തിരുവനന്തപുരം: ലാബോറട്ടറിയിൽ ഉത്പാദിപ്പിച്ച കൃത്രിമഭ്രൂണത്തിലൂടെ രാജ്യത്താദ്യമായി വെച്ചൂർ പശുക്കിടാവിന് ജന്മം നൽകി ശ്രദ്ധാകേന്ദ്രമാകുകയാണ് മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രം. ഇൻവിട്രോ ഫെർട്ടിലൈസേഷന്റെ (ഐ.വി.എഫ്.) സഹായത്തിൽ മാട്ടുപ്പെട്ടിയിലെ കേരള കന്നുകാലി വികസന ബോർഡിന്റെ ഫാമിലാണ് പശുക്കിടാവിന്റെ ജനനം.

വെച്ചൂർ പശുവിന്റെ അണ്ഡാശയത്തിൽനിന്ന് പുറത്തെടുത്ത അണ്ഡങ്ങളിൽ ഐ.വി.എഫ്. വഴി കൃത്രിമമായി ഭ്രൂണങ്ങളെ ഉത്പാദിപ്പിക്കലായിരുന്നു ആദ്യഘട്ടം. ബോർഡിന്റെ ലബോറട്ടിയിലായിരുന്നു പരീക്ഷണം. ഭ്രൂണങ്ങളെ ദ്രവനൈട്രജനിൽ ശിതീകരിച്ച് സൂക്ഷിച്ചശേഷം ചെനപിടിച്ച സങ്കരയിനം പശുവിൽ നിക്ഷേപിച്ചു. രണ്ടുപശുക്കളിലാണ് നിക്ഷേപിച്ചതെങ്കിലും ഒരെണ്ണം മാത്രമേ വിജയിച്ചുള്ളൂ.

നാലുമാസങ്ങൾക്കുമുൻപ് ചത്തപശുവിൽനിന്നുള്ള അണ്ഡം ശേഖരിച്ചുള്ള ഐ.വി.എഫ്. വഴി കിടാവ് ഇവിടെ ജനിച്ചിരുന്നു. താരതമ്യേന വലുപ്പംകുറഞ്ഞ വെച്ചൂർ പശുക്കളിൽനിന്ന് അണ്ഡം കുത്തിയെടുക്കുന്നത് ശ്രമകരമായ ജോലിയാണെന്ന് പരീക്ഷണത്തിന് നേതൃത്വംനൽകിയ ഡോ. കെ.കെ. പ്രവീൺ പറഞ്ഞു.

കേരളത്തിന്റെ പ്രധാന പശുവർഗത്തിൽപ്പെടുന്നവയും സർക്കാർ അംഗീകരിച്ചതുമാണ് വെച്ചൂർ ഇനങ്ങൾ. 80 മുതൽ 100 സെന്റീ മീറ്റർവരെയാണ് ഉയരം. ഏകദേശം രണ്ടുലിറ്ററിന് അടുത്ത് പാൽ ലഭിക്കും. പാലിന് ഗുണമേന്മ കൂടുതലുമാണ്. ജനിതക സംരക്ഷണമെന്ന നിലയിലാണ് വെച്ചൂർ പശുക്കളുടെ പരിചരണം കൂടുതൽ ശ്രദ്ധേയമാകുന്നത്.

കർഷകന്റെ വീട്ടുപടിക്കലിലേക്ക് ഭ്രൂണമാറ്റ സാങ്കേതികവിദ്യ എത്തിക്കാനാണ് കന്നുകാലി വികസനബോർഡിന്റെ അടുത്തനീക്കം. മുന്തിയ സങ്കരയിനം ഇനങ്ങളിൽ നിന്നുണ്ടാക്കിയ ഭ്രൂണമാകും വളർത്തുപശുക്കളിൽ നിക്ഷേപിക്കുക.

സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കു കരുത്ത് പ്രദാനം ചെയ്യുന്ന സങ്കരവർഗ കന്നുകാലികളുടെ മുഖ്യ പ്രജനന കേന്ദ്രമാണ് മാട്ടുപ്പെട്ടി ഇൻഡോ-സ്വിസ് പ്രോജക്ട്. ഗാഢശീതീകരിച്ച ബീജം ഉപയോഗിച്ചു കൃത്രിമ ബീജസങ്കലനം വഴി ഉൽപാദന ശേഷി കൂടിയ വിത്തുകാളകളെ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ഗുണനിലവാരമുള്ള മൂരിക്കുട്ടികളെ ഉൽപാദിപ്പിക്കാൻ 2012ൽ ആണ് ഇവിടെ ബുൾ മദർ ഫാം ആരംഭിച്ചത്.

സുനന്ദിനി എന്ന, കേരളത്തിന്റെ തനതു സങ്കര വർഗ ജനുസ്സിന്റെ ജന്മസ്ഥലം കൂടിയാണ് മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രം. പരമ്പരാഗത കന്നുകാലി വളർത്തൽ രീതികളിൽ നിന്നു തികച്ചും വ്യത്യസ്തമായ പരിപാലന മുറയാണ് ഇവിടെ അവലംബിക്കുന്നത്. ഇത് ക്ഷീരകർഷകർക്കു പകർന്നു നൽകുക വഴി ക്ഷീരോൽപാദനം വർധിപ്പിക്കാൻ കഴിഞ്ഞു. കന്നുകാലികൾക്കു തീറ്റ, ജലപാനം, കറവ, വിശ്രമം എന്നിവയ്ക്കു പ്രത്യേകം സംവിധാനം ഒരുക്കിയാണ് പാൽ ഉൽപാദനം കൂട്ടുന്നത്. സമീകൃത ആഹാരം യന്ത്രവൽകൃത സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു.

ഇവിടെ യന്ത്രസഹായത്തോടെ കറന്നെടുക്കുന്ന പാൽ മനുഷ്യസ്പർശം ഏൽക്കാതെയാണ് സംഭരണിയിൽ എത്തുന്നത്. 1963 ൽ സ്വിസ് അംബാസഡർ മാട്ടുപ്പെട്ടി സന്ദർശിച്ച സമയത്താണ് ഇവിടെ ഇത്തരം ഒരു ഫാമിന്റെ സാധ്യത സംബന്ധിച്ചു ചർച്ച ചെയ്യപ്പെട്ടത്. 510 ഏക്കർ ഭൂമിയാണ് ഇതിനായി വിട്ടുനൽകിയത്.