കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പ്രസ്താവിച്ചത്. വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്തംബര്‍ ഒമ്പതിന് അന്വേഷണം ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജറാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. കേസെടുത്തതു മുതല്‍ ഒളിവിലാണ് വേടന്‍. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.

നല്ല രീതിയിലുള്ള ബന്ധമായിരുന്നു വേടനും പരാതിക്കാരിയുമായി ഉണ്ടായിരുന്നത്. ആ സമയത്ത് പരസ്പര സമ്മതത്തോടുകൂടിയുള്ള ലൈംഗിക ബന്ധമാണ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിട്ടുള്ളത്. അത് ഒരിക്കലും ബലാത്സംഗമല്ല. അതുകൊണ്ടുതന്നെ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ല. പിന്നീട് ഒരു ഘട്ടത്തില്‍ പരാതിക്കാരിയുമായി പിരിയുകയും അതിനുശേഷം ഇത്തരമൊരു പരാതിയുമായി മുന്നോട്ടുവരുകയും ചെയ്യുമ്പോള്‍ അവിടെ ബലാത്സംഗ പരാതി നിലനില്‍ക്കില്ല എന്നാണ് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

കൂടാതെ, 2023-ലാണ് പരാതിക്കാരിയുമായി ബന്ധമുണ്ടായിരുന്നത്. അന്ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിയുമായി യുവതി രംഗത്തുവരുന്നതെന്നും വേടന്‍ ആക്ഷേപം ഉന്നയിച്ചു. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു, പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകന്‍ കോടതയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.

വിഷാദത്തിലായതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നായിരുന്നു വേടന്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോള്‍ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നിയമ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നു അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു. വേടനെതിരെ പൊലീസ് പുതിയ എഫ്‌ഐആര്‍ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഈ കേസിലെ വിഷയങ്ങള്‍ മാത്രമാണ് കോടതി പരിഗണിച്ചത്.

സ്നേഹബന്ധത്തിലിരിക്കേ ലൈംഗിക ബന്ധത്തിലേക്ക് കടക്കുകയും, പിന്നീട് ബന്ധം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ബലാത്സംഗ പരാതിയുമായി മുന്നോട്ട് വന്നാല്‍ അത് നിലനില്‍ക്കുമോ എന്ന വിഷയമാണ് കോടതി പരിഗണിച്ചത്. ഇത് സംബന്ധിച്ച സുപ്രീംകോടതി മുന്‍ ഉത്തരവുകള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം സംഗീതഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ റാപ്പര്‍ വേടന്റെപേരില്‍ (ഹിരണ്‍ദാസ് മുരളി) എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇ-മെയിലായി ലഭിച്ച പരാതി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറുകയായിരുന്നു. സെന്‍ട്രല്‍ പോലീസ് 21-നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഗീതഗവേഷണത്തിന്റെ ഭാഗമായി വേടനെ ബന്ധപ്പെട്ടെന്നും 2020 ഡിസംബറില്‍ കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍െവച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നും താന്‍ ഓടിരക്ഷപ്പെട്ടെന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.