- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയൽറണ്ണിൽ അതിവേഗം കുതിച്ച് വന്ദേഭാരത് എക്സ്‌പ്രസ്; തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താൻ യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും; ട്രെയിനിന്റെ സമയക്രമം നിശ്ചയിക്കുക പരീക്ഷണ ഓട്ടത്തിനു ശേഷം; കോഴിക്കോട്ടെ സ്വീകരണത്തിനിടെ എം വി ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞ് അപ്പം വിതരണം
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്സ്‌പ്രസ് കണ്ണൂരിലെത്തിയത്.
കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയൽ റണ്ണിനിടെ ട്രെയിൻ നിർത്തിയത്. ട്രെയിൻ ഇനി തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്‌പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
യാത്ര പുറപ്പെട്ട് 50 മിനിറ്റുകൊണ്ട് കൊല്ലത്തെത്തിയ ട്രെയിൻ, 7.28ന് കോട്ടയത്തും 8.28-ന് എറണാകുളം നോർത്ത് സ്റ്റേഷനിലും എത്തി. തൃശൂരിൽ 9.37നും കോഴിക്കോട് 11.17നും എത്തി. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്. ഉച്ചയ്ക്കു ശേഷം 2.30ഓടെ തിരുവനന്തപുരത്തേക്ക് മടങ്ങും.
കൊച്ചുവേളി യാർഡിൽനിന്ന് പുലർച്ചെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിച്ചിരുന്നു. ഷൊർണൂരിൽ സ്റ്റോപ് ഇല്ലാത്തതിനാൽ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽനിന്ന് ട്രെയിനിൽ കയറി. കോട്ടയം വഴിയാണ് വന്ദേഭാരത് എക്സ്‌പ്രസിന്റെ ട്രയൽ റൺ. ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിനു ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക.
ആദ്യത്തെ പരീക്ഷണ ഓട്ടത്തിൽ തന്നെ ഏഴ് മണിക്കൂർ 10 മിനിറ്റിൽ ഓടിയെത്താനായി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും സ്റ്റോപ്പുകൾ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാൻ കഴിഞ്ഞേക്കും. ചുരുക്കത്തിൽ വന്ദേഭാരതിൽ ഏഴ് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം-കണ്ണൂർ യാത്ര സാധ്യമായേക്കും. വന്ദേഭാരത് എക്സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാൻ കഴിയുമെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്.
തിരുവനന്തപുരത്തുനിന്നും രാവിലെ 5.10-ന് പുറപ്പെട്ട ട്രെയിൻ രാവിലെ ആറിന് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് ട്രയൽറണ്ണിൽതിരുവനന്തപുരം - കൊല്ലം യാത്രയ്ക്ക് എടുത്തത്. 7.25-ന് കോട്ടയം റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. രണ്ടേകാൽ മണിക്കൂറാണ് ട്രയൽറണ്ണിൽ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം - കോട്ടയം യാത്രയ്ക്കെടുത്തത്.
കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച വന്ദേഭാരത് എക്സ്‌പ്രസ് 8.30ന് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെത്തി. കൃത്യം ഒരു മണിക്കൂറാണ് കോട്ടയം - എറണാകുളം യാത്രയ്‌ക്കെടുത്തത്. എറണാകുളം നോർത്ത് സ്റ്റേഷനിൽനിന്ന് പുതിയ രണ്ട് ലോക്കോ പൈലറ്റുമാർ കയറി. 9.37 ന് ട്രെയിൻ തൃശ്ശൂർ സ്റ്റേഷനിലെത്തി. ഒരുമിനിറ്റ് മാത്രം തൃശ്ശൂരിൽ നിർത്തിയ ട്രെയിൻ ഷൊർണൂരിലേക്ക് യാത്രതിരിച്ചു.4 മണിക്കൂർ20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താൻ എടുത്തത്.
തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ 10.46-ന് എത്തി. 10.49-ന് അവിടെനിന്ന് യാത്ര തുടർന്നു.തിരൂർ സ്റ്റേഷനിൽ ബിജെപി പ്രവർത്തകരും തിരൂർ ചേംബർ ഓഫ് കോമേഴ്‌സും വന്ദേഭാരത് എക്സ്‌പ്രസിന് സ്വീകരണം നൽകി. തീവണ്ടി 11.17 ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിൻ തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് എടുത്തത്. ട്രെയിൻ 12.20 ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തി.
വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ കോഴിക്കോട് സ്വീകരണം നൽകിയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ പരിഹസിച്ചായിരുന്നു ബിജെപി പ്രവർത്തകരുടെ വരവേൽപ്പ്. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്‌പ്രസിന് നൽകിയ സ്വീകരണത്തിനിടെ, ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു. വന്ദേഭാരത് എക്സ്‌പ്രസിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കം അപ്പം നൽകി സ്വീകരിച്ചു. എം വിഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം.
വന്ദേഭാരത് എക്സ്‌പ്രസിൽ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം നടത്തിയത്. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ബിജെപി പ്രവർത്തകർ വന്ദേഭാരത് എക്സ്‌പ്രസിനെ സ്വീകരിച്ചത്. ഇതിനിടെ, കേരളത്തിന് ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞും മുദ്രാവാക്യം ഉയർന്നു.
മുൻപ് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ എം വിഗോവിന്ദൻ പറഞ്ഞ 'അപ്പക്കഥ' വൈറലായിരുന്നു. വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു പിന്നാലെ ഗോവിന്ദനെ 'ട്രോളി' ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. എന്നാൽ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഗോവിന്ദൻ ഇന്നലെയും വിശദീകരിച്ചത്.
''അപ്പവുമായി കുടുംബശ്രീ യൂണിറ്റിന്റെ രണ്ട് അമ്മമാർ രാവിലെ പുറപ്പെടുന്നു. എന്നിട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂർ കൊണ്ട് എത്തുന്നു. അവിടെയെത്തി അപ്പവും വിറ്റ് നേരെ തിരിച്ചുപോരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ടു പോകുന്ന അവർക്ക് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിക്കാം. ഇതാണ് ഞാൻ പറഞ്ഞതിന്റെ അർഥം.' ഗോവിന്ദൻ ഇന്നലെ പറഞ്ഞത് ഇങ്ങനെ.
''ഇതൊക്കെ ജഡ്ജിക്കും ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും വക്കീലന്മാർക്കും മാത്രമേ പറ്റൂ എന്നാണ് നിങ്ങൾ ധരിച്ചുവച്ചത്. അവിടെ ബോധപൂർവം തന്നെയാണ് ഞാൻ കുടുംബശ്രീയെ ഉദാഹരിച്ചത്. അതിൽത്തന്നെ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. വന്ദേഭാരതിൽ കയറി അപ്പവുമായി പോയാൽ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ? അപ്പൊപ്പിന്നെ അപ്പമുണ്ടാകുമോ? അതോടെ അപ്പം പോയില്ലേ? കുടുംബശ്രീയുടെ അപ്പവുമായി കെ റെയിലിൽത്തന്നെ പോകും. അതിലേക്ക് എത്തിക്കാനാണ് ശ്രമം.' ഗോവിന്ദൻ പറഞ്ഞു. ഇതിനു പിന്നാലെയാണ് വന്ദേഭാരതിന് നൽകിയ സ്വീകരണത്തിനിടെ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം ചെയ്തത്.
മറുനാടന്‍ മലയാളി ബ്യൂറോ