- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വേടനെതിരായ കേസില്‍ പരാതിക്കാരിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം; പലരും വീട്ടില്‍ അതിക്രമിച്ചു കയറുന്നു; വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി; വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ്; സ്വകാര്യതയെ മാനിക്കണമെന്ന് ഇരയുടെ അഭിഭാഷക; സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കും
വേടനെതിരായ കേസില്‍ പരാതിക്കാരിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം
കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ പരാതിക്കാരിക്കെതിരെ അതിരൂക്ഷ സൈബര്‍ ആക്രമണം നടക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക. പലരും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുന്നു. സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഭിഭാഷക വ്യക്തമാക്കി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് പരാതിക്കാരി കടന്നുപോകുന്നതെന്നും അഭിഭാഷക വ്യക്തമാക്കി.
വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി നല്‍കിയത്. വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ് പരാതിയെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭിഭാഷക വ്യക്തമാക്കി. യുവ ഡോക്ടറുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്സിക് ആണ്, സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചായിരുന്നു ഒഴിവാക്കല്‍ എന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.
കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചതായാണ് യുവഡോക്ടറുടെ പരാതി. വര്‍ഷങ്ങളോളം തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നും യുവതി ആരോപിക്കുന്നു. ആദ്യമായി തന്നെ ചുംബിച്ചതുപോലും അനുവാദമില്ലാതെയാണ്. ആദ്യം താനുമായി ലൈംഗികബന്ധം ഉണ്ടായതും അത്തരത്തിലായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
വേടന്റെ പാട്ടുകളോടും നിലപാടുകളോടും തോന്നിയ ആരാധനയെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടത്. 2021 ഓഗസ്റ്റില്‍ കോഴിക്കോട് താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വേടന്‍ വന്നു. അവിടെ അന്ന് തറയില്‍ ഒരു ബെഡ് ഇട്ടാണ് ഇരുന്നത്. അവിടെവെച്ച് തന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയും അതിനിടയില്‍ അനുമതിയില്ലാതെ തന്നെ ചുംബിക്കുകയുമായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. മൂന്നുദിവസം തന്നോടൊപ്പം വേടന്‍ അവിടെ താമസിച്ചു. പിന്നീട് കൊച്ചിയിലും ഏലൂരിലുംവെച്ചും പീഡനം തുടര്‍ന്നു.
2023 ജൂലൈ മാസത്തില്‍ വേടന്‍ കൊച്ചിയിലെ പരിപാടി കഴിഞ്ഞ് തന്റെ താമസ സ്ഥലത്ത് എത്തുകയും തനിക്ക് വേറെയും ബന്ധങ്ങള്‍ ഉണ്ടെന്നും ബന്ധങ്ങള്‍ക്ക് നീ ഒരു തടസ്സമാണെന്നും പറഞ്ഞു. വളരെ ടോക്സിക് ആയ റിലേഷന്‍ഷിപ്പ് ആണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ മുമ്പില്‍നിന്ന് വേടന്‍ ഇറങ്ങിപ്പോയത്. ഇതിനുശേഷം തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും വേടന്‍ വന്നില്ല. ഇതിനുപിന്നാലെ താന്‍ വളരെ വിഷാദത്തിലായെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് വേടന്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയുകയും ആ ഘട്ടത്തിലാണ് അന്ന് തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഒഴിവാക്കി പോവുകയാണ് ചെയ്തത്. തന്നെ ടോക്സിക്കാണെന്ന് പറഞ്ഞ് മാനസികമായി കൂടി തകര്‍ക്കുകയായിരുന്നു വേടന്റെ ലക്ഷ്യം. താന്‍ കടന്നുപോയ മാനസികസമ്മര്‍ദത്തിന്റെയും അനുഭവിച്ച വിഷാദത്തിന്റെയും പശ്ചാത്തലത്തിലാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും യുവഡോക്ടര്‍ പറയുന്നു.
2021 ഡിസംബറില്‍ പാട്ട് റിലീസ് ചെയ്യാന്‍ പൈസ വേണം എന്ന് ആവശ്യപ്പെടുകയും പതിനായിരം രൂപ കൊടുക്കുകയും ചെയ്തു. ഡിസംബര്‍ 19-ന് വീണ്ടും കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് 5000 രൂപയും കൊടുത്തു. 2021- 23 കാലഘട്ടത്തില്‍ ഏതാണ്ട് പതിനാറിയരത്തോളം രൂപ നല്‍കി. ഇത്തരത്തില്‍ പലപ്പോഴായി വേടന്‍ 31000 രൂപ വാങ്ങിയിട്ടുണ്ട്. ഈ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിയുടെ ഭാഗമായി യുവതി നല്‍കിയിട്ടുണ്ട്. കൂടാതെ 8356 രൂപയ്ക്ക് വേടന് പലപ്പോഴായി ട്രെയിന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.