തിരുവനന്തപുരം : ജില്ലാ കളക്ടർമാരുടെയും ജില്ലാ വികസന കമ്മീഷണർമാരുടെയും തലപ്പത്ത് വരുന്ന റവന്യു വകുപ്പിലെ സുപ്രധാന തസ്തികയായ ലാന്റ് റവന്യൂ കമ്മീഷണറായി ഡോ.കെ.വാസുകിയെ നിയമിച്ചതിലെ റവന്യൂമന്ത്രി കെ രാജന്റെ പ്രതിഷേധം ഫലം കണ്ടു. നിയമനം റവന്യൂ മന്ത്രി കെ.രാജൻ അറിഞ്ഞത് സർക്കാർ ഉത്തരവിറങ്ങിയ ശേഷമായിരുന്നു. ഇതോടെ വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് മറ്റൊരാളെ കമ്മീഷണറായി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രാജൻ മുഖ്യമന്ത്രിയെ സമീപിച്ചു. ഇത് അതിവേഗം അംഗീകരിച്ചു. ഇതോടെ നിലവിലെ കമ്മീഷണറായ കെ.ബിജു സ്ഥാനത്ത് തുടരും. വാസുകിക്ക് ലേബർ കമ്മീഷണറായും നിയമനം നൽകി.

റവന്യൂ മന്ത്രിയുടെ പ്രതിഷേധം ഇന്നലെ മറുനാടൻ വാർത്തയാക്കിയികുന്നു. വാസുകിയോട് തത്കാലം കാത്തിരിക്കാനും ഉടൻ മറ്റൊരു തസ്തിക നൽകുമെന്നും അറിയിച്ചുവെന്നും റിപ്പോർട്ട് ചെയ്തു. ഇത് ശരിവയ്ക്കും വിധമാണ് അതിവേഗം പുതിയ നിയമനം നൽകുന്നത്. വാസുകിയുടെ ഭർത്താവ് ഡോ.കാർത്തികേയനെ കമ്മീഷണറാക്കണമെന്ന ആവശ്യം റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും കാർത്തികേയനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചതു കൊണ്ട് അത് അംഗീകരിച്ചില്ല.

അവധിയിലായിരുന്ന വാസുകിയും കാർത്തികേയനും മടങ്ങിയത്തിന് പിന്നാലെ ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ ഉത്തരവിലായിരുന്നു ലാൻഡ് റവന്യു കമ്മിഷണറുടെ തസ്തിക എക്സ്‌കേഡറാക്കിക്കൊണ്ട് ഡോ.കെ. വാസുകിയെ അതിലേക്ക് നിയമിച്ചത്. ഇതാണ് റവന്യൂ മന്ത്രിയെ ചൊടിപ്പിച്ചത്. ദുരന്ത നിവാരണ വകുപ്പ് കമ്മിഷണറുടെയും നാഷണൽ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രോജക്ട് സ്റ്റേറ്റ് പ്രോജക്ട് മാനേജരുടെയും പൂർണ അധികച്ചുമതലയും വാസുകിക്ക് നൽകിയിരുന്നു. ഇതെല്ലാം റവന്യൂ മന്ത്രി ചോദ്യം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ.എസ്. കാർത്തികേയന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ പൂർണ അധികച്ചുമതലയും നൽകിയിരുന്നു. ലാന്റ് റവന്യൂ കമ്മീഷണറുടെ ചുമതല വഹിക്കുന്ന കെ ബിജുവിന് ഗവ.സെക്രട്ടറിയായി അടുത്തിടെ സ്ഥാനക്കയറ്റം ലഭിക്കുകയും തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ റവന്യൂ മന്ത്രിയുടെ എതിർപ്പോടെ ലാൻഡ് റവന്യൂ കമ്മീഷണറെന്ന പദവി ബിജുവിൽ തുടരും.

വാസുകിയുടെയും കാർത്തികേയന്റേയും നിയമനം കൂടാതെ ഐ എ എസ് തലപ്പത്ത് സുപ്രധാന മാറ്റങ്ങളോടെയായിരുന്നു വ്യാഴാഴ്ച സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഇത് റവന്യു മന്ത്രി അറിഞ്ഞില്ല. ഇതാണ് രാജൻ മുഖ്യമന്ത്രിയെ തന്റെ നിലപാട് അറിയിക്കാൻ കാരണമായത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐയെ എതിരാക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് വാസുകിയുടെ നിയമനത്തിൽ മന്ത്രിയുടെ നിർദ്ദേശം പരിഗണിച്ചത്. അതിവേഗം പുതിയ തസ്തിക വാസുകിക്ക് നൽകുകയും ചെയ്തു.

ഏറ്റെടുത്ത സുപ്രധാന പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലവിലെ ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജുവിനെ തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായാണ് വകുപ്പു മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതോടെ, കഴിഞ്ഞ ദിവസം ലാൻഡ് റവന്യു കമ്മിഷണറായി നിയമിച്ച ഡോ.കെ.വാസുകിയോടു തൽക്കാലം കാത്തിരിക്കാൻ സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.

റവന്യു വകുപ്പിൽ ഉണ്ടായിരുന്ന ഡോ.എ.കൗശികനെ ഏതാനും മാസങ്ങൾക്കു മുൻപ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചിരുന്നു. ഇതിനു പിന്നാലെ, ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജിനെ തിരുവനന്തപുരം കലക്ടറായും നിയമിച്ചു. 3 ഉദ്യോഗസ്ഥർ തുടരെത്തുടരെ മാറുന്നതിലെ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിയെ റവന്യൂമന്ത്രി ധരിപ്പിച്ചത്.