കോഴിക്കോട്: ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായ വന്‍ കാമ്പയിന്‍ നടന്നുവരുന്ന സമയത്ത്, 'വേടന്‍' എന്നപേരില്‍ അറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ദാസ് മുരളി കഞ്ചാവ് കേസില്‍ അറസ്റ്റിലായത് കോളിളക്കമുണ്ടാക്കിയിരുന്നു. ആയിരക്കണക്കിന് ആരാധകരുള്ള ഈ യുവാവ് ലഹരിക്കെതിരെ തന്റെ പാട്ടുകളിലുടെ പ്രതികരിക്കാറുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ് വേടന്റേത് എന്നാണ് പൊതുവെ പറയുക.

തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്ളാറ്റില്‍ ഒത്തുകൂടിയത്. കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പക്ഷേ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടുവരുന്ന മറ്റൊരു രീതി, തീവ്ര ഇടത്- ദലിത് ബുദ്ധിജീവികള്‍ ഒന്നടങ്കം വേടനെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവരികയാണ്. ഒരു കഞ്ചാവ് കേസിലേക്ക് ദലിത് രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവുമൊക്കെ കലര്‍ത്തുകയാണ്.

പിന്തുണച്ച് സാസ്‌ക്കാരിക നായകര്‍

'സാംസ്‌കാരിക ശുദ്ധിവാദികള്‍ പോയി തൂങ്ങി ചാവട്ടെ, വേടനും ഖാലിദ് റഹ്‌മനും അഷ്‌റഫ് ഹംസക്കും ഒപ്പം' എന്നാണ് എഴുത്തുകാരനും ദിലിത് ചിന്തകനുമായ കെ കെ ബാബുരാജ് പോസ്റ്റിട്ടത്. ഇത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതിനെ പരിഹസിച്ച് ഷൈന്‍ ടോം ചാക്കോക്കും, ശ്രീനാഥ് ഭാസിക്കും താങ്കള്‍ പിന്തുണ നല്‍കാത്തത് മോശമായിപ്പോയി എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. എഴുത്തുകാരിയും ദലിത് ആക്റ്റീവിസ്റ്റുമായ മൃദുലാദേവി വേടന്റെ ചൈല്‍ഡ് ഹുഡ് ട്രോമകളെക്കുറിച്ച് പറയുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ വേടനെ ചികിത്സിക്കയാണ് വേണ്ടതെന്ന് അവര്‍ പറയുന്നു. അതുപോലെ ദലിത് ആയതുകൊണ്ട് വേടനെ വേട്ടയാടുന്നുവെന്ന നരേറ്റീവുകള്‍ പലരും ഇറക്കിയിട്ടുണ്ട്. നേരത്തെ വിനായകന് കിട്ടിയ ജാതിസംരക്ഷണം ഇവിടെയും കാണാം. പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിലും ഏഷ്യാനെറ്റിനെ പരിഹസിച്ചും വേടനെ പിന്തുണച്ചും പോസ്റ്റുകള്‍ ഉണ്ട്്

റാപ്പര്‍ വേടനെ അനുകൂലിച്ച് ആദിവാസി സമൂഹത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷും രംഗത്തെതി. വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാന്‍ കഴിയുമെന്നും വാക്കുകള്‍ കൊണ്ട് കേരളത്തെ കത്തിച്ച വേടനൊപ്പമാണെന്നും യുവജനത്തിന് ഒരു തീ ആയിരുന്നു വേടനെന്നും ഫെയ്സ് ബുക്ക് കുറിപ്പില്‍ ലീല സന്തോഷ് പറയുന്നു. നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ പയ്ക്കിഞ്ചന ചിരി എന്ന പേരില്‍ ഒരു ചെറുചിത്രവും ലീല സന്തോഷ് സംവിധാനം ചെയ്തിരുന്നു. വിനായകനെ നായകനാക്കി കരിന്തണ്ടന്‍ എന്ന ചിത്രം ലീല പ്രഖ്യാപിച്ചിരുന്നു.

ഏഷ്യനെറ്റിനെതിരെയും പ്രതിഷേധം

വേടന്‍ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ പാട്ടിനെ ട്രോളിക്കൊണ്ട് 'കഞ്ചാവ് തുന്നിയ കുപ്പായം' എന്ന് തലക്കെട്ടിട്ട് വാര്‍ത്ത കൊടുത്ത ഏഷ്യനെറ്റിനെതിരെയും, എഴുത്തുകാരുടെയും ബുദ്ധിജീവികളുടെ പ്രതിഷേധം പുകയുന്നുണ്ട്-'ബ്യുറോ നിറയെ കൂട്ടിയിട്ട് കത്തിച്ച് വലിക്കുന്ന ഊളടീമുകള്‍ അഞ്ച് ഗ്രാമിന്റെ പേരില്‍ ഈ ഊമ്പിത്തരം എഴുതിയതില്‍, അവന്റെ പ്രതിഭയെ അങ്ങേയറ്റം റദ്ദുചെയ്തതില്‍ അത്ഭുതമില്ല..?? വേടന്‍ ലഹരി ഉപേക്ഷിക്കണം ഞങ്ങളില്‍ ഇനിയും പാട്ട് നിറയ്ക്കണം''- എന്നാണ് എഴുത്തുകാന്‍ രതീഷ് ഏഷ്യാനെറ്റ് വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് പറയുന്നത്.

അതിലൊന്ന് ഇങ്ങനെയാണ്-'കഞ്ചാവ് തുന്നിയിട്ട കുപ്പായം'' എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വേടന്‍ അറസ്റ്റിലായതിന് പിന്നാലെ ന്യൂസില്‍ എഴുതി കാണിക്കുന്നത്. അധ്വാനവും വിയര്‍പ്പും തുന്നിചേര്‍ത്ത കുപ്പായമാണ് തന്റെതെന്ന് പലപ്പോഴും പറഞ്ഞ വേടനോട് ഏഷ്യാനെറ്റ് ന്യൂസ് ഇന്നൊരവസരം കിട്ടിയപ്പോള്‍ പറയുന്നു.. അല്ലാ തന്റെ 'കുപ്പായം കഞ്ചാവ് തുന്നിയിട്ടതാണെന്നാണ്.'' അതായത് ഒന്നര ഗ്രാം കഞ്ചാവിന്റെ പേരില്‍ ഏഷ്യാനെറ്റ് അതിവേഗത്തില്‍ തന്നെ അയാളെ മൊത്തത്തില്‍ റദ്ദ് ചെയ്യാന്‍ ആക്രാന്തം കാണിക്കുകയാണ്. എന്നാല്‍ മലയാള സിനിമയില്‍ ഇതിന് മുന്‍പ് പിടിയിലായ പ്രമുഖരോട് ഇത് പോലൊരു ഡയലോഗ് അടിക്കാന്‍ ഏഷ്യാനെറ്റ് ധൈര്യം കാണിച്ചിട്ടുണ്ടോ...?ഏഷ്യാനെറ്റിന്റെ പ്രശ്നം അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും. നിയമ വിരുദ്ധമായ കഞ്ചാവ് ഉപയോഗിക്കുന്നവരെ ഒരു തരത്തിലും പിന്തുണക്കാനില്ല. പക്ഷേ തീര്‍ച്ചയായും അയാള്‍ക്ക് തെറ്റ് തിരുത്താനും ലഹരി മുക്തനായ മനുഷ്യനായി തിരിച്ചു വരാനും അവസരങ്ങളുണ്ട്. അതിനയാള്‍ക്ക് കഴിയട്ടെ..''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ ഏത് സംഭവത്തിലും നിഷ്പ്രയാസം, ജാതിയും സ്വതബോധവും കലര്‍ത്താന്‍ കഴിയുമെന്ന് ഇതോടെ മനസ്സിലാവുകയാണ്. കഞ്ചാവ് കേസായാല്‍ പോലും അതില്‍ മാറ്റമില്ലെന്ന് വേടന്‍ സംഭവം തെളിയിക്കുന്നു. നേരത്തെ വേടനെതിരെ മീ ടു വന്നതും, അയാള്‍ വേദിയില്‍ പരസ്യമായി തെറി പറയുന്ന വീഡിയോ പുറത്തായതുമൊക്കെ എല്ലാവരും സൗകര്യപുര്‍വം മറന്ന മട്ടാണ്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയിട്ടുണ്ട്.