- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടക്കം നിർമ്മിക്കാനും സൂക്ഷിക്കാനുമുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല; പടക്കം വിൽപ്പനയ്ക്കുള്ള ലൈസൻസ് മാത്രം; വരാപ്പുഴയിലെ പടക്കനിർമ്മാണശാല പ്രവർത്തിച്ചത് അനധികൃതമായെന്ന് ജില്ലാ കലക്ടർ; റിപ്പോർട്ട് തേടി; നാല്പേരുടെ നില ഗുരുതരം; 15 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൊലീസ്
കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് സ്‌ഫോടനത്തിൽ തകർന്ന ജനവാസകേന്ദ്രത്തിലെ പടക്കനിർമ്മാണശാല പ്രവർത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടർ രേണുരാജ്. ജയ്സൺ എന്നയാളാണ് പടക്ക നിർമ്മാണ ശാല നടത്തിയിരുന്നത്. പടക്കം നിർമ്മിക്കാനും സൂക്ഷിക്കാനുമുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പടക്കം വിൽപ്പനയ്ക്കുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ മറവിൽ അനധികൃതമായി പടക്കം വൻതോതിൽ ശേഖരിച്ചു വച്ചിരുന്നതായും കലക്ടർ പറഞ്ഞു.
ചൂട് കൂടിയതാണ് പടക്കം പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് കരുതുന്നു. തഹസിൽദാറോടും പഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോർട്ട് തേടി. വിശദമായി അന്വേഷിക്കുമെന്നും കലക്ടർ അറിയിച്ചു. പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനം രണ്ടു കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. 15 വീടുകൾക്ക് കേടുപാട് സംഭവിച്ചതായി പൊലീസ് പറഞ്ഞു. വൻ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത് എന്നും ഭൂമികുലുക്കമാണെന്ന് കരുതിയെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് വൻ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. വരാപ്പുഴ സ്വദേശി ഡേവിസാണ് (50) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജാൻസന്റെ ബന്ധുവാണ് മരിച്ച ഡേവിസ്. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നടിഞ്ഞു. പൊടിയും പുകയും കാരണം ഏറെ നേരെ ഒന്നും കാണാനായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ മരങ്ങൾ കരിഞ്ഞുണങ്ങി. ധാരാളം വീടുകളുള്ള, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച വീടുണ്ടായിരുന്നത്.
പത്തോളം അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പടക്കങ്ങൾ ചിതറിക്കിടക്കുന്നതുകൊണ്ട് ചെറിയ പൊട്ടിത്തെറികളുണ്ടായിരുന്നു. എസ്തർ (7), എൽസ (5), ഇസബെൽ (8), ജാൻസൻ (38), ഫ്രെഡീന (30), കെ.ജെ.മത്തായി (69), നീരജ് (30) എന്നിവർക്കാണു സ്‌ഫോടനത്തിൽ പരുക്കേറ്റത്. ഇവരിൽ 2 കുട്ടികളുൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്.
പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണം. സ്‌ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ധാരാളം വീടുകളുള്ള, ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. വർഷങ്ങൾ പഴക്കമുള്ള വീട്ടിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. ഈ വീട്ടിൽ ആരും താമസിച്ചിരുന്നില്ല. തൊട്ടടുത്ത വീട്ടിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നവർ താമസിച്ചിരുന്നത്. സഹോദരങ്ങളാണ് ഇത് നടത്തി കൊണ്ടിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ജോലി ചെയ്തിരുന്നു. സ്‌ഫോടനത്തിന് ശേഷം ആകെ പുകയിലും തീയിലും പ്രദേശം മുങ്ങി നിന്നതിനാൽ അഗ്നിശമന സേന എത്തിയതിന് ശേഷമാണ് പ്രദേശവാസികൾക്കും മറ്റും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാനായത്.
രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോഴും സ്ഫോടനം ഉണ്ടായിരുന്നു. പടക്കശാലയിൽ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. എവിടെയാണ് പടക്കം സൂക്ഷിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഇയാളാണ് പൊലീസിന് വിശദീകരിച്ചുകൊടുത്തത്.
മറുനാടന് മലയാളി ബ്യൂറോ