേളിയിൽ നിർത്തിയിട്ടുള്ള വന്ദേഭാരത് കോച്ചിനെ കാണാൻ നിരവധി പേർ എത്തുന്നു. ഓരോ റാക്കിനും ഓരോ സിആർപിഎഫ് ഭടന്റെ സുരക്ഷയുണ്ട്. ആരേയും റാക്കിന് അടുത്ത് എത്താൻ ്അനുവദിക്കാത്ത വിധം സുരക്ഷ കർശനമാക്കും. പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തുന്ന സാഹചര്യത്തിൽ കൂടിയാണ് അതിശക്തമായ നിരീക്ഷണം.

കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നുവെന്നതെന്നായിരുന്നു ഡിവൈഎഫ് ഐ ആരോപണം. ട്രെയിനിൽ യാത്രയ്ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യം നിലനിൽക്കുന്നു. ഇതിന് യാതൊരു പ്രാധാന്യവും കേന്ദ്രം നൽകുന്നില്ല. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സിൽവർലൈനിന് ബദലായി ട്രെയിൻ അനുവദിച്ചതിന് പിന്നൽ കേരളത്തോടുള്ള വിരോധരാഷ്ട്രീയമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

കേരളത്തിന് കേന്ദ്രസർക്കാർ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും സന്തോഷിക്കാമെന്ന് പരിഹസിച്ച് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവന. കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സിൽവർലൈൻ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. നാമമാത്രമായ തുക ചെലവഴിച്ച് വന്ദേഭാരത് എക്സ്‌പ്രസിലൂടെ കേരളത്തിലുള്ളവർ അതിവേഗം സഞ്ചരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, സിൽവർ ലൈൻ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ എം വിഗോവിന്ദൻ പറഞ്ഞ 'അപ്പക്കഥ' വൈറലായിരുന്നു. ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ടു വലിയ കുട്ടയിൽ അപ്പക്കൂട്ടം വിൽക്കാൻ കുടുംബശ്രീ അംഗങ്ങൾ ഒൻപതു മണിക്ക് പുറപ്പെട്ടാൽ വിൽപനയ്ക്കു ശേഷം 12 മണിക്ക് ട്രെയിൻ കയറി 1.30ന് തിരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാമെന്നായിരുന്നു ഗോവിന്ദന്റെ വാക്കുകൾ. ജനകീയ പ്രതിരോധ യാത്രയ്ക്ക് ചെറുതുരുത്തിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ഈ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കൃഷ്ണദാസിന്റെ പ്രതികരണം.