കൊച്ചി: പുലിപ്പല്ല് കേസില്‍ മൊഴിമാറ്റിയെങ്കിലും റാപ്പര്‍ വേടന്‍ കുരുക്കില്‍ തന്നെ. പുലിപ്പല്ല് തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരെത്തെ തായ്ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. ഫ്ലാറ്റില്‍ നിന്ന് വടിവാള്‍, കത്തി, ത്രാസ്സ്, ക്രഷര്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു. വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഴുവന്‍ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുലിപ്പല്ല് ശ്രദ്ധയില്‍ പെട്ടത്. മലേഷ്യന്‍ പ്രവാസിയായ രഞ്ജിത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് നല്‍കിയതെന്നാണ് മൊഴി. ഇയാളെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാന്‍ സാധ്യത ഏറെയാണ്. പുലിപ്പല്ല് കേസില്‍ മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു. ഹിരണ്‍ ദാസ് മുരളിയെന്നാണ് റാപ്പര്‍ വേടന്റെ യഥാര്‍ത്ഥ പേര്. അച്ഛനും അമ്മയും ഇട്ട ഈ പേര് മാറ്റിവച്ചാണ് 'വേടന്‍' എന്ന അപരനാമം സ്വീകരിച്ചത്. 'വേടന്‍' ഇപ്പോള്‍ മൃഗ വേട്ട കേസില്‍ കുടുങ്ങുന്നുവെന്നതാണ് യാദൃശ്ചികത.

നിയമവിരുദ്ധമായി പുലിപ്പല്ല് സൂക്ഷിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക. ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവര്‍ത്തകര്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് വൈറ്റിലയിലുള്ള വേടന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസാണ് പുലിപ്പല്ല് ലോക്കറ്റ് ആയി ഉപയോഗിച്ച മാല കണ്ടെത്തിയത്. സമ്മാനമായി ലഭിച്ചതാണെങ്കിലും നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്. ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ച വേടനെ കോടനാട് റേഞ്ച് ഓഫീസിലേക്ക് ഇന്നലെ രാത്രി തന്നെ കൊണ്ടുപോയി. വളരെ ചെറിയ അളവിലുള്ള കഞ്ചാവായതിനാല്‍ ആണ് കേസില്‍ ജാമ്യം അനുവദിച്ചത്. ഫ്‌ലാറ്റില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസ് എടുക്കില്ല. ഇവ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് വാങ്ങിയതാണെന്ന് വേടന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആയുധങ്ങള്‍ വാങ്ങിയതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. സ്രോതസ് കാണിക്കുന്ന മുറയ്ക്ക് പിടിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയും വിട്ടുനല്‍കും. അപ്പോഴും പുലിപ്പല്ല് കേസ് കുരുക്കായി തുടരും. ഏറെ ഗൗരവ സ്വഭാവമുള്ളതാണ് മൃഗ വേട്ട. പുലിപ്പല്ല് കൊടുത്തു എന്ന് പറയുന്ന രഞ്ജിത് കുമ്പിടി ഇക്കാര്യം നിഷേധിച്ചാല്‍ പോലും വേടന് പ്രതിസന്ധി കൂടും. കുമ്പിടിയെ പിടിക്കാന്‍ കഴിയുമോ എന്നതാണ് വനം വകുപ്പിന് മുന്നിലുള്ള പ്രധാന ചോദ്യം.

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്ക്കെന്നും എഫ്ഐആറില്‍ സൂചിപ്പിക്കുന്നുണ്ട്. കഞ്ചാവ് കേസില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ ആരും കുടുക്കിയതല്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് കാര്യങ്ങള്‍ പറയേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞിരിക്കുമെന്നും വേടന്‍ പറഞ്ഞു. എല്ലാം വന്നിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.

ഡാ മക്കളേ, ഡ്രഗ്സ് ഉപയോഗിക്കല്ലേ, അതു ചെകുത്താനാണ്. അമ്മയും അപ്പനും കരയുവാണ്.' രാസലഹരിക്കെതിരെ റാപ്പര്‍ വേടന്‍ യുവാക്കള്‍ക്കു നല്‍കിയ മുന്നറിയിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ലഹരിക്കെതിരെയുള്ള പ്രചാരണത്തിലൂടെ കയ്യടി നേടിയ ഗായകന്‍ ഒടുവില്‍ കുടുങ്ങിയത് ലഹരിക്കെണിയില്‍ എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. തൃശൂരിലെ ബീച്ച് ഫെസ്റ്റിനിടെയാണു രാസലഹരിക്കെതിരെ വേടന്‍ ആഹ്വാനം നടത്തിയത്. 'ഞാന്‍ അനുഭവംകൊണ്ടു പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് 10 പേര്‍ അടിച്ചാല്‍ 2 പേരു ചത്തുപോകും. എത്ര അമ്മയും അപ്പനും ആണ് എന്റെ അടുത്തുവന്ന് മക്കളെ ഇതൊക്കെ ഒന്നു പറഞ്ഞ് മനസ്സിലാക്കെന്നു പറഞ്ഞു കരയുന്നത്. എനിക്ക് ഇതിപ്പോള്‍ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാന്‍ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ.'ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.

25ാം വയസ്സില്‍ പുറത്തിറക്കിയ ആദ്യ വിഡിയോ ആല്‍ബം, 'വോയ്‌സ് ഓഫ് ദ് വോയ്‌സ്ലെസ്'ഹിറ്റ് ആയതോടെയാണു വേടന്‍ ശ്രദ്ധേയനായത്. വേടന്റെ ഗാനങ്ങളിലെ ദലിത് രാഷ്ട്രീയം ചര്‍ച്ചകള്‍ക്കു വഴിവച്ചു. 'മഞ്ഞുമ്മല്‍ ബോയ്‌സി'ല്‍ വേടന്‍ എഴുതിപ്പാടിയ 'കുതന്ത്രം'എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. തിരുവനന്തപുരത്തു സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന എക്‌സ്‌പോയിലും വേടന്റെ സംഗീത പരിപാടി അരങ്ങേറി. നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് എത്തിയത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു.