തിരുവനന്തപുരം: വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചു എന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ രംഗത്തെത്തി. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ്. തനിക്ക് അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു.

കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി. ലോകം കണ്ട ഇതിഹാസ നായകന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. അതിനും കയ്യടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചു. മന്ത്രി സജി ചെറിയാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ 'വേടനെപ്പോലും' എന്ന തന്റെ വാക്കു വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ ശ്രീകുമാരന്‍ തമ്പിയെപ്പോലെ ഒട്ടേറെ പ്രഗത്ഭരായ ഗാനരചയിതാക്കളുണ്ട്. ആ രംഗത്ത് വേടന്‍ അത്ര പ്രഗത്ഭനല്ല. അപ്പോഴും നല്ല കവിത എഴുതിയ വേടനെ ജൂറി സ്വീകരിക്കുകയാണ് ചെയ്തത്. അത് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അനുചിതമായെന്ന് സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുന്നുണ്ട. പ്രിവിലേജസ് ഉള്ളവരുടെ കയ്യില്‍ ഭാഷ ചില അഹങ്കാരക്കളികള്‍ കളിക്കുന്നതിനുദാഹരണമാണ് മന്ത്രിയുടെ പ്രേംകുമാറിനൈയും വേടനെയും കുറിച്ചുള്ള രണ്ടു വാചകങ്ങളുമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി കുറിച്ചു.

ശാരദക്കുട്ടിയുടെ പോസ്റ്റ്:

മന്ത്രി സജി ചെറിയാന്റെ സംസാരഭാഷയിലെ സൂക്ഷ്മതയില്ലായ്മ ഇതാദ്യമായല്ല വിവാദമാകുന്നത്.

രണ്ടു ദിവസം മുന്‍പ് കേട്ടത് ഇതാണ്. 'പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത് വേറെ നടന്മാരില്ലാഞ്ഞിട്ടല്ലല്ലോ''

'വേടനെ പോലുംഅംഗീകരിച്ചു' എന്നതാണ് ഇന്ന് കേട്ടത്.

ഇത് രണ്ടിലും ഒരു വലിയ ഔദാര്യം ചെയ്തതിന്റെ അധികാരഭാവമുണ്ട്. അംഗീകാരമല്ല, ഔദാര്യമാണ് എന്ന ധ്വനി വരുത്തി കൊണ്ടുള്ള നിന്ദാസംഭാഷണമാണത് .

'സാംസ്‌കാരികമന്ത്രിയാക്കിയത് വേറെ കൊള്ളാവുന്നവരില്ലാഞ്ഞിട്ടല്ല'' എന്ന് സ്ഥാനം തന്നവര്‍ അധികാരഭാഷയില്‍ പറഞ്ഞാല്‍ അതിനര്‍ഥം എന്തായിരിക്കും? 'സജി ചെറിയാനെ പോലും ഞങ്ങളംഗീകരിച്ചു ' എന്ന് കൂടി പറഞ്ഞാലോ?

സ്വന്തം ദേഹത്തു നുള്ളിയാലേ നോവറിയൂ.

അപമാനത്തിന്റെ ഒരു പുളച്ചില്‍ തോന്നിയോ? അതൊക്കെത്തന്നെ പ്രേംകുമാറിനും വേടനും തോന്നും. ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ എല്ലാവരും അറിയണം. രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും അറിഞ്ഞിരിക്കണം.

പ്രിവിലേജസ് ഉള്ളവരുടെ കയ്യില്‍ ഭാഷ ചില അഹങ്കാരക്കളികള്‍ കളിക്കുന്നതിനുദാഹരണമാണ് മന്ത്രിയുടെ ഈ രണ്ടു വാചകങ്ങളും .