തിരുവനന്തപുരം: വാവ സുരേഷിനു വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം. തിരുവനന്തപുരം കിളിമാനൂരിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. 

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചായിരുന്നു അപകടം. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാർ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയിൽ ഇടിക്കുകയും പിന്നിൽ വാവാ സഞ്ചരിച്ചിരുന്ന ടാക്‌സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.

അപകടത്തിൽ ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിന്റെ കാറിലേക്ക് എതിർ ദിശയിൽ നിന്നും വന്ന കെഎസ്ആർടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാർ നിന്നത്. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വാവാ സുരേഷിനേയും കാറിന്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

വാവായുടെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് വാവാ സുരേഷ്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു വാവ സുരേഷ്.അപകടത്തിൽ കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചതിനെ തുടർന്ന് നീണ്ട ആശുപത്രി വാസത്തിന് ശേഷം വീണ്ടും പാമ്പിനെ പിടിക്കുന്നതിൽ സജീവമായി വരുകയായിരുന്നു വാവ സുരേഷ്. കുറിച്ചിയിൽ വച്ച് പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്താണ് പാമ്പ് കടിയേറ്റത്. തുടർന്ന് ഇഴഞ്ഞു പോകാൻ ശ്രമിച്ച പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് കയറ്റിയിരുന്നു. സ്ഥിതി ഗുരുതരം ആയതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവ സുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.

മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വാവ സുരേഷ് വൈദ്യശാസ്ത്രത്തിന്റെ മികവ് കൊണ്ടായിരുന്നു രക്ഷപ്പെട്ടത്. ഇതിന് ശേഷം വനം വകുപ്പ് നിയമങ്ങൾ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് എന്ന വിമർശനം ശക്തമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വാവ സുരേഷിനെ താക്കീത് ചെയ്തിരുന്നു. എന്നാലും വാവ സുരേഷ് ചികിത്സയ്ക്ക് ശേഷവും സുരക്ഷ സജ്ജീകരണങ്ങളില്ലാതെ ആണ് പാമ്പിനെ പിടിച്ചിരുന്നത്.

കുറിച്ചിയിലെ അപകടത്തിന് ശേഷം വനം വകുപ്പ് നിയമങ്ങൾ പാലിച്ചായിരുന്നു പാമ്പിനെ വാവ സുരേഷ് പിടിച്ചത്. പത്തനംതിട്ട കോന്നിയിലാണ് വാവ സുരേഷിന്റെ ഇത്തരത്തിൽ ആദ്യ പാമ്പുപിടുത്തം നടന്നത്. മണ്ണീറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനം വകുപ്പിന്റെ പാമ്പുപിടുത്ത ഉപകരണങ്ങൾ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്.

സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചായിരുന്നു വാവ സുരേഷിന്റെ പാമ്പുപിടുത്തം. സാധാരണ വെറും കൈയോടെ മറ്റ് സുരക്ഷ മാർഗങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വാവ സുരേഷ് പാമ്പിനെ പിടിക്കാറുള്ളത്. എത്ര ഉഗ്രവിഷമുള്ള പാമ്പാണെങ്കിലും ഇതായിരുന്നു വാവ സുരേഷ് അവലംബിച്ചിരുന്ന രീതി. ഇത്തരത്തിൽ പിടിക്കുമ്പോൾ നിരവധി തവണ വാവ സുരേഷിന് പാമ്പ് കടിയേൽക്കുകയും ചെയ്തിരുന്നു.

മണ്ണീറയിൽ ജനവാസ മേഖലയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട ഉടനെ തന്നെ വിവരം വാവ സുരേഷിനെയും കോന്നിയിലെ വനം വകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നാട്ടുകാർ അറിയിച്ചിരുന്നു. ചിറ്റാറിലുണ്ടായിരുന്ന വാവ സുരേഷ് ആണ് ആദ്യം സ്ഥലത്ത് എത്തിയത്. എന്നാൽ വനം വകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ വനപാലകർക്കായി വാവ സുരേഷ് കാത്ത് നിന്നു.

വൈകാതെ തൊട്ടുപുറകെ വനപാലകരും എത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനീഷിനൊപ്പം ചേർന്നാണ് ഉപകരണങ്ങൾ ഉപയോഗിച്ച് വാവ സുരേഷ് പാമ്പിനെ പിടിച്ചത്. ഈ വർഷം ജനുവരിയിലാണ് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്. കോട്ടയത്ത് കുറിച്ചിയിൽ പാമ്പിനെ പിടിക്കുന്നതിനിടെ ആയിരുന്നു ഇത്.

അതിനിടെ പാമ്പുകളെ പിടിക്കാനുള്ള ലൈസൻസ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. ലൈസൻസ് ഇല്ലാതെ പാമ്പു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതൽ 7 വർഷം വരെ തടവും പിഴയുമുള്ള കുറ്റമാണ്. പാമ്പുപിടിക്കുന്നതിൽ വൈദഗ്ധ്യമുള്ള വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസൻസ് എടുത്തിട്ടില്ല.

ലൈസൻസിനായി വാവ സുരേഷ് അപേക്ഷിച്ചിട്ടുമില്ല. വാവ സുരേഷിന്റെ പാമ്പുപിടിത്തം അശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് എന്ന് നിരവധി തവണ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ മൂന്നര പതിറ്റാണ്ടിൽ ഏറെയായി പാമ്പുകളെ പിടിക്കുന്ന തനിക്ക് അതിനായി ലൈസൻസ് എന്തിനാണ് എന്നായിരുന്നു വാവ സുരേഷ് ചോദിക്കാറുള്ളത്.