തിരുവനന്തപുരം: ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ അന്വേഷണം ഉന്നതരിലേക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിലേക്ക്. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മൊഴികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ എടുക്കും. വാസുവിന്റെ മൊഴി അടക്കം ഹൈക്കോടതിയെ അറിയിക്കും. സിപിഎം ബന്ധമുള്ള വാസു മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. ജ്യുഡീഷ്യല്‍ ഓഫീസറുമായിരുന്നു. ഈ സാഹചര്യത്തില്‍ കോടതി നടപടികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. കേസില്‍ മൂന്നാം പ്രതിയായ ഡി.സുധീഷ്‌കുമാര്‍, എന്‍.വാസു ദേവസ്വം പ്രസിഡന്റായിരുന്നപ്പോള്‍ പിഎയായിരുന്നു. വാസുവിനെതിരെ സുധീഷ് മൊഴി നല്‍കിയെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് വാസു. നേരത്തെ യുവതി പ്രവേശന സമയത്ത് സര്‍ക്കാരിന് വേണ്ടി മുന്നില്‍ നിന്ന് ചരടു നീക്കിയത് വാസുവായിരുന്നു. എസ് എ ടിയുടെ ചോദ്യം ചെയ്യലില്‍ വാസു വിയര്‍ത്തുവെന്നാണ് സൂചന.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വിയര്‍ത്തൊലിച്ച് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ പരസ്പര വിരുദ്ധമായ പല മൊഴിയും നല്‍കിയെന്നാണ് സൂചന. സ്വര്‍ണ്ണ പാളി കേസിലെ ചോദ്യം ചെയ്യല്‍ യുവതി പ്രവേശന സമയത്ത് നവോത്ഥാനം ഉറപ്പാക്കാന്‍ മുന്നില്‍ നിന്ന കമ്മീഷണറിലേക്കും കടക്കുകയാണ്. യുവതി പ്രവേശന വിവാദ സമയത്ത് ദേവസ്വം കമ്മീഷണറായിരുന്നു. അതിന് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. സുധീഷ് കുമാറിന്റെ മൊഴി മുന്‍ ദേവസ്വം പ്രസിഡന്റിന് എതിര് എന്നാണ് സൂചന. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസാറാണ് വാസു. ഏതായാലും അന്വേഷണം വാസുവിലേക്ക് കടക്കുകയാണ്. വാസുവിന്റെ മൊഴി അടക്കം ഹൈക്കോടതിയെ അറിയിക്കും. അതിന് ശേഷം ഹൈക്കോടതി നിലപാട് മനസ്സിലാക്കിയാകും തുടര്‍ നടപടികള്‍.

ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണു പ്രവര്‍ത്തിച്ചതെന്നും ഫയല്‍ തിരുത്താന്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ 5 പേര്‍ക്ക് അധികാരം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണസംഘത്തിനു സുധീഷ് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷ്‌കുമാറിനെ ചോദ്യം ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ റിമാന്‍ഡ് ചെയ്തു. വാസുവിനെതിരേയും സുധീഷ് മൊഴി നല്‍കിയെന്നാണ് സൂചന. 2019 ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സുധീഷ്‌കുമാറിനായിരുന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് ഓഫീസര്‍. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരുന്നു മുരാരി ബാബു. സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കാന്‍ രണ്ട് ഉദ്യോഗസ്ഥരും താല്‍പര്യമെടുത്തു എന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണപാളികളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.

അടൂര്‍ മണ്ണടി ദേശകല്ലുംമൂട്ടിലാണ് സുധീഷ് കുമാറിന്റെ വീട്. വിരമിച്ചശേഷം സിപിഎം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എല്ലാവരോടും നല്ലരീതിയില്‍ പെരുമാറുന്ന ആളാണ്. സാധാരണ രീതിയില്‍ പണികഴിപ്പിച്ച ഇരുനിലവീടാണുള്ളത്. മകന്‍ സ്‌കൂളില്‍ പ്യൂണായി ജോലി ചെയ്യുന്നു. മകളുടെ വിവാഹം കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം മണ്ണടിയിലെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി നല്‍കിയത് നിര്‍ണ്ണായകമാണ്. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് സുധീഷ് കുമാറിന്റെ മൊഴി. ഭരണസമിതി പറഞ്ഞതുപ്രകാരമാണ് പ്രവര്‍ത്തിച്ചത്. പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞതുപ്രകാരമാണെന്നും സുധീഷ് കുമാറിന്റെ മൊഴിയിലുണ്ട്.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് സുധീഷ് കുമാര്‍. എസ്ഐടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുധീഷ് കുമാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭരണസമിതിക്കെതിരെ മൊഴി നല്‍കിയത്. മേലുദ്യോഗസ്ഥര്‍ പറഞ്ഞതിനാലാണ് ചെമ്പ് പാളികള്‍ എന്നെഴുതിയതെന്നും സുധീഷ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മേല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. ഓരോ ഘട്ടത്തിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി. രേഖകള്‍ അപ്പോള്‍ തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരും ചെമ്പ് പാളികള്‍ എന്ന് എഴുതിയത് തിരുത്തുകയോ എതിര്‍ക്കുകയോ ചെയ്തില്ലെന്നും സുധീഷ് കുമാര്‍ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സുധീഷ് കുമാര്‍. നവംബര്‍ ഒന്നിനായിരുന്നു സുധീഷ് കുമാറിന്റെ അറസ്റ്റ്.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ സുധീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്. ദേവസ്വം ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.