തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പന്മനക്കാരനായ വേണു പിടഞ്ഞു മരിക്കുകയായിരുന്നു. തന്റെ മരണത്തിന്റെ ഉത്തരവാദികളെ ചൂണ്ടിക്കാട്ടി ശബ്ദ സന്ദേശവും അയച്ചായിരുന്നു മരണം. അതുകൊണ്ട് മാത്രം വേണുവിനോട് കാട്ടിയ ക്രൂരത ലോകം അറിഞ്ഞു. ഇതിന് സമാനമായി മൊബൈലില്‍ ശബ്ദസന്ദേശം അയയ്ക്കാന്‍ കഴിയാതെ നിരവധി മരണങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടാകുന്നുണ്ട്. ഇതെല്ലാം 'സിസ്റ്റം' തകരാറാണ്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ തന്നെ ഇതെല്ലാം ചര്‍ച്ചയാക്കി. ആ ഡോക്ടറെ ഒറ്റപ്പെടുത്തുന്നതും കണ്ടു. ഡോ ഹാരീസ് ചിറയ്ക്കലിനെ പോലെ രോഗികള്‍ക്കായി സംസാരിച്ചാല്‍ ഡോക്ടറും ഒറ്റപ്പെടും. ഏതായാലും ഈ സിസ്റ്റത്തിന്റെ കുഴപ്പം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും അറിയാം. ഹാരീസ് ചിറയ്ക്കല്‍ എല്ലാം പറഞ്ഞപ്പോള്‍ മന്ത്രി തന്നെ സമ്മതിച്ചതാണ്. ആ സിസ്റ്റം ഇനിയും മാറിയിട്ടില്ല. എന്നാല്‍ സിസ്റ്റം ശരിയാക്കേണ്ടവര്‍ തമ്മില്‍ തര്‍ക്കിക്കുകയാണ്.

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ നിയമനത്തെച്ചൊല്ലി ആരോഗ്യ-ധനമന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം മന്ത്രിസഭയില്‍ അടക്കമുണ്ടായി. പുതിയതായി ആരംഭിച്ച കാസര്‍കോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകളിലായി 180 ഡോക്ടര്‍മാരെ നിയമിക്കാനുള്ള മന്ത്രി വീണാജോര്‍ജിന്റെ ആവശ്യത്തിന് ധനവകുപ്പ് ഉടക്കിട്ടതോടെ തര്‍ക്കം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലേക്കും നീളുകയായിരുന്നു. ഈ തര്‍ക്കം മന്ത്രിസഭയില്‍ നടക്കുമ്പോള്‍ വേണു ജീവന് വേണ്ടി മല്ലിടുകയായിരുന്നു. വോട്ട് നേടാന്‍ ജനകീയ പ്രഖ്യാപനം നടത്തുന്ന സര്‍ക്കാര്‍ രോഗീ പരിചരണത്തിന് അടിയന്തരമായി എന്തെങ്കിലും ചെയ്യണം. വോട്ട് നേടുന്നതിനൊപ്പം കേരളത്തിന്റെ ആരോഗ്യ മോഡലിന്റെ ഖ്യാതി വീണ്ടെടുക്കലും അനിവാര്യതയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നിലത്ത് കിടന്ന് വേദനിച്ച് നരകിച്ചാണ് വേണു ജീവിതത്തില്‍ നിന്നും മടങ്ങുന്നത്.

ഈ സമയത്താണ് മന്ത്രിസഭയില്‍ വീണാ ജോര്‍ജ്ജും ബാലഗോപാലും തമ്മില്‍ അടിച്ചതെന്ന് വേണം കരുതാന്‍. മാതൃഭൂമിയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിടുന്നത്. രണ്ടിടങ്ങളിലേക്ക് 30 തസ്തിക മാത്രം അനുവദിക്കാനുള്ള ധനവകുപ്പിന്റെ നിലപാടില്‍ മന്ത്രി വീണാ ജോര്‍ജ് ക്ഷുഭിതയായി. സാമ്പത്തികപ്രതിസന്ധി കാരണം കൂടുതല്‍ തസ്തിക അനുവദിക്കാനാവില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയതോടെ, ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ചീഫ് സെക്രട്ടറി എ. ജയതിലകിനെ ചുമതലപ്പെടുത്തിയെന്നാണ് വാര്‍ത്ത. മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത്. അതിന് വേണ്ട നടപടികള്‍ എടുക്കണം. ധനമന്ത്രിയോട് തര്‍ക്കിക്കാതെ സ്വന്തം വകുപ്പിനെ മെച്ചപ്പെടുത്തണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.

നാലു മെഡിക്കല്‍ കോളേജുകളിലുമായി 180 ഡോക്ടര്‍ തസ്തിക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മാസങ്ങള്‍ക്കു മുന്‍പേ ധനവകുപ്പിനു കത്തയച്ചിരുന്നു. എന്നാല്‍, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളില്‍ 30 തസ്തിക സൃഷ്ടിക്കാമെന്ന ധനവകുപ്പ് തീരുമാനമാണ് ആരോഗ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള 34 ഡോക്ടര്‍മാരെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാമെന്നായി ധനമന്ത്രിയുടെ നിലപാട്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ താങ്ങാവുന്നതിലേറെ രോഗികള്‍ വരുന്നുണ്ടെന്നും അവിടെയുള്ള ഡോക്ടര്‍മാരെ മാറ്റിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്നും മന്ത്രി വീണാ ജോര്‍ജ് വാദിച്ചു.

നാലിടത്തും എംബിബിഎസ് പഠനവും നടക്കുന്നതിനാല്‍, 180 തസ്തികതന്നെ വേണമെന്നും മന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ നിയോഗിച്ചെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, പരിഹാരം നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ഇത് മെഡിക്കല്‍ കോളേജുകളുടെ താളം തെറ്റും. ഇത് ധനമന്ത്രിയും മനസ്സിലാക്കണം. അല്ലെങ്കില്‍ കേരളം ഗുരുതര ആരോഗ്യ പ്രതിസന്ധിയിലേക്ക് പോകും.