തിരുവനന്തപുരം: കിഫ്ബി സിഇഒ കെ എം എബ്രഹാമിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ.എം എബ്രഹാമിന് എതിരായ സി.ബി.ഐ അന്വേഷണ നിര്‍ദ്ദേശത്തില്‍ കോടതി വിധി വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന വിജിലന്‍സാണ് അന്വേഷണം നടത്തി കുറ്റവിമുക്തനാക്കിയത്. വിജിലന്‍സ് കെ.എം എബ്രഹാമിനെ മനപൂര്‍വം കുറ്റവിമുക്തനാക്കുകയായിരുന്നെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കെ.എം എബ്രഹാം കുറ്റക്കാരനാണെന്നതിന് തെളിവുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതു തന്നെയാണ് അജിത് കുമാറിനെതിരായ കേസിലും നടന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സാണ് അജിത് കുമാറിനെയും കുറ്റവിമുക്തനാക്കിയത്. മുഖ്യമന്ത്രിയുടെ വിജിലന്‍സ് അന്വേഷിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പഴയ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജയിലില്‍ പോകേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നത്? ആരൊക്കെയാണ് ആ ഓഫീസില്‍ ഇരിക്കുന്നത്? കിഫ്ബിയുടെ തലപ്പത്ത് കെ.എം എബ്രഹാമിനെ പേലെ ആരോപണവിധേയനായ ഒരാള്‍ ഇരിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഇവരുടെയൊക്കെ ഉപദേശം കേട്ടാണ് സര്‍ക്കാര്‍ കിഫ്ബി ഉണ്ടാക്കിയത്. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കിഫ്ബി മാറി. ഇവരൊക്കെയാണ് ഉപദേശം നല്‍കി സര്‍ക്കാരിനെ ഈ സ്ഥിതിയിലാക്കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അത് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സഹപ്രവര്‍ത്തകനായ എ.ഡി.ജി.പിക്കെതിരെ അജിത് കുമാര്‍ വ്യാജ മൊഴി കൊടുത്തെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിട്ടും മുഖ്യമന്ത്രി ആ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ കസേരയിലെ കുഷ്യന് അടിയില്‍ വച്ചിരിക്കുകയാണ്. അത് പുറത്ത് വിടില്ല. ചുറ്റും നില്‍ക്കുന്ന ഉപജാപകസംഘത്തെ രക്ഷിക്കുകയും അവര്‍ പറയുന്നത് മാത്രം കേള്‍ക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിലെ മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂര്‍ണ സജ്ജമാണ്. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബൂത്ത് കമ്മിറ്റികള്‍ ഉള്‍പ്പെടെ അത് നേരിടാന്‍ സജ്ജമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് ഇപ്പുറത്ത് നിന്നും എന്തെങ്കിലും കിട്ടുമോയെന്ന് നോക്കിയ ശേഷമാണ് എല്‍.ഡി.എഫ് സാധാരണയായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത്. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. ചില ചാനലുകള്‍ എല്ലാ ദിവസവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ്. ഒരു ദിവസം ഒരാളെ പ്രഖ്യാപിക്കും.

പിറ്റേന്ന് ആള് മാറും. രാത്രിയാകുമ്പോള്‍ മറ്റൊരാളെ പ്രഖ്യാപിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരമെങ്കിലും ഞങ്ങള്‍ക്ക് വിട്ടു തരണം. ചില ചാനലുകള്‍ക്ക് ഇതില്‍ അജണ്ടയുണ്ട്. മറ്റു ചിലര്‍ അത് ഏറ്റെടുക്കുകയാണ്. സി.പി.എം സ്ഥാനാര്‍ത്ഥിയെ ഒരു ചാനലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ എന്തിനാണ് പ്രഖ്യാപിക്കുന്നത്? ഇത് ശരിയാണോയെന്ന് ആലോചിക്കണം. നിങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും ആലോചിക്കണം. ചെയ്യുന്നത് ശരിയാണോയെന്ന് ആലോചിക്കണം. കോണ്‍ഗ്രസിന് പിന്നാലെ ലെന്‍സുമായി ഇങ്ങനെ നടക്കുന്നത് എന്തിനാണ്?

ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ചിലര്‍ പുഷ്പനെ അറിയാമോയെന്ന് ചോദിക്കുമ്പോള്‍ മറ്റു ചിലര്‍ ഗോള്‍വാള്‍ക്കറിന്റെ പടം ഉയര്‍ത്തിക്കാട്ടുകയാണ്. രണ്ടു പേരും ചെയ്യുന്നത് ഒന്നു തന്നെയാണ്. ഇതില്‍ നിന്നും രണ്ടു കൂട്ടരും അകന്നു നില്‍ക്കണം. ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് എന്നതാണ് യു.ഡി.എഫ് നിലപാട്. ആര്‍.എസ്.എസിന്റെ പരിപാടിയും പുഷ്പനെ അറിയാമോയെന്ന സി.പി.എം പരിപാടിയും നിര്‍ത്തണം. വിശ്വാസികളുടെ പണം പിരിച്ചിട്ടാണ് പുഷ്പനെ അറിയാമോയെന്ന് സി.പി.എമ്മുകാര്‍ ചോദിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസ് അഴിമതിക്കേസല്ല. നെഹ്റുവിന്റെ കലം മുതല്‍ ഉണ്ടായിരുന്ന പ്രസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ യംഗ് ഇന്ത്യ എന്ന കമ്പനിയുണ്ടാക്കി. അത് കമ്പനി നിയമത്തിന് വിരുദ്ധമാണെന്നു പറയുന്നത് ശരിയല്ല. സെക്ഷന്‍ 25 അനുസരിച്ച് കമ്പനി രൂപീകരിക്കാനുള്ള അവകാശം നാഷണല്‍ ഹെറാള്‍ഡിനുണ്ട്. കേസിനെ നിയമപരമായി നേരിടും. പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ എടുത്ത എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തി. ഒരു കേസിലും ബുദ്ധമൂട്ടിച്ചില്ല. എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് അവര്‍ എടുത്തതല്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഹിയറിങിന് ഇടയില്‍ കണ്ടെത്തിയ വസ്തുതയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

അത് രാഷ്ട്രീയപ്രേരിതമാണെന്ന് എങ്ങനെ പറയും? മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് കമ്പനി മൊഴി നല്‍കി. അങ്ങനെയാണ് ആ കേസുണ്ടായത്. അല്ലാതെ കേന്ദ്ര ഏജന്‍സികള്‍ പിണറായി കുടുക്കാന്‍ നോക്കിയതല്ല. എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ലാവലിന്‍ കേസ് 34 തവണ മാറ്റി വച്ചിട്ടും സി.ബി.ഐ അഭിഭാഷകന്‍ ഹാജരായില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ പിണറായിയെ സഹായിച്ചു. ഇതുവരെയുള്ള മുഴുവന്‍ കേസുകളിലും കേരളത്തിലെ സി.പി.എമ്മിനെയും പിണറായിയെയും സഹായിക്കുകയാണ് ചെയ്തതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.