- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തിന് വാക്വം ഉപയോഗിക്കും കടപ്പുറം ആശുപത്രി; പച്ചക്കറി കുറഞ്ഞാല്‍ ജീവനക്കാരെ ശകാരിക്കുന്ന സൂപ്രണ്ട് മറ്റൊന്നും അറിയുന്നില്ല; അസാധാരണരൂപത്തില്‍ പിറന്ന കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന മന്ത്രി വീണാ ജോര്‍ജിന്റെ പ്രഖ്യാപനം വെറും വാക്കായി; ആലപ്പുഴയില്‍ 'ആരോഗ്യം' താളം തെറ്റുമ്പോള്‍
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രഖ്യാപനം പാഴ് വാക്കായി. ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഉറപ്പെല്ലാം വെരുതെ. കുഞ്ഞിന്റെ ആരോഗ്യപരിശോധനകള്‍ക്ക് വേണ്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് പണമീടാക്കുകയാണ്. 250 രൂപ വീതം രണ്ടുതവണയാണ് ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്ക് പണമീടാക്കിയത്. സൗജന്യ ചികില്‍സ നല്‍കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതൊന്നും ആരോഗ്യ വകുപ്പില്‍ ആരും അറിഞ്ഞില്ല. ഗര്‍ഭകാലത്ത് കൃത്യമായി പരിശോധന നടത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായത് എന്ന് വിശദീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു.
അസാധാരണരൂപത്തില്‍ പിറന്ന കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കാതെ ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ തൈറോയ്ഡ് പരിശോധനയ്ക്കു പണം വാങ്ങിയെന്നും പിതാവ് കുറ്റപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു തൈറോയ്ഡ് പരിശോധന. 'അമ്മയും കുഞ്ഞും പദ്ധതി'യുടെ ഭാഗമായുള്ള സൗജന്യം പോലും നിഷേധിച്ചെന്നാണു പരാതി. കുഞ്ഞിനു സൗജന്യചികിത്സ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് സംഭവം വിവാദമായപ്പോള്‍ ആരോഗ്യവകുപ്പ് അധികൃതരും ജില്ലാഭരണകൂടവും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പില്‍ നിന്ന് തുടര്‍ച്ചികിത്സ സംബന്ധിച്ച നിര്‍ദേശമൊന്നും കിട്ടിയിട്ടില്ലെന്നാണ് ജില്ലാ ഉദ്യോഗസ്ഥരും കുഞ്ഞിന്റെ പിതാവിനെ അറിയിച്ചിട്ടുള്ളത്.
ടാക്സി ഓടിച്ച് കുടുംബം പുലര്‍ത്തുന്ന കുട്ടിയുടെ അച്ഛന്‍ അനീഷിന് ഒരുദിവസം മാത്രമാണ് ജോലിക്ക് പോകാന്‍ സാധിച്ചത്. കുട്ടിയുടെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയത്. കുഞ്ഞിന് വേണ്ട ആരോഗ്യ പരിശോധനകളും ചികിത്സകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലോ സ്വകാര്യ ആശുപത്രിയിലോ ചെയ്യുന്നതിന് സഹായം ഉറപ്പുനല്‍കുകയും ചെയ്തിരുന്നതാണ്. എന്നിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പണമീടാക്കിയത് കുടുംബത്തിന് ഞെട്ടലായി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും കുട്ടിയ്ക്ക് വൈകല്യമുണ്ട് എന്ന് കണ്ടെത്താനായില്ല. സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം.
കണ്ണിനും കാലിനും ജനനേന്ദ്രിയത്തിനുമൊക്കെ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്. വിഷയത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം എങ്ങുമെത്തുകയും ചെയ്തില്ല. ഗര്‍ഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവം വലിയ വിവാദമായതോടെ സര്‍ക്കാര്‍ ഇടപെട്ടു. കുട്ടിയുടെ തുടര്‍ചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉറപ്പ് നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിനെ വിവിധ പരിശോധനകള്‍ക്കെത്തിച്ചപ്പോള്‍ പണം ഈടാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
അലപ്പുഴ ലജനത്ത് വാര്‍ഡില്‍ താമസിക്കുന്ന അനീഷ് മുഹമ്മദിന്റെയും സുറുമിയുടേയും മൂന്നാമത്തെ കുഞ്ഞിനാണ് ജന്മനാല്‍ ഗുരുതര വൈകല്യങ്ങളുണ്ടായത്. സംഭവത്തില്‍ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി വൈകുന്നെന്നും കുടുംബത്തിന് പരാതിയുണ്ട്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു കടപ്പുറം ആശുപത്രിയുടെ മറുപടി.
കടപ്പുറം വനിതാ, ശിശു ആശുപത്രിയെ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുമ്പോള്‍ ആശങ്കയിലാകുന്നത് ഗര്‍ഭിണികളും കുടുംബങ്ങളുമാണ്. ഒരുമാസം ശരാശരി ഇരുന്നൂറോളം പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയാണിത്. എന്നാല്‍, നിരവധി പരാതികള്‍ ഉയര്‍ന്നതോടെ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികള്‍ തേടിപ്പോകുകയാണ്. ഒരേ ഡോക്ടറുടെ പേരില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ആശുപത്രി അധികൃതര്‍ നടപടിയെടുക്കാത്തത് നാട്ടുകാരില്‍ വന്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
നവജാതശിശു അപൂര്‍വ വൈകല്യങ്ങളുമായി ജനിച്ച സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വ്യാപകമായിട്ടുണ്ട്. ഇതിനിടെയാണ് പ്രസവത്തിന് വാക്വം ഉപയോഗിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ കൈ തളര്‍ന്നെന്ന ഒന്നിലേറെ പരാതികള്‍ ഒരേ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നത്. പ്രസവത്തിനിടെ വാക്വം ഉപയോഗിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ കൈ തളര്‍ന്നെന്ന ഏറ്റവും പുതിയ പരാതി കടപ്പുറം ആശുപത്രി സൂപ്രണ്ടിന് കുടുംബം കൈമാറിയിട്ടുണ്ട്. ഇതിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ ജോലിക്കെത്തുന്ന നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ഡ്യൂട്ടിസമയത്ത് പച്ചക്കറിക്കൃഷിയുടെയും പൂന്തോട്ടപാലനത്തിന്റെയും ചുമതല നല്‍കുന്നുവെന്നും പരാതിയുണ്ട്. ഒരുകൂട്ടം ജീവനക്കാര്‍ തന്നെ പരാതിക്കാര്‍.
പച്ചക്കറി കുറഞ്ഞാല്‍ ജീവനക്കാര്‍ ശകാരം കേള്‍ക്കണം. കൃഷിയിലൂടെയുള്ള വരുമാനം ആശുപത്രിയുടെ പെയിന്റിങ്ങിനുള്‍പ്പെടെയാണു വിനിയോഗിക്കുന്നത്. ഇത്തരം ജോലി ചെയ്യേണ്ടിവരുന്നത് ഔദ്യോഗിക ജോലിയെ ബാധിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍. അതുകൊണ്ട് ആരോഗ്യപരിപാലനത്തില്‍ വീഴ്ചയുണ്ടാകുന്നുവെന്നാണ് വിലയിരുത്തല്‍.