തിരുവനന്തപുരം: വന്ദേഭാരത് കേരളത്തിൽ എത്തുമ്പോൾ സംസ്ഥാന സർക്കാരും പ്രതീക്ഷയിൽ തന്നെ. സംസ്ഥാനത്തെ വേഗമേറിയ ട്രെയിനുകളാണ് രാജധാനിയും ജനശതാബ്ദിയും. രാജധാനിക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ എട്ടു മണിക്കൂറും ജനശതാബ്ദിക്ക് 7.55 മണിക്കൂറും വേണം. വന്ദേഭാരത് എത്തുമ്പോൾ എത്ര സമയലാഭം ഉണ്ടാകുമെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. അതിന് അനുസരിച്ച് യാത്രാനിരക്കും ആകർഷകമാകണം. തീവണ്ടിയെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ ഈ നിലപാട് കേന്ദ്ര സർക്കാരിനെ കേരളം അറിയിക്കും.

ഫ്‌ളസി നിരക്ക് ബാധകമായതിനാൽ നിശ്ചിത സീറ്റിന് അപ്പുറം വലിയ നിരക്ക് കൊടുക്കേണ്ടിവരുമെന്നാണ് സൂചന. മൊത്തം സീറ്റിന്റെ അഞ്ചുശതമാനം തൽക്കാൽ സീറ്റാണ്. ഇത് 30 ശതമാനംവരെ ഉയർത്താൻ ദക്ഷിണ റെയിൽവേക്ക് അനുമതിയുണ്ട്. കുട്ടികൾക്കും മുതിർന്ന ആളുടെ ചാർജ് ഈടാക്കും. നിലവിലെ വന്ദേഭാരത് നിരക്ക് അനുസരിച്ച് 935 രൂപയാണ് 501 കിലോ മീറ്ററിന് റെയിൽവേ ഈടാക്കുന്നത്. ഇതിന് പുറമേ ജി എ്‌സ് ടിയും റിസർവേഷൻ അടക്കമുള്ള മറ്റ് ചാർജ്ജുകളും വരും. എല്ലാം കൂടി 1100 രൂപയിൽ കുറഞ്ഞ നിരക്കിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത് ഓടാൻ സാധ്യത ഏറെയാണ്.

ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേ ഭാരതാണ് കേരളത്തിൽ സർവീസ് നടത്താനിരിക്കുന്നത്. 16 കോച്ച് ഇതിലുണ്ടാകും. അതിൽ 14 ചെയർകാറും രണ്ടെണ്ണം എക്സിക്യൂട്ടീവ് ചെയർകാറുമാണ്. ഇരുഭാഗത്തും എൻജിനുണ്ട്. എൻജിനോടു ചേർന്ന കോച്ചുകളിൽ 44 സീറ്റ് വീതവും മറ്റ് കോച്ചുകളിൽ 78 സീറ്റ് വീതമാണുള്ളത്. 156 സീറ്റ് എക്സിക്യൂട്ടീവ് കോച്ചുകളിലുണ്ട്. 1024 സീറ്റ് ചെയർകാറുകളിലും. എല്ലാ കോച്ചുകളും എസിയാണ്. അതായത് 1180 പേർക്ക് ഈ തീവണ്ടിയിൽ ഒരുമിച്ച് യാത്ര ചെയ്യാം. കെ റെയിലിനേക്കാൾ ചെലവ് കുറച്ച് വന്ദേഭാരത് ഓടിക്കാനാകും. പാളങ്ങൾ ശരിയാക്കി വേഗത കൂട്ടിയാൽ ഭാവിയിൽ കെ റെയിലിന്റെ പ്രസക്തി തന്നെ ഇല്ലാതാകും.

രാജ്യത്തെ 14 ാമത്തെ വന്ദേഭാരത് എക്സ്‌പ്രസ് തിരുവനന്തപുരം -കണ്ണൂർ സർവിസ് തുടങ്ങാനിരിക്കെ കണ്ണൂരിന് വാനോളം പ്രതീക്ഷകളാണ്. പതിവുപോലെ ഈ സർവിസും കാസർകോട് ജില്ലയെ ഒഴിവാക്കി കണ്ണൂരിൽ സർവിസ് അവസാനിക്കും. തിരുവനന്തപുരത്തു നിന്ന് പുലർച്ച അഞ്ചിന് മുമ്പ് പുറപ്പെട്ട് എട്ടുമണിക്കൂറിനകം കണ്ണൂരിലെത്തി തിരിച്ചു രാത്രി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലായിരിക്കും വന്ദേഭാരത് സർവിസ് നടത്തുക. ഇതുസംബന്ധിച്ച് ഔദ്യോഗികമായി റെയിൽവേ അധികൃകതർക്ക് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. കണ്ണൂരിൽ പകൽ ചുരുങ്ങിയ സമയം മാത്രമേ നിർത്തിയിടുകയുള്ളൂവെന്ന് ഉറപ്പാണ്. സർവിസ് ആരംഭിക്കുന്നതോടെ കണ്ണൂർ കാസർകോട് ജില്ലയിലെയും യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നുറപ്പാണ്.

പകൽ സമയങ്ങളിൽ സർവിസ് നടത്തുന്നതിനാൽ വന്ദേഭാരത് സർവിസിന് വേണ്ടി മറ്റു ട്രെയിനുകൾ വഴിയിൽ പിടിച്ചിടേണ്ടി വരുമെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും മറ്റും വേഗത്തിൽ കണ്ണൂരിലേക്ക് എത്താൻ വന്ദേഭാരത് എത്തുന്നതോടെ ഏറെ ഉപകാരപ്രദമാണ്. സർവിസ് സമയങ്ങളിൽ കൂടുതൽ വ്യക്തത വന്നാൽ മാത്രമേ പൂർണരൂപം ലഭിക്കുകയുള്ളൂ. അതിനിടെ വന്ദേഭാരത് ട്രെയിനു കാസർകോട് സ്റ്റോപ്പ് അനുവദിച്ച് മംഗളൂരു വരെ നീട്ടണമെന്ന് ബിൽഡ് കാസർകോട് സൊസൈറ്റി ആവശ്യപ്പെട്ടു.

കാസർകോടെത്താതെ നിലവിൽ കണ്ണൂരിൽ യാത്ര അവസാനിക്കുന്ന 6 ട്രെയിനുകളാണുള്ളത്. കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ-കോയമ്പത്തൂർ എക്സ്‌പ്രസ്, കണ്ണൂർ ബെംഗളൂരൂ യശ്വന്ത്പൂർ (സേലം വഴി) എക്സ്‌പ്രസ്, കണ്ണൂർ-എറണാകുളം ഇന്റർ സിറ്റി, കണ്ണൂർഷൊർണൂർ പാസഞ്ചർ തുടങ്ങിയവയാണ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയും അവിടെ നിന്ന് തിരിച്ച് സർവീസ് തുടരുകയും ചെയ്യുന്നത്. ഈ നിരയിലേക്ക് വന്ദേഭാരതും എത്തും.