- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വല്യമ്മ ഹൃദയകുമാരിയുടെ വീടിനു മുറ്റത്തുകൂടി മാത്രമേ വരദയിലേക്ക് കയറാൻ പറ്റുമായിരുന്നുള്ളൂ; വാഹനങ്ങൾ അതുവരെ മാത്രമേ വരികയുള്ളു; അമ്മ മരിച്ചപ്പോൾ ആ വഴി അടച്ചു; വരദയിൽ താമസിക്കുക എന്നത് ബുദ്ധിമുട്ട്; അമ്മയുടെ ഒന്നും നശിപ്പിച്ചിട്ടില്ല; അമ്മ തന്ന വീട് വിൽക്കാൻ അവകാശമില്ലേ? വരദ വിറ്റതിന്റെ കാരണം സുഗതകുമാരിയുടെ മകൾ പറയുമ്പോൾ
തിരുവനന്തപുരം: കവി സുഗതകുമാരിയുടെ തലസ്ഥാനത്തെ 'വരദ' എന്ന വീടു വിൽക്കാനുണ്ടായ സാഹചര്യത്തിൽ പ്രതികരണവുമായി മകൾ ലക്ഷ്മീദേവി. വിവാദങ്ങൾ വെറുതെയാണെന്ന് മകൾ പറയുന്നു. ''അമ്മ എന്റെ പേരിൽ എഴുതിത്ത്ത്തന്ന വീടാണ് ഇത്. നിനക്കൊരു ആവശ്യം വന്നാൽ വിൽക്കാമെന്നു പറഞ്ഞാണ് എന്റെ പേരിലാക്കിയത്'-ഇതാണ് മകൾ പറയുന്നത്. സുഗതകുമാരിയുടെ മരണശേഷം അഭയയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് മകൾ ലക്ഷ്മീദേവി. അമ്മയുടെ സ്വകാര്യ സ്വത്തുക്കളൊന്നും നശിപ്പിച്ചില്ലെന്നും അവർ പറയുന്നു.
അമ്മ ജീവിച്ചിരുന്ന കാലത്ത് എന്റെ വല്യമ്മ ഹൃദയകുമാരിയുടെ വീടിനു മുറ്റത്തുകൂടി മാത്രമേ വരദയിലേക്ക് കയറാൻ പറ്റുമായിരുന്നുള്ളൂ. വാഹനങ്ങൾ വല്യമ്മയുടെ വീടുവരെയേ വരികയുള്ളു. വാഹനം അവിടെ നിർത്തിയിട്ട് വേണം വരദയിലേക്ക് വരാൻ. അമ്മ മരിച്ചപ്പോൾ ആ വഴി അടച്ചു. അങ്ങനെയൊരു സാഹചര്യത്തിൽ വരദയിൽ താമസിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായിത്തീർന്നു. ആൾത്താമസമില്ലാതെ വീട് നശിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് വിൽക്കുക എന്ന തീരുമാനത്തിലെത്തിയത്. അമ്മയുടെ അനന്തരാവകാശി എന്ന നിലയിൽ ആ വീട് നിയമപ്രകാരം ഞാൻ വിൽപന നടത്തി. വാഹനം വരാത്ത കാരണത്താൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ താമസം മാറിയതാണ്-ലക്ഷ്മീ ദേവി പറയുന്നു.
''സുഗതകുമാരി കുടുംബത്തേക്കാളേറെ നാടിനെ സ്‌നേഹിച്ചയാളാണ്. 1985 മുതൽ 'അഭയ'യിൽ ജോലി ചെയ്തുവെങ്കിലും നയാപ്പൈസ പോലും വീട്ടിലേക്ക് എടുത്തില്ല. അവാർഡ് തുകയും റോയൽറ്റിയുമെല്ലാം അഭയയ്‌ക്കോ അല്ലെങ്കിൽ കാശിന് അത്യാവശ്യമുള്ളവർക്കോ നൽകി. അവസാനകാലത്ത് അമ്മയുടെ ബാങ്ക് ബാലൻസ് എത്രയായിരുന്നു എന്നറിയുന്നവർ ചുരുക്കമാണ്''-മകൾ പറയുന്നു. അഭയയിൽ നിന്നുള്ള ശമ്പളം മാത്രമാണ് ലക്ഷമീദേവിയുടേയും വരുമാനമാർഗം. ''ഇത്രയും പ്രായമായി. ഞാൻ കിടപ്പിലായാൽ ജീവിക്കാൻ പണം വേണ്ടേ? നിയമപരമായി കിട്ടിയ വീട് വിൽക്കാനുള്ള അവകാശം എനിക്കില്ലേ..?'' ഇതാണ് സുഗതകുമാരിയുടെ മകളുയർത്തുന്ന ചോദ്യം.
വീട് അതേപടി സംരക്ഷിക്കണം, മരങ്ങൾ വെട്ടരുത് എന്നീ ഉപാധികളോടെയായിരുന്നു വിൽപന. 2 വർഷമായി ഇവിടെ താമസമില്ല. മേൽക്കൂര ദ്രവിച്ചിട്ടുണ്ട്. സൈക്കോളജിസ്റ്റായ തന്നെ കാണാനെത്തുന്നവർക്കായി നിർമ്മിച്ച ഒറ്റമുറി ഔട്ഹൗസ് മാത്രമാണ് പൊളിച്ചതെന്നു ലക്ഷ്മീദേവി പറഞ്ഞു. പുസ്തകങ്ങൾ, അവാർഡുകൾ, 'അമ്പലമണി' മുതൽ 'രാത്രിമഴ' വരെയുള്ള കവിതകളുടെ കൈയെഴുത്തു പ്രതികൾ, കവി ഉപയോഗിച്ചിരുന്ന ഫർണിച്ചർ എന്നിവ സുരക്ഷിതമായി മാറ്റി. 3,000 പുസ്തകങ്ങൾ തിരികെ വാങ്ങുമെന്ന വ്യവസ്ഥയോടെ 'പി.ഗോവിന്ദപ്പിള്ള പി.കെ.വാസുദേവൻ സ്മാരക ലൈബ്രറി'ക്കു കൈമാറി. സർക്കാർ സ്മാരകമായാൽ ഇവ കൈമാറും.
സുഗതകുമാരിക്ക് ഉചിതമായ സ്മാരകം വേണമന്നാവശ്യപ്പെട്ടു ടി.പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, സാറാ ജോസഫ്, കെ.ജയകുമാർ തുടങ്ങി 12 പേർ ഒപ്പുവച്ച നിവേദനം സർക്കാരിനു നൽകിയിരുന്നു. എന്നാൽ 'വരദ'യിലേക്ക് നേരിട്ടു കാർ എത്തുന്ന തരത്തിൽ വഴിയില്ലാത്തതിനാൽ വീട് സ്മാരകമാക്കാൻ നിർവാഹമില്ലായിരുന്നു. സുഗതകുമാരിയുടെ ചേച്ചി ഹൃദയകുമാരിയുടെ വീടിനു മുന്നിലൂടെയാണു 'വരദ'യിലേക്ക് എത്തിയിരുന്നത്. തുടർന്നു നഗരമധ്യത്തിൽ മറ്റൊരിടം കണ്ടെത്തി സ്മാരകം നിർമ്മിക്കാനാണു സർക്കാർ ആലോചിച്ചത്. 'സാംസ്‌കാരിക മന്ത്രിയോടു വീടു വിൽക്കുന്നത് പറഞ്ഞില്ല എന്നത് ശരിയാണ്. എന്റെ വീടിന്റെ വിൽപന വിവരം അറിയിക്കാനുള്ള അടുപ്പമോ ബന്ധമോ അദ്ദേഹവുമായി ഇല്ല. ബന്ധുവായ മന്ത്രി വി. ശിവൻകുട്ടിയോടു വിൽപനക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നും ലക്ഷ്മീദേവി പറയുന്നു.
വിൽപനയെക്കുറിച്ച് ആലോചിച്ചതു മുതൽ ഒരുപാട് പേർ വീടിനായി സമീപിച്ചു. അമ്മ താമസിച്ച വീടിന് ഒരു മാറ്റവും വരുത്താതെ, ചുറ്റിലുമുള്ള മരങ്ങൾ വെട്ടി നശിപ്പിക്കാതെ പരിപാലിക്കാൻ പറ്റുന്നവർക്കുമാത്രമേ ഞാനതുകൊടുക്കുകയുള്ളൂ എന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെയൊരാൾ വന്നപ്പോൾ വീട് കൊടുത്തു.വരദ ഇടിച്ചുപൊളിക്കുന്നു, വിലപ്പെട്ട കത്തുകളും എഴുത്തുകളും പുരസ്‌കാരങ്ങളും കത്തിച്ചുക്കളഞ്ഞു തുടങ്ങിയ വാർത്തകൾ ഞാനും കണ്ടു. വരദയുടെ ഔട്ട്ഹൗസ് ആണ് പൊളിച്ചുമാറ്റിയത്. ആ ഔട്ട്ഹൗസ് ഞാൻ ഉണ്ടാക്കിയതാണ്. അമ്മ ഔട്ട്ഹൗസിൽ താമസിക്കുകയോ അതിൽ ഇരുന്ന് എഴുതുകയോ ചെയ്തിട്ടില്ല. ഇപ്പോൾ വാങ്ങിയ ആളുകൾ ഔട്ട് ഹൗസ് പൊളിച്ചുമാറ്റിയാൽ വരദയിലേക്ക് ഒരു കാർ കൊണ്ടുവരാനുള്ള വഴിയുണ്ടാക്കാൻ പറ്റുമോ എന്നാണ് ശ്രമിക്കുന്നത്. അതേപ്പറ്റി എന്നോട് സംസാരിച്ച ശേഷമാണ് അവർ ഈ തീരുമാനത്തിലെത്തിയത്.
സുഗതകുമാരിയുടെ മകൾ എന്ന നിലയിൽ അമ്മ ഇടപെട്ട മേഖലകളെക്കുറിച്ചും അമ്മയുടെ കാവ്യലോകത്തെക്കുറിച്ചും എന്റെ അച്ഛൻ ഡോ. വേലായുധൻ നായരുടെ ധിഷണയെക്കുറിച്ചും മറ്റാരേക്കാളും എനിക്ക് നന്നായി ബോധ്യമുണ്ട്. അവർ രണ്ടുപേരും ഇടപെട്ടതായിട്ടുള്ള, എഴുതിയതായിട്ടുള്ള എല്ലാ രേഖകളും കൈയെഴുത്തുകളും പുസ്തകങ്ങളും ഭദ്രമായിത്തന്നെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ പുരസ്‌കാരങ്ങൾ, അമ്മ ഉപയോഗിച്ച കട്ടിൽ, എഴുതാനിരുന്ന മേശ, കസേര, വസ്ത്രങ്ങൾ തുടങ്ങി എല്ലാം ഞാൻ എടുത്തുവെച്ചിട്ടുണ്ട്. ഭാവിയിൽ ഒരു സ്മാരകം വരികയാണെങ്കിൽ, സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാം ഞാൻ അവരെ ഏൽപിക്കുന്നതായിരിക്കും.
വരദയിലെ എന്റെ തുടർജീവിതം യാതൊരു തരത്തിലും മുന്നോട്ടുപോവില്ല എന്ന് നന്നായി ബോധ്യമായതിനുശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. അമ്മയോ അച്ഛനോ ഭൗതിക സ്വത്തുക്കളിൽ വിശ്വസിച്ചവരല്ല. അമ്മയുടെ കവിതകളാണ്, പ്രവർത്തനങ്ങളാണ് സമൂഹത്തിന് എന്നും പ്രചോദനമായിട്ടുള്ളത്. ഒരു വരദയിൽ മാത്രം ഒതുങ്ങിജീവിച്ചയാളല്ല സുഗതകുമാരി.-ലക്ഷമി ദേവി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ