- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ആരോപണവും തട്ടിക്കൊണ്ടു പോകലുമടക്കം നിരവധി പരാതികൾ; സഭാ ഫണ്ടിൽ തിരിമറി നടത്തി; മൈസൂരു ബിഷപ്പിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് വത്തിക്കാൻ; ബിഷപ്പ് കനികദാസ് എ വില്യമിനോട് അവധിയിൽ പോകാൻ നിർദ്ദേശം
ബെംഗളൂരു: ലൈംഗിക ആരോപണവും തട്ടിക്കൊണ്ടു പോകലും സാമ്പത്തിക തട്ടിപ്പും അടക്കം നിരവധി പരാതികൾ നേരിടുന്ന മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് വത്തിക്കാൻ. ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കിയത്. ബിഷപ്പിനോട് അവധിയിൽ പോകാനാണ് വത്തിക്കാൻ നിർദേശിച്ചത്.
2019ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നൽകിയത്. ബെംഗളുരു മുൻ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസിനാണ് പകരം ചുമതല.
ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നൽകണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നൽകിയിരുന്നു. സഭാ ഫണ്ടിൽ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങൾ വൈദികർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.തനിക്കെതിരെ പരാതി നൽകിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റി. ഇതും വൻ വിവാദമായി.
ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് വില്യമിനെതിരെ ഉയർന്നിരുന്നു. കുറച്ചുവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കുന്നത്. പകരം ചുമതലയേൽക്കുന്ന മുൻ ബെംഗളുരു ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസ് മൈസുരു അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്ററാകും. ഇദ്ദേഹത്തിന് ഭരണപരമായും അജപാലപരവുമായ എല്ലാ ചുമതലകളും കൈമാറണമെന്നും വത്തിക്കാൻ സ്ഥാനപതി നിർദേശിച്ചിട്ടുണ്ട്. 2018-ലാണ് ബെർണാർഡ് മോറസ് ബെംഗളൂരു ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ചത്.
കെ.എ. വില്യമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മിഖായേൽ സൽദൻഹ നേരത്തെ രംഗത്ത് വന്നിരുന്നു. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് സൽദൻഹ ബെംഗളൂരു ആർച്ച് ബിഷപ്പിനും മുംബൈ കർദിനാളിനും കത്തെഴുതിയിരുന്നു.
ബിഷപ്പിന്റെ പ്രവൃത്തികളെ എതിർത്ത ഒരു വൈദികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. 2020 മെയ് 24ന് സൽദൻഹ അയച്ച കത്തിൽ വൈദികന്റെ മരണം മൂടിവയ്ക്കാൻ ബിഷപ്പ് കൃത്രിമ തെളിവുകൾ ഉണ്ടാക്കിയതായി പറയുന്നു. ബിഷപ്പിന്റെ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടു വന്നവരിൽ ഒരാളായിരുന്നു മരിച്ച വൈദികൻ. ഈ കേസിൽ മൈസൂരു ക്രൈംബ്രാഞ്ച് ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു.
മാർച്ച് രണ്ടിനാണ് വൈദികനായ വില്യം അൽബുക്യുർക്യൂ നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനം എന്നായിരുന്നു ബിഷപ്പ് നൽകിയ വിശദീകരണം. എന്നാൽ, വൈദികന്റെ മരണം ഹൃദയസ്തംഭനത്താലല്ലെന്നും മൃതദേഹത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്നും ബിഷപ്പിനെതിരെ പരാതി നൽകിയവരിൽ ഒരാളായ റോബർട്ട് റൊസാരിയോ പറഞ്ഞു.
സഭ നടത്തുന്ന കോടികളുടെ പണം വിനിയോഗത്തിൽ നിരവധി ക്രമക്കേടുകൾ ഉള്ളതായി സൽദാൻഹ ആരോപിച്ചിരുന്നു. കൂർഗ് വെള്ളപ്പൊക്കത്തിന്റെ പേരിൽ സഭ വൻ തോതിൽ പണപ്പിരിവു നടത്തിയിരുന്നു. ഏകദേശം 50 കോടി രൂപയോളം ലഭിച്ചു. പക്ഷെ ഇതുവരെ ഈതുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി അറിവില്ലെന്നും സൽദൻഹ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വലിയ വിഭാഗം വിശ്വാസികൾ രംഗത്തുവരികയും അവർ തെളിവുകൾ പുറത്തുവിടുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ