- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവു വിളക്കിട്ടാൽ അന്ന് തന്നെ എറിഞ്ഞു പൊട്ടിക്കും; പകലും രാത്രിയും സാമൂഹിക വിരുദ്ധരുടെ വിളയാട്ടവും; കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടന്ന വാഴക്കുന്നം പാലം അത്ര വെടിപ്പല്ല; പാലത്തിൽ ഇരുന്ന് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; മഹിളാ മോർച്ച ഇടപെടൽ വിവാദമാകുമ്പോൾ
പത്തനംതിട്ട: ആണും പെണ്ണും ഒരുമിച്ചിരുന്നതിന്റെ പേരിൽ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം നടന്ന വാഴക്കുന്നം നീർപ്പാലം അത്ര വെടിപ്പല്ലെന്ന് നാട്ടുകാർ. സദാസമയവും സാമൂഹിക വിരുദ്ധരുടെ വിളയാട്ടം നടക്കുന്ന സ്ഥലമാണിത്. വാഴക്കുന്നം മുതൽ അയിരൂർ നീലംപ്ലാവ് വരെ അരകിലോ മീറ്ററിലധികം നീളമുള്ള കനാൽ നീർപ്പാലം പകലും രാത്രിയും പലരും ഇടത്താവളമാക്കുന്നതായി പരാതി നില നിൽക്കുന്നുണ്ട്.
വൻ തുക ചെലവഴിച്ച് പാലത്തിൽ സ്ഥാപിച്ചിരുന്ന വഴി വിളക്കുകൾ മുഴുവൻ തൂണുകൾ സഹിതം നശിപ്പിക്കപ്പെടുകയാണ്. ബൾബുകൾ പുനഃസ്ഥാപിച്ചാൽ പോലും ദിവസങ്ങളുടെ ആയുസ് ഉണ്ടാകാറില്ല. ചെറുകോൽ നിന്നും അയിരൂരിലേക്കുള്ള എളുപ്പ മാർഗമായ ഇത് ധാരാളം പേർ യാത്രക്കായി ഉപയോഗിക്കുന്നു. അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിലേക്കുള്ള ഈ വഴി രാത്രിയിലും പകലും സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാർത്ഥികൾക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സദസുമായി യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരും രംഗത്തു വന്നു. വിദ്യാർത്ഥികൾക്ക് നേരെ അക്രമം ഉണ്ടായ റാന്നി വാഴക്കുന്നം പാലത്തിൽ ഇരുന്നായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. സദാചാര ഗുണ്ടായിസം നാൾക്കുനാൾ കഴിയുംതോറും വർധിച്ചു വരികയാണെന്നും ഇത്തരം പ്രവർത്തികൾ സാക്ഷര കേരളത്തിന് അപമാനകരമാണെന്നും സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിനി തങ്കപ്പൻ, നഹാസ് പത്തനംതിട്ട, ജില്ലാ ഭാരവാഹികളായ എം.ജെ. രെഞ്ചു, ഷിജു തോട്ടപ്പുഴശേരി, ലക്ഷ്മി അശോക്, അരവിന്ദ് അട്ടത്തോട്, ആര്യ മുടവനാൽ, ആൽവിൻ വർഗീസ്, ഫിനോ ഡിജോ എബ്രഹാം, ജസ്റ്റിൻ എബ്രഹാം, ജെബിൻ കഴിക്കാല, ഷിലിൻ മറിയം ജോസഫ്, ഷിതിൻ ഷിബു, സെന്റ് തോമസ് കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന് അമിത്ത് ജേക്കബ് സുനിൽ എന്നിവർ പ്രസംഗിച്ചു.
പാലത്തിൽ ഒന്നിച്ചിരുന്ന ആൺ-പെൺകുട്ടികളെ സ്ത്രീകളടങ്ങുന്ന സംഘം മർദിച്ചത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ മൂന്നു പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. മഹിളാ മോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭർത്താവ് സുജിത്ത്, സഹോദരൻ അനു എന്നിവർക്കെതിരേയാണ് കേസ്. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പാലത്തിൽ നിന്ന് തള്ളിയിടാൻ നോക്കിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ വാഴക്കുന്നത്താണ് സംഭവം. പമ്പാ നദിക്ക് കുറുകെ ഉള്ള പി.ഐ.പി കനാൽ നീർപാലത്തിൽ ഇരിക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
മർദനമേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. കോളജിൽ ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോൾ വഴക്കുന്നം സുഹൃത്തുക്കളായ കുട്ടികളോടൊപ്പം പാലത്തിൽ ഇരിക്കുകയായിരുന്നുവെന്നും ഈ സമയം ഇത് വഴി കാറിൽ വന്നവർ മോശമായി സംസാരിച്ചുവെന്നും കുട്ടികൾ പറയുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് കാറിൽ ഉണ്ടായിരുന്ന്വു്രഗ ഇവരുടെ സുഹൃത്തായി എത്തിയവരും ചേർന്ന് മർദിച്ചതത്രെ. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും കുട്ടികൾ പറയുന്നു.
ഇതിനിടയിൽ പാലത്തിന്റെ കൈവരിയിൽ ഇരുന്ന വിദ്യാർത്ഥിയെ കാലിൽ പിടിച്ച് നദിയിലേക്ക് തള്ളാൻ ശ്രമിച്ചെന്നും സുഹൃത്ത് രക്ഷിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ