- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർ; സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ സർക്കാർ നടപ്പിലാക്കും; ആരിഫ് മുഹമ്മദ് ഖാനെ വെട്ടാൻ പുതു നീക്കവുമായി പിണറായി സർക്കാർ; കേരളത്തിൽ 'രാജസ്ഥാൻ മോഡൽ' നടപ്പാക്കിയേക്കും
തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കും. സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ സർക്കാർ നടപ്പിലാക്കും. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്നാണ് കമ്മിഷൻ ശുപാർശ. സർക്കാരുമായി ഗവർണ്ണർ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് ഉന്നത ഉദ്യോഗസ്ഥരോടും നിയമവിദഗ്ധരോടുമായി സർക്കാർ കൂടിയാലോചനകൾ നടത്തുന്നത്.
ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർ വേണമെന്നതാണ് കമ്മീഷൻ ശുപാർശ. സർവകലാശാലകളിൽ സെനറ്റിനു പകരമായി നിയമിക്കപ്പെടുന്ന ബോർഡ് ഓഫ് റീജന്റ്സിൽനിന്നും ചാൻസലറെ തിരഞ്ഞെടുക്കണമെന്നാണ് നിർദ്ദേശം. അക്കാദമികം, ശാസ്ത്രം, സാംസ്കാരികം, ഭരണനിർവഹണം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിൽ നേതൃപാടവവും മികവും തെളിയിച്ചവരും സാർവത്രികമായി ബഹുമാനിക്കപ്പെടുന്നവരുമായിരിക്കണം ചാൻസലർ എന്നും പറയുന്നു.
ഈ വിഷയം സിപിഎം ഉടൻ ചർച്ച ചെയ്യും. അതിന് ശേഷം ഇടതു മുന്നണിയിലും വയ്ക്കും. സിപിഐയും ഗവർണ്ണർക്ക് എതിരാണ്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് ഭരണകക്ഷിയിൽ പ്രശ്നമുണ്ടാകില്ല. ചാൻസലർപദവിയിൽ ഗവർണറുടെ അധികാരം കുറയ്ക്കാൻ രണ്ടുകമ്മിഷൻ റിപ്പോർട്ടുകൾ സർക്കാരിന് മുമ്പിലുണ്ട്. ഇത് രണ്ടും സിപിഎം ഗൗരവത്തോടെ പരിഗണിക്കും. ശ്യാം ബി മേനോന്റെ നിർദ്ദേശങ്ങളോടാണ് ഈ ഘട്ടത്തിൽ കൂടുതൽ താൽപ്പര്യം.
ചാൻസലർക്കുമുകളിൽ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കണമെന്നാണ് സർവകലാശാലാ നിയമപരിഷ്കാരത്തിനുള്ള ഡോ. എൻ.കെ. ജയകുമാർ കമ്മിഷന്റെ ശുപാർശ. ഗവർണറെ ചാൻസലറായി നിലനിർത്തി, അധികാരം കുറയ്ക്കുന്ന ശുപാർശകളാണ് ഈ റിപ്പോർട്ടിൽ. വി സി. നിയമനങ്ങൾക്കുള്ള സർവകലാശാലാ നിയമഭേദഗതി ബിൽ സർക്കാർ നിയമസഭയിൽ കൊണ്ടുവന്നത് അങ്ങനെയായിരുന്നു. ഈ ഭേദഗതിയിൽ ഗവർണ്ണർ ഒപ്പിടാൻ ഇടയില്ല. ഇതെല്ലാം പരിഗണിച്ചാകും സർക്കാർ തീരുമാനം.
ജയകുമാർ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് ചാൻസലറായി ഗവർണർ തുടരട്ടെയെന്ന നിലപാടിലായിരുന്നു ആദ്യം മുഖ്യമന്ത്രിയും സിപിഎമ്മും. എന്നാൽ ഗവർണ്ണർ രണ്ടും കൽപ്പിച്ചാണ്. അതിനാലാണ്, ചാൻസലർ പദവിയിൽ ഗവർണറെ നീക്കാനുള്ള ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശ പരിഗണിക്കാൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നത്. ഇതിനായി ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായുള്ള ബില്ലുകൾ വൈകാതെ നിയമസഭയിൽ കൊണ്ടുവരും
കണ്ണൂർ വി സി.യായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതു വിവാദമായപ്പോൾ ചാൻസലർ പദവിയൊഴിയാൻ ഗവർണർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, തന്നെ ചാൻസലർ സ്ഥാനത്തുനിന്നൊഴിവാക്കാൻ ആവശ്യപ്പെട്ട് അന്ന് ഗവർണർ മുഖ്യമന്ത്രിക്കു കത്തും നൽകി. ഗവർണർ ഉന്നയിച്ച ഈ ആവശ്യം സർക്കാരും ആയുധമാക്കും. കോൺഗ്രസ് ഭരണമുള്ള രാജസ്ഥാനിൽ ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നൊഴിവാക്കിയതിനാൽ ഇപ്പോഴത്തെ നീക്കം പ്രതിപക്ഷത്തിനും എതിർക്കാനാവില്ലെന്ന് സർക്കാർ കരുതുന്നു.
മറുനാടന് മലയാളി ബ്യൂറോ