- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനും ട്രെയിൻ ഹോസ്റ്റസ്; അത്യാധുനിക സംവിധാനങ്ങൾക്കും ആതിഥേയത്വത്തിന്റെ പുത്തൻ പരീക്ഷണം കേരളത്തിലും നടത്താൻ റെയിൽവേ; അഞ്ചര മണിക്കൂർ കൊണ്ട് തിരുവനന്തപുരം-കാസർഗോഡ് വേഗത കൈവരിക്കാനും നീക്കം; പാലക്കാട്ടേക്കും പുതിയ തീവണ്ടി എത്തിയേക്കും
കൊച്ചി: കേരളത്തിലെ വന്ദേഭാരത് ട്രെയിനിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. എക്‌സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. ഡൽഹി-ഝാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്സ്‌പ്രസിൽ ട്രെയിൻ ഹോസ്റ്റസുണ്ട്. വിമാന മാതൃകയിലേക്ക് മാറാനാണ് വന്ദേഭാരതിന്റെ ഈ നീക്കം.
ട്രെയിൻ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ആളെ ക്ഷണിച്ചു കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. ഒട്ടേറെ അപേക്ഷകൾ ഇതിനകം ലഭിച്ചു. മലയാളത്തിനു പുറമേ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കാനറിയുന്ന 10 പേരെയാണു തിരഞ്ഞെടുക്കുക. വന്ദേഭാരതിന് കേരളത്തിൽ കിട്ടുന്ന സ്വീകരണമാണ് ട്രെയിൻ ഹോസ്റ്റസിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇനിയൊരു അതിവേഗ തീവണ്ടിയുടെ സാധ്യതകൾ ഇല്ലാതാക്കുന്ന തരത്തിൽ വന്ദേഭാരത് എത്തിക്കാനാണ് നീക്കം. താമസിയാതെ പാലക്കാട്ടേക്കും തിരുവനന്തപുരത്ത് നിന്നും വന്ദേഭാരത് എത്തുമെന്നാണ് സൂചന.
ആദ്യ യാത്രയിൽ വന്ദേഭാരത് എക്സ്‌പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപയായിരുന്നു. 26 നു കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായാണു പ്രാഥമിക കണക്ക്. ആദ്യത്തെ രണ്ടാഴ്ചത്തേക്കു ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്. ലാഭം കിട്ടുന്നത് തുടങ്ങിയാൽ കൂടുതൽ സൗകര്യങ്ങളും വരും. തിരുവനന്തപുരത്ത് നിന്ന് അഞ്ചര മണിക്കൂറിൽ കാസർഗോഡ് എത്തുകയാണ് വന്ദേഭാരതിന്റെ ലക്ഷ്യം. ഇതിനുള്ള പണികളും അതിവേഗം നടക്കുന്നുണ്ട്.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ കേറ്ററിങ് കരാർ ഡൽഹിയിലെ കമ്പനി റെക്കോർഡ് തുകയായ 1.77 കോടി രൂപയ്ക്കാണു നേടിയിരിക്കുന്നത്. വന്ദേഭാരത് ട്രെയിനുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളിൽ 12 എണ്ണത്തിലും ഇതേ കമ്പനിക്കാണു കരാർ. തിരുവനന്തപുരത്തെയും തൃശൂരിലെയും ബേസ് കിച്ചണിൽ നിന്നാണു ഭക്ഷണം എത്തിക്കുന്നത്.
പതിനാറ് ബോഗികളുമായി തലസ്ഥാനത്തുനിന്ന് കാസർകോട്ടേക്കും തിരിച്ചും ഓടുന്ന വന്ദേഭാരത് ഏറെ സവിശേഷതകളുണ്ട്. ആധുനിക ഇരിപ്പിട സംവിധാനമുള്ള എക്സിക്യുട്ടീവ് ചെയർകാറും വിമാനത്തിലേതിന് സമാനമായ ശൗചാലയ സംവിധാനവുമുള്ള വന്ദേഭാരത് കോച്ചുകൾ യാത്രക്കാർക്ക് പുത്തൻ അനുഭവമാണ് നൽകുന്നത്. ഇതിനൊപ്പമാണ് ട്രെയിൻ ഹോസ്റ്റസുമാരും എത്തുന്നത്.
ചെയർകാറുകളിലും എക്സിക്യുട്ടീവ് ചെയർകാറുകളിലുമായി 1126 പേർക്കാണ് യാത്ര ചെയ്യാനാവുക. സീറ്റുകളുടെ നിറം ചുവപ്പ്. 180 ഡിഗ്രിയിൽ തിരിയാനാകുന്ന സീറ്റുകളുമായി രണ്ട് ഫസ്റ്റ് ക്ലാസ് ചെയർകാറുകളുണ്ട്. സീറ്റുകൾക്കിടയിൽ മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവ ചാർജ് ചെയ്യാം. ഇരിപ്പിടത്തിനുമുന്നിൽ, മുന്നിലെ സീറ്റിലെ പിൻഭാഗത്തായി ഭക്ഷണം കഴിക്കാനുള്ള ട്രേ, കുപ്പിവെള്ളം എന്നിവ സൂക്ഷിക്കാനുള്ള ഇടം എന്നിവയുമുണ്ട്.
എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളുണ്ട്. അറിയിപ്പുകൾ, കോച്ചിന്റെ നമ്പർ, അടുത്ത സ്റ്റേഷൻ, വണ്ടിയുടെ വേഗം, മറ്റ് സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവയ്ക്കായി ഡിസ്‌പ്ലേ ബോർഡുണ്ട്. കോച്ചുകൾക്കുള്ളിലുള്ള രണ്ട് എൽ.ഇ.ഡി. സ്‌ക്രീനിലും മൂന്ന് ഭാഷകളിലായി ഇവ തെളിയും. മറ്റ് തീവണ്ടികളിലെല്ലാം ഒറ്റ പാൻട്രിയാണ് ഉള്ളതെങ്കിൽ വന്ദേഭാരതിൽ എല്ലാ കോച്ചുകളിലും സൈഡ് പാൻട്രി സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ തണുപ്പിച്ചും ചൂടാക്കിയും ആഹാരസാധനങ്ങൾ സൂക്ഷിക്കാൻ സംവിധാനമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ