കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. പൊലീസയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്ക് മെയില്‍ മുഖേനെ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

തങ്ങളുടെ പക്കലുണ്ടായിരുന്നത് മെയില്‍ ഐഡിയില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമായിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിക്ക് പൊലീസ് നോട്ടീസ് അയച്ചത്. ഈ നോട്ടീസിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.എന്നാല്‍ യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് നോട്ടീസ് അയച്ചതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ നേരത്തെ ജില്ലാ കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. ഗവേഷക വിദ്യാര്‍ത്ഥിനിയെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

2020 ഡിസംബറിലാണ് സംഭവം നടന്നത്.ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് പരാതിക്കാരി വേടനെ ബന്ധപ്പെട്ടത്. വേടന്റെ നിര്‍ദ്ദേശപ്രകാരം വിവരങ്ങള്‍ ശേഖരിക്കാന്‍ എറണാകുളത്ത് എത്തിയ വിദ്യാര്‍ത്ഥിനിയെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടെന്നും പരാതിയിലുണ്ട്.