കൊച്ചി: സിറോ മലബാർ സഭയിൽ എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ടു കുർബാനയർപ്പണ, ഭൂമി വിൽപന വിവാദങ്ങൾ നിലനിൽക്കെ സ്ഥിരം സിനഡ് അംഗങ്ങളായ ആർച്ച് ബിഷപ്പുമാർ വത്തിക്കാനിലേക്ക്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിൽപ്പന ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുറ്റക്കാരനല്ലെന്ന് കത്തോലിക്കാ സഭയുടെ പരമോന്നത കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര. കുർബ്ബാന വിഷയത്തിൽ തീരുമാനം യാത്രയിൽ ഉണ്ടായേക്കും.

മെയ്‌ ആദ്യ ആഴ്ച മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 5 ആർച്ച് ബിഷപ്പുമാരാണ് വത്തിക്കാനിലേക്കു പോകുന്നത്. ഇവർക്കു പുറമേ, സബ്സ്റ്റിറ്റിയൂട്ട് അംഗങ്ങൾ എന്ന നിലയിൽ ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോൾ ആലപ്പാട്ട്, മാർ പോളി കണ്ണൂക്കാടൻ എന്നിവരും സംഘത്തിലുണ്ടാകും. മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട് എന്നിവരാണു കർദിനാളിനു പുറമേയുള്ള സ്ഥിരം സമിതി അംഗങ്ങൾ. കേരളത്തിലെ സഭ നിർണ്ണായക രാഷ്ട്രീയ ചുവടു മാറ്റങ്ങൾ നടത്തുന്നുണ്ട്. അതിനിടെയാണ് സന്ദർശനം.

ബിജെപിയോട് അകൽച്ചയില്ലെന്ന തരത്തിൽ ആലഞ്ചേരി പ്രസ്താവന നടത്തിയിരുന്നു. ഇതിനൊപ്പം പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തുകയും ചെയ്തു. ഈ രാഷ്ട്രീയ മാറ്റം അടക്കം പൊതു സമൂഹത്തിൽ ചർച്ചയിലുള്ളപ്പോഴാണ് വത്തിക്കാൻ യാത്ര. മാർപ്പാപ്പ താമസിയാതെ ഇന്ത്യ സന്ദർശിക്കും. ഇതിൽ എടുക്കേണ്ട നിലപാടുകളടക്കം കേരളത്തിലെ സഭാ നേതൃത്വവുമായി വത്തിക്കാൻ ചർച്ച നടത്തും. മാർപ്പാപ്പയും സഭാ നേതൃത്വത്തെ കണ്ടേക്കും.

ആലഞ്ചേരിയെ സഭാ കോടതി കുറ്റ വിമുക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ചർച്ചകൾ. ഭൂമി ഇടപാടിൽ ഇനി തർക്കം അരുതെന്ന് വത്തിക്കാൻ നിർദ്ദേശിച്ചേക്കും. ഭൂമിയിടപാടിൽ കർദിനാൾ വ്യക്തിപരമായി നഷ്ടമുണ്ടാക്കിയിട്ടില്ല. നഷ്ടംനികത്താൻ ഭൂമിയിടപാടിൽ ഈടായി ലഭിച്ച കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിൽക്കുകയോ ആസ്തിയായി ചേർക്കുകയോ ചെയ്യാമെന്നും കാത്തലിക് ചർച്ചിന്റെ സുപ്രീം ട്രിബ്യൂണലായ സിഗ്‌നേച്ചുറ അപ്പോസ്‌തോലിക്കയുടെ അന്തിമ ഉത്തരവിൽ പറയുന്നു.

ഭൂമിവിൽപ്പനയുടെ ഉത്തരവാദിത്വം മാർ ജോർജ് ആലഞ്ചേരിക്കു മാത്രമാണെന്നും നഷ്ടം നികത്തേണ്ടത് കർദിനാളാണെന്നും കാണിച്ച് അതിരൂപത വൈദികസമിതി നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾ ജിറേലി മുഖേന അതിരൂപത അപ്പോസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് ഉത്തരവ് ലഭിച്ചത്.

കർദിനാളിനെതിരേ ആരോപണമുന്നയിക്കുന്ന വൈദികർ, കാനോനിക സമിതിയംഗങ്ങൾ എന്നിവരെ താക്കീത് ചെയ്യുകയും കാനോനിക നിയമപ്രകാരം നടപടിയെടുക്കേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു. ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൂട്ടുത്തരവാദിത്വത്തിന്റെ ഫലമാണെന്നത് വ്യക്തമാണെന്നും സഭ കോടതി വിശദീകരിച്ചിരുന്നു.

എന്നാൽ അതിരൂപത ഭൂമിവിൽപ്പനയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വത്തിക്കാൻ കുറ്റവിമുക്തനാക്കിയെന്ന പ്രചാരണം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അൽമായ മുന്നേറ്റം പ്രതികരിച്ചിരുന്നു. ഭൂമിവിൽപ്പനയിൽ അഴിമതി നടന്നുവെന്ന് വത്തിക്കാൻ നേരിട്ടു നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നതാണ്. തുടർന്ന് കർദിനാളിനെ എറണാകുളം അതിരൂപതയുടെ ഭരണച്ചുമതലയിൽനിന്ന് നീക്കുകയും ചെയ്തതാണെന്നും അവർ ഇപ്പോഴും പറയുന്നു.

ഇപ്പോഴത്തെ കത്ത് ആരുടേതാണെന്ന് വ്യക്തമല്ല. അതിരൂപത അപ്പോസ്തലിക് സിഞ്ഞൂരയിൽ കൊടുത്ത അപ്പീൽ ദിവസം വൈകി എന്നതിന്റെ പേരിൽ സ്വീകരിക്കാൻ പറ്റില്ല എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. കേസിന്റെ മെറിറ്റിലേക്ക് വത്തിക്കാൻ കടന്നിട്ടില്ല. എറണാകുളം അതിരൂപതയുടെ കാനോനിക സമിതികളിൽ ചർച്ച നടത്താതെ മാർ ആൻഡ്രൂസ് താഴത്ത് തീരുമാനമെടുത്താൽ വിശ്വാസികൾ തടയുമെന്നും അൽമായ മുന്നേറ്റം അറിയിച്ചു.

അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെതിരേ വൈദികർ നടത്തുന്ന പ്രചാരണങ്ങൾ സഭയുടെ പരമോന്നത കോടതി തള്ളിയ സാഹചര്യത്തിൽ അതിരൂപതയിലെ കൂരിയയും വൈദികസമിതി അംഗങ്ങളും രാജിവെച്ച് മാപ്പുപറയണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.