കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം വിവാദത്തിൽ. 'ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണ്' ഇതായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.

കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദന ദാസാണ് (23) ജോലിക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാൾ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ മറ്റു നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരായ അലക്‌സ്, ബേബി മോഹൻ, മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ഡോക്ടർ അക്രമത്തെ നേരിടാനുള്ള പരിചയ സമ്പത്ത് ഇല്ലെന്ന തരത്തിൽ മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്.

'കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും സി.എം.ഒ. അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്‌സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടമാർ അറിയിച്ചിട്ടുള്ളത്'- ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേശ് കുമാർ എംഎ‍ൽഎ. രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേശ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരണവുമായി രംഗത്തു വന്നു.

യുവഡോക്ടറുടെ കൊലപാതകം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കൂടിയാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ സ്വീകരിക്കേണ്ട ഒരു സുരക്ഷാ മുൻകരുതലുകളും പൊലീസ് സ്വീകരിച്ചില്ല. മാതാപിതാക്കളുടെ ഏകമകളായ യുവഡോക്ടറുടെ ദാരുണമായ അന്ത്യത്തിന് കാരണമായത്. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണം. ഈ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. സ്വയം പ്രതിരോധത്തിന് വേണ്ടി എം.ബി.ബി.എസിൽ എന്തെങ്കിലും പരിശീലനം നൽകുന്നുണ്ടോ? ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങൾക്ക് ഉത്തവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കിൽ വരെ വരേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആശുപത്രികൾ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് സർക്കാർ അടിയന്തിരമമായി അവസാനിപ്പിക്കണം. മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഉൾപ്പെടെ നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകം. താനൂരിലെ ബോട്ടപകടം പോലെ യുവഡോക്ടറുടെ കൊലപാതകവും സർക്കാരിന്റെ അനാസ്ഥയെ തുടർന്നുണ്ടായതാണ്-വിഡി സതീശൻ കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും വിമർശനവുമായി രംഗത്തു വന്നു.

കേരളം എങ്ങോട്ടാണ് പോകുന്നത് ? ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ് .ഇവരെ നിയന്ത്രിക്കുവാൻ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വർഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നു. ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാൾ ഒരു അദ്ധ്യാപകൻ കൂടിയാണ് .നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടർന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണ്. ലഹരി -ഗുണ്ടാ സംഘങ്ങളെ വളർത്തിയതിൽ സിപിഎമ്മിനും പിണറായി വിജയന്റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്. യുഡിഎഫ് ഭരണകാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ കേരളത്തിൽ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോൾ തള്ളി മറിച്ചാൽ മാത്രം പോരാ വിജയൻ , അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം-സുധാകരൻ പറഞ്ഞു.

ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു .ഒട്ടുമിക്ക അക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.സംസ്ഥാനത്തുടനീളം അച്ഛനമ്മമാരുടെ ഏക മകളാണ് കൊല്ലപ്പെട്ട വന്ദന ദാസ്. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് ആ പെൺകുട്ടിക്ക് കുത്തേറ്റത്.വന്ദനയ്ക്ക് 'അക്രമത്തെ തടയാനുള്ള എക്‌സ്പീരിയൻസ് ' ഇല്ല എന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതായി മാധ്യമങ്ങൾ പറയുന്നു.അത് ശരിയെങ്കിൽ അത്തരം വിവരക്കേടുകൾക്ക് രാഷ്ട്രീയ കേരളം ആരോഗ്യമന്ത്രിക്ക് ഉചിതമായ മറുപടി കൊടുക്കണം. അടിമുടി പരാജയപ്പെടുന്ന ആഭ്യന്തര മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ എത്രയും പെട്ടെന്ന് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണം-സുധാകരൻ ആവശ്യപ്പെട്ടു.