ഡൽഹി: വാരണാസിയിലെ റോപ്‌വേയുടെ 'ഗോണ്ടോള' (യാത്രക്കാർ ഇരിക്കുന്ന ബോക്സ്) വായുവിൽ അപകടകരമായി ആടുന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാരണാസിയിൽ നിർമ്മാണം പുരോഗമിക്കുന്ന റോപ്‌വേയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തുന്ന തരത്തിൽ വീഡിയോ പ്രചരിച്ചതിനെത്തുടർന്നാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

യഥാർത്ഥ വസ്തുത ഇതാണ്...

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ റോപ്‌വേയുടെ ലോഡ് ടെസ്റ്റിംഗിന്റെ (ഭാരം താങ്ങാനുള്ള ശേഷി പരിശോധിക്കൽ) ഭാഗമായി നടത്തിയ പരീക്ഷണങ്ങളുടേതാണ്. സിസ്റ്റത്തിന്റെ സുരക്ഷയും കരുത്തും ഉറപ്പുവരുത്താൻ ഇത്തരം കടുത്ത പരിശോധനകൾ സ്വാഭാവികമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

പരീക്ഷണങ്ങൾ നടക്കുമ്പോൾ ഗോണ്ടോളയ്ക്കുള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. മണൽ ചാക്കുകളും മറ്റും ഉപയോഗിച്ചാണ് ഭാരപരിശോധന നടത്തിയിരുന്നത്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വാരണാസി റോപ്‌വേ പദ്ധതി നടപ്പിലാക്കുന്നത്. കാറ്റിലും മറ്റും ഗോണ്ടോളകൾക്ക് സംഭവിക്കാവുന്ന ചലനങ്ങൾ മുൻകൂട്ടി കണ്ട് അവ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ ഗോദൗലിയ വരെ ബന്ധിപ്പിക്കുന്നതാണ് ഈ അത്യാധുനിക റോപ്‌വേ പദ്ധതി. കാശിയെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ ഇത് സഹായിക്കും. പൊതുഗതാഗതത്തിനായി റോപ്‌വേ സംവിധാനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ നഗരമായി ഇതോടെ വാരണാസി മാറും.