തിരുവനന്തപുരം: വർക്കലയിലെ പാപനാശം കുന്നുകൾ വീണ്ടും ഇടിയുമ്പോഴും പരിഹാര മാർഗ്ഗമില്ലാതെ വലഞ്ഞ് സംവിധാനങ്ങൾ. ഏണിക്കൽ ബീച്ചിനും ആലിയിറക്കം ബീച്ചിനും ഇടയിലായി നാലിടങ്ങളിലാണ് കനത്ത മഴയിൽ കഴിഞ്ഞ ദിവസം കുന്നിടിഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ടും വ്യാഴാഴ്ച രാവിലെയുമായാണ് ഈ ഭാഗങ്ങളിൽ കുന്നിടിച്ചിൽ ഉണ്ടായത്. മഴയേയും കാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയില്ലാതെ കുന്നുകൾ തകർച്ച ഭീഷണി നേരിടുകയാണ്.

വിനോദസഞ്ചാര- തീർത്ഥാടനകേന്ദ്രമായ വർക്കലയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകർഷണീയതയും കടലിനോട് അഭിമുഖമായുള്ള ചെമ്മൺകുന്നുകളാണ്. ആലിയിറക്കം മുതൽ ഇടവ വെറ്റക്കടവരെ നാല് കിലോമീറ്റർ ദൂരത്തിലാണ് വർക്കല ക്ലിഫ് സ്ഥിതിചെയ്യുന്നത്. തീരത്തുനിന്ന് 15 മുതൽ 25 വരെ മീറ്റർ ഉയരത്തിലാണ് പാപനാശം കുന്നുള്ളത്. പ്രകൃതിദത്തമായ കുന്നുകൾ അതീവ തകർച്ചാഭീഷണിയിലാണ്. കുന്നുകൾ സംരക്ഷിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ നടപടികൾ എങ്ങുമെത്തുന്നില്ല.

2013 ജൂലായിൽ വലിയതോതിൽ കുന്നിടിഞ്ഞതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം കുന്ന് സന്ദർശിച്ചിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പ് എന്നിവ സംയുക്തമായി സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ കുന്നിനു മുകളിലുള്ള അനധികൃത കെട്ടിടനിർമ്മാണം തടഞ്ഞു. ഇതു നടപ്പാക്കാൻ കളക്ടർ 144 പ്രഖ്യാപിച്ചിരുന്നു. പക്ഷേ അതിന് ശേഷവും നിർമ്മാണം തുടർന്നു.

വർക്കലയിലെ ടൂറിസം വികസനത്തോടൊപ്പം അനധികൃത നിർമ്മാണങ്ങളും വൻതോതിൽ വർധിച്ചു. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ സംരക്ഷിക്കപ്പെടെണ്ടതിന്റെ ആവശ്യകത ആരും ഉൾക്കൊള്ളുന്നില്ല. 10 വർഷത്തിനുള്ളിൽ നോർത്ത് സൗത്ത് ക്ലിഫുകൾ പൂർണ്ണമായും കച്ചവട കേന്ദ്രമായി. ഈ കച്ചവടമാണ് ക്ലിഫിനെ തകർക്കുന്നതും.

കഴിഞ്ഞ ദിവസത്തെ മഴയിൽ കുന്നിന്റെ ഭാഗങ്ങൾ അടർന്ന് ഏതാണ്ട് 30 മീറ്ററോളം താഴേക്ക് പതിച്ചു. മഴ ശക്തമായാൽ ഇനിയും കുന്നിടിയും. 15 മീറ്ററിലധികം വീതിയിലും മൂന്ന് മുതൽ എട്ട് മീറ്റർ വീതിയിലുമാണ് കുന്നിടിഞ്ഞിരിക്കുന്നത്. കൊല്ലം നിരകളിൽന്ന് വർക്കല ഫോർമേഷന്റെ ഫേസ് ഒന്നായ ഇടവ വെറ്റക്കട കുന്നുകൾ കഴിഞ്ഞ ദിവസം ഉച്ചയോടെ ഇടിഞ്ഞിരുന്നു. വലിയ ദുരന്ത സാധ്യത ഇവിടെയുണ്ട്. റിസോർട്ടുകളിൽ 5000 രൂപ മുതൽ 10,000 രൂപയ്ക്ക് മുകളിൽവരെ വാടകയുണ്ട്. ഇവിടെ താമസിക്കുന്നവർ അപകടത്തേക്കുറിച്ച് ചിന്തിക്കുന്നില്ല. അശാസ്ത്രീയ നിർമ്മാണമാണ് ഇതിനെല്ലാം കരണം.

കുന്നുകൾ തുരന്ന് തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്. കുന്നിനോട് ചേർന്ന് അഞ്ച് മീറ്റർ പോലും ദൂരപരിധി ഇല്ലാതെ സ്വിമ്മിങ് പൂളുകളും കുന്നിൻ മുകളിൽനിന്ന് താഴേയ്ക്ക് ഇറങ്ങുന്നതിന് പലയിടങ്ങളിലായി പത്തിലധികം പടിക്കെട്ടുകളും നിർമ്മിച്ചിട്ടുണ്ട്. ഇത്തരം നിർമ്മാണങ്ങളാണ് കുന്നിന്റെ സ്വാഭാവിക കരുത്തിനെ തകർത്തത്. തിരുത്തലിന് ടൂറിസം വകുപ്പ് യാതൊരു ഇടപെടലും നടത്തുന്നില്ല. ദുരന്തം സംഭവിക്കുമ്പോൾ മാത്രം നടപടികൾ എടുക്കും.

തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ പാപനാശം ബലിമണ്ഡപത്തിനു സമീപം കുന്ന് വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ബലിമണ്ഡപത്തിന്റെ പിൻഭാഗത്തും മുന്നിലുമായാണ് കുന്നിടിഞ്ഞുവീണത്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകൾ ബലിമണ്ഡപത്തിന്റെ വഴിയിലേക്കു പതിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ കുന്നുകൾ. രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് കുന്നിടിയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ഹെലിപ്പാഡിലെ പൊലീസ് എയ്ഡ്‌പോസ്റ്റിനു സമീപം 10 മീറ്ററോളം വീതിയിൽ കുന്നിടിഞ്ഞിരുന്നു. കഴിഞ്ഞ 17-ന് രാത്രി നോർത്ത് ക്ലിഫിൽ നടപ്പാതയോടുചേർന്നും ഇടിഞ്ഞു.