- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാളെ സിപിഎമ്മിന്റെ മഹാവിശദീകരണ യോഗം: എതിർത്ത് പ്രാദേശിക ഘടകങ്ങൾ
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിൽ ഓട ഗതി മാറ്റി നിർമ്മിച്ചുവെന്ന വിവാദം പുതിയ തലത്തിൽ. തന്റെ ഭൂമി കൈയേറിയതല്ലെന്ന് കാണിക്കാനും കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റി ഓഫീസ് നിൽക്കുന്ന സ്ഥലം കൈയേറിയതാണെന്ന് ആരോപിക്കുന്നതിനുമായി ജോർജും സംഘവും അളവ് നടത്തി. അളക്കേണ്ടത് സർവേ വകുപ്പാണെന്നും ജോർജിന് എന്തു കാര്യമെന്നും ചോദിച്ച് കോൺഗ്രസുകാർ രംഗത്തിറങ്ങിയതോടെ കൈയാങ്കളി. അതേ സമയം, മന്ത്രിയെയും ഭർത്താവിനെയും വിവാദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി സിപിഎം മഹാവിശദീകരണ യോഗം നടത്താനൊരുങ്ങുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് യോഗം.
കൈപ്പട്ടൂർ-ഏഴംകുളം റോഡിന്റെ ഓടയുടെ ഗതിമാറ്റിയെന്ന വിവാദം കൊഴുക്കുന്നതിനിടെയാണ് സ്വന്തം ഭൂമിയുടെ മുൻവശം സ്വയം അളന്ന് കൈയേറ്റമില്ലെന്ന് ജോർജ് ജോസഫ് പ്രഖ്യാപിച്ചത്. എന്നാൽ, കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് കൈയേറ്റ ഭൂമിയിലാണെന്ന് അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ഇത് ജോർജ് ജോസഫുംകോൺഗ്രസ് പ്രവർത്തകരുമായി ഉന്തിനും തള്ളിനും ഇടയാക്കി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ബഹളം നടന്നത്. കൊടുമണ്ണിൽ പുറമ്പോക്ക് സ്ഥലം കൈയേറിയിട്ടുള്ളതായി കാണിച്ച് ജോർജ് ജോസഫ് കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് റവന്യു ഉദ്യോഗസ്ഥർ റോഡ് പുറമ്പോക്കും വീതിയും അളക്കാൻ ഇന്നലെ രാവിലെ എത്തിയിരുന്നു. എൽ.ആർ.തഹസീൽദാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കൊടുമൺ വാഴവിള പാലം മുതലാണ് അളന്ന് തുടങ്ങിയത്. വിവരം അറിഞ്ഞ് ജോർജ് ജോസഫും സ്ഥലത്തെത്തി.
പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിർവശത്ത് സ്വന്തം ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ റോഡിന്റെ വീതി ജോർജ് ജോസഫ് സ്വയം അളക്കാൻ തുടങ്ങി. ഉദ്യോഗസ്ഥർ ഈ സമയം ഇവിടേക്ക് അളക്കാൻ എത്തിയിരുന്നില്ല. റോഡിന് മുന്നിൽ അളന്ന ശേഷം ജോർജ് ജോസഫ് തന്റെ സ്ഥലത്ത് പുറമ്പോക്ക് ഇല്ലെന്ന് സ്വയം പ്രഖ്യാപിച്ചു. തന്റെ കെട്ടിടത്തിന് മുന്നിൽ മൂന്നു മീറ്റർ അധികമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. തുടർന്ന് കൂടെയുണ്ടായിരുന്നവരെയും കൂട്ടി സമീപത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അളക്കാൻ ജോർജ് ജോസഫ് ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പിന്നാലെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളും നടന്നു .
സ്ഥലം അളക്കേണ്ടത് റവന്യു ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഏറെ സമയം ഇരു വിഭാഗവും തമ്മിൽ വാക്കേറ്റം നടന്നു. ജോർജ് ജോസഫ് പുറമ്പോക്കും പൊലീസ് സ്റ്റേഷന്റെ സ്ഥലവും കൈയേറിയാണ് ഷോപ്പിങ് കോംപ്ലക്സ് നിർമ്മിച്ചതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുറമ്പോക്കിലാണന്ന് കാണിച്ച് ജോർജ് ജോസഫും കലക്ടർക്ക് പരാതി നൽകിയിരുന്നു. സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് പുറമ്പോക്കിലാണന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.
ഏഴംകുളം -കൈപ്പട്ടൂർ റോഡ് വികസനവുമായി ബന്ധെപ്പട്ട് ജോർജ് ജോസഫിന്റെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ ഓടയുടെ അലൈന്മെന്റ് മാറ്റി പണിയാൻ ശ്രമിച്ചതോടെയാണ് ഇവിടെ തർക്കങ്ങൾ ആരംഭിക്കുന്നത്. ഓട വളച്ച് പണിയാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ആദ്യം കോൺഗ്രസും പിന്നീട് ബിജെപിയും പ്രതിഷേധവുമായി എത്തി. ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരനും ഓട വളച്ച് പണിയുന്നതിനെ ശക്തമായി എതിർത്തത്തോടെ സിപിഎമ്മിനുള്ളിൽ ഭിന്നതയും രൂക്ഷമായി. എന്നാൽ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ജോർജ് ജോസഫിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സിപിഎം ഏരിയ,ലോക്കൽ കമ്മിറ്റികൾ പഞ്ചായത്ത് പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സിപിഐ ലോക്കൽ കമ്മിറ്റിയും അലൈന്മെന്റിൽ മാറ്റം വരുത്തിയതിനെ എതിർത്തിട്ടുണ്ട്. ഇതോടെ സ്റ്റേഡിയത്തിന് എതിർവശത്തെ ഓട പണി നിർത്തി വച്ചിരിക്കയാണ്. എന്നാൽ റോഡ് പണി ഇന്നലെ പുനരാരംഭിച്ചിട്ടുണ്ട്.
വിവാദത്തിൽ വെട്ടിലായ മന്ത്രി വീണാ ജോർജിനെയും ഭർത്താവിനെയും സംരക്ഷിക്കാനും കോൺഗ്രസുകാർ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് സ്ഥാപിക്കുന്നതിനും വേണ്ടി സിപിഎം ജില്ലാ കമ്മറ്റി നാളെ കൊടുമണിൽ മഹാവിശദീകരണ യോഗം നടത്തും. ഒരു ബ്രാഞ്ചിൽ നിന്ന് നിർബന്ധമായും 30 പേരെ പങ്കെടുപ്പിക്കണം എന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ജില്ലാ സെക്രട്ടറി. മന്ത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടി സി.പിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നത്.
എന്നാൽ, സിപിഎം ലോക്കൽ, ഏരിയ കമ്മറ്റികൾ എടുത്തിട്ടുള്ള നിലപാട് ജില്ലാ കമ്മറ്റിയുടേതിൽ നിന്ന് വിരുദ്ധമാണ്. മന്ത്രിയുടെ ഭർത്താവ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതി മാറ്റിയെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം കൂടിയായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ ആരോപിച്ചിരുന്നു. ശ്രീധരനെതിരേ നടപടി എടുക്കാൻ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും ലോക്കൽ, ഏരിയ കമ്മറ്റിൽ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ സിപിഎം നേതൃത്വം വെട്ടിലാണ്.