പത്തനംതിട്ട: ബലാത്സംഗക്കേസുകളില്‍ അന്വേഷണം നേരിടുന്നതിനിടെ സംഗീത പരിപാടിയില്‍ പങ്കെടുത്ത് റാപ്പര്‍ വേടന്‍. ഇന്നലെ വൈകുന്നേരം കോന്നിയിലെ സംഗീത പരിപാടിക്കാണ് വേടന്‍ എത്തിയത്. പതിവുപോരെ വേടനെ കാണാന്‍ വലിയ ജനസഞ്ചയം തന്നെ പരിപാടിക്ക് എത്തിയിരുന്നു. ബലാത്സംഗ കേസുകളില്‍ക്ക് ശേഷം വേടന് ലഭിക്കുന്ന ആദ്യത്തെ പൊതുവേദിയായിരുന്നു ഇത്. കേസിനെ കുറിച്ച് പരാമര്‍ശിക്കാതെ വേടന്‍ നിലപാട് പറഞ്ഞു.

ഒരുപാട് ആള്‍ക്കാര് വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയെന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല - സംഗീതപരിപാടിക്കിടെ വേടന്‍ പറഞ്ഞു. ഞാന്‍ എന്റെ ഈ ഒറ്റ ജീവിതം ഈ ജനങ്ങളുടെ മുന്നില്‍ ജീവിച്ച് മരിക്കാന്‍ വേണ്ടി തന്നെയാണ് വന്നിരിക്കുന്നതെന്നും വേടന്‍ സദസ്സിനോട് പറഞ്ഞു.

ബലാത്സംഗക്കേസില്‍ ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ വേടന്‍, ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനിരിക്കുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നുമാണ് കോടതി നിര്‍ദേശം.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതിയുടെ പരാതി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാന്‍ മതിയായ തെളിവുകളുണ്ടെന്നും ബ്രേക്ക് അപ്പിന് ശേഷം ആരോപണങ്ങളുമായി മറ്റയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

വേടനെതിരെ ഗവേഷക വിദ്യാര്‍ഥി കൂടി പിന്നീട് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നല്‍കിയ പരാതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറിയിരുന്നു. സംഗീത ഗവേഷണത്തിന്റെ പേരില്‍ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും 2020ല്‍ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് വരാന്‍ പറഞ്ഞുവെന്നും അവിടെ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.