തിരുവനന്തപുരം: വൻ സുരക്ഷാ വീഴ്ച. വഴയിലയിൽ സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്ന രാജേഷ്(46) ജയിലിൽ തൂങ്ങി മരിച്ചു. തിരുവനന്തപുരം ജില്ലാ ജയിലിൽ പുലർച്ചെയായിരുന്നു തൂങ്ങി മരണം. കൊലക്കേസ് പ്രതിയുടെ തൂങ്ങി മരണം ജയിൽ അധികൃതരുടെ അനാസ്ഥയാണ്. കേരളത്തെ നടുക്കിയ കൊലയിലെ പ്രതിയാണ് ആത്മഹത്യ ചെയ്യുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു രാജേഷ്. സെല്ലിനുള്ളിൽ രാജേഷിന് ആത്മഹത്യ ചെയ്യാനായത് മതിയായ നിരീക്ഷണത്തിന്റെ കുറവു കൊണ്ടാണ്. ഇത് ജയിൽ അധികൃതർക്ക് പറ്റിയ വലിയ വീഴ്ചയാണ്.

രണ്ടു ദിവസം മുമ്പ് രാവിലെയാണ് സിന്ധുവിനെ വഴയിലയിൽ വെച്ച് രാജേഷ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സിന്ധുവിന്റെമകളുടെ വിവാഹം ഈ അടുത്ത കാലത്ത് നടന്നിരുന്നു. സിന്ധുവും രാജേഷും ചേർന്നാണ് വിവാഹം നടത്തിയത്. അതിന് ശേഷമാണ് ഇവർക്കിടയിൽ പ്രശ്‌നമുണ്ടായത്.. നാട്ടുകാർ പോലും ഗൗരവത്തോടെ വിഷയത്തിൽ ഇടപെട്ടു. പഞ്ചായത്തിലെ ചർച്ചയിൽ അപമാനിതനായി എന്ന തോന്നൽ രാജേഷിന് ഉണ്ടായിരുന്നു. സിന്ധുവിന് ഇനി വേണ്ട എന്ന് പറഞ്ഞതോടെ നാട്ടുകാർക്ക് മുമ്പിൽ രാജേഷ് നാണം കെട്ടു. ഇതാണ് വഴയിലയിൽ സിന്ധുവിനെ കൊല്ലുന്നതിലേക്കുള്ള മാനസികാവസ്ഥയിലേക്ക് രാജേഷിനെ എത്തിച്ചത്. കൊലയ്ക്ക് ശേഷം നാട്ടുകാർക്ക് പിടി കൊടുത്തു. പിന്നാലെ പൊലീസിനോട് കുറ്റസമ്മതം നടത്തി.

നിയമപരമായി വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കഴിഞ്ഞിരുന്ന രാജേഷും സിന്ധുവും തമിലുള്ള പ്രശ്‌നം നന്ദിയോട്ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ എത്തുന്നത് ഒന്നര മാസം മുൻപാണ്. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ജാഗ്രത സമിതിക്ക് മുന്നിൽ രാജേഷ് തന്നെയാണ് പരാതിയുമായി എത്തിയത്. മകളെ വിവാഹം കഴിച്ച് അയച്ച ശേഷം സിന്ധു തന്നിൽ നിന്നും അകന്നു. വിവാഹം നടത്തിയതിൽ തനിക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. താൻ താലി കെട്ടിയ ഭര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് സിനുവിനൊപ്പം താമസം തുടങ്ങിയത്. ബഹുമാനപ്പെട്ട പ്രസിഡന്റ് ഇടപെട്ട് തങ്ങളെ ഒരുമിപ്പിച്ച് ഒന്നിച്ചു ജീവിക്കാൻ വിടണം. ഇതായിരുന്നു പരാതിയുടെ ഉള്ളടക്കം.

പരാതി പരിഗണിച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിനെയും രാജേഷിനെയും പഞ്ചായത്ത് ആഫീസിൽ വിളിച്ചു വരുത്തി. സിന്ധു വിവാഹം കഴിഞ്ഞ് പോയ മകൾക്ക് ഒപ്പമാണ് ജാഗ്രത സമിതിക്ക് മുൻപാകെ എത്തിയത്. പ്രസിഡന്റിന് മുന്നിൽ രാജേഷ് സാമ്പത്തിക ബാധ്യതയുടെ കെട്ടഴിച്ചു. മകളുടെ വിവാഹം നടത്തിയതിലെ ബാധ്യതയാണന്നും പറഞ്ഞു. എന്നാൽ ബാധ്യത താൻ വീട്ടുമെന്നും എന്നാലും രാജേഷിനൊപ്പം ജീവിക്കാനില്ലന്ന് സിന്ധു കട്ടായം പറഞ്ഞു. ഇതോടെ നിന്റെ മുഖദാവിൽ നിന്ന് ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ക്ഷുഭിതനായി രാജേഷ് ഇറങ്ങിപ്പോയി. സിന്ധുവിന്റെ മകളും അമ്മ ഈ ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞു. നിയമപരമായി ഇവർ വിവാഹം കഴിക്കാത്തതിനാൽ പഞ്ചായത്തും സിന്ധുവിന്റെ നിലപാടിനൊപ്പം നിന്നു. പിന്നീട് പെരിങ്ങമലയിലെ സഹോദരിയുടെ വീട്ടിൽ ഒളിച്ചാണ് സിന്ധു കഴിഞ്ഞിരുന്നത്.

അവിടെ ചെന്നും ഫോണിലൂടെയും രാജേഷ് ശല്യം തുടർന്നു. രാജേഷിന്റേത് സിന്ധുവിന് ശല്യമാകുന്ന തരത്തിലുള്ള സ്‌നേഹമായിരുന്നുവെന്നാണ് അറിവ്. ഒരു സൈക്കോ ക്യാരക്ടർ. അമിത സ്‌നേഹത്തിൽ നിന്നുണ്ടാകുന്ന ഉത്കണ്ഠയും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ ആയതോടെയാണ് സിന്ധു ഈ ബന്ധത്തിൽ നിന്നും പിന്മാറിയതെന്നാണ് വിവരം. കൂടാതെ മകളുടെ കല്യാണം രാജേഷ് ആണ് നടത്തിയതെങ്കിലും അവരുടെ ഭാവിക്ക് രാജേഷിൽ നിന്നും ഒഴിവാകാൻ സിന്ധു ആഗ്രഹിച്ചിരുന്നു. രണ്ടു മാസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്.

രാജേഷ് നന്ദിയോട് ടൗണിൽ തന്നെ സ്‌കൂളിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ഇതിനടുത്ത് പ്ലാവിളയിൽ നേരത്തെ ഇരുവരും ചേർന്ന് ജ്യൂസ് കടയും നടത്തിയിരുന്നു. ഇവർ ആദ്യം പാണ്ഡ്യൻ പാറയിൽ വച്ചാണ് ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. പിന്നീട് നന്ദിയോട്ടെ തന്നെ അഞ്ചോളം സ്ഥലങ്ങളിൽ ഇവർ മാറി മാറി താമസിച്ചു. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ ജോലി ചെയ്തിരുന്ന പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.