- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകുന്ന മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കും; മനുഷ്യരിൽ മാത്രമല്ല, മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകൾ ഉപോഗിക്കുന്നു; കർശന നടപടികളിലേക്ക് കടക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിസിൽ വിൽപ്പനയിൽ നടപടികൾ കർക്കശമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന മെഡിക്കൽ സ്റ്റോർ/ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ കർശന നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) വാർഷിക അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
മാത്രമല്ല മൃഗങ്ങൾക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകൾച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി. മനുഷ്യരിൽ മാത്രമല്ല, മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല പരിസ്ഥിതിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കർശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.
കേരളത്തിൽ നടത്തിവരുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രവർത്തനങ്ങൾ യോഗം വിശദമായി വിലയിരുത്തി. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും. കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണുബാധകളെ പ്രത്യേകം നോട്ടിഫയബിൾ കണ്ടീഷനാക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണുബാധ കണ്ടെത്തിക്കഴിഞ്ഞാൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ