- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ സമയം ഫോണിൽ ശ്രീനിവാസൻ സാർ വിളിച്ചിരുന്നു; ആദ്യം ആരേലും പറ്റിക്കുന്നതാകുമെന്നാണ് കരുതിയത്; ഒരു അവതാരകയുടെ റോൾ ഉണ്ട് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു?; പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലെ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്..!! നമ്മിൽ നിന്ന് വിടവാങ്ങിയ ആ അതുല്യ നായകനെ വീണ്ടും ഓർത്തെടുത്ത് കോൺഗ്രസ് നേതാവ്; ചർച്ചയായി വാക്കുകൾ
തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേർപാടിൽ തന്നോടൊപ്പമുള്ള ഓർമ്മകൾ വീണ്ടും പുതുക്കിയെടുത്ത് കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അഡ്വ. വീണ എസ്. നായർ. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വീണ എസ്. നായർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
2008 ലോ 2009 ലോ ആണെന്നാണ് ഓർമ്മ..ദുബായിലെ അമ്മ അവാർഡ് നൈറ്റിന്റെ അവതാരകയായി പരിപാടി അവതരിപ്പിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് എത്തിയ എന്റെ ഫോണിലേക്ക് ഒരു മിസ് കോൾ. മൊബൈൽ ചാർജ് ചെയ്യാൻ വെച്ച് ഞാൻ പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോൾ അമ്മ പറഞ്ഞു. "ഈ ഫോണിൽ ശ്രീനിവാസൻ സാർ വിളിച്ചിരുന്നു'. ആരേലും പറ്റിക്കുന്നതാകും അല്ലാതെ ശ്രീനിവാസൻ സാർ എന്നെ നേരിട്ട് വിളിക്കാനോ എന്ന് പറഞ്ഞ് ഫോണിലേക്ക് നോക്കുമ്പോൾ ദുബായിലെ പ്രോഗ്രാം കോഡിനേറ്റർ ആയിരുന്ന ചേച്ചിയുടെ മിസ്കോൾ.ഞാൻ അവരെ ബന്ധപ്പെട്ടപ്പോൾ അത് ശരിക്കും ശ്രീനിവാസൻ സാറാണ് എന്നും എന്റെ നമ്പർ വാങ്ങിയിട്ടുണ്ട് അദ്ദേഹം വിളിക്കാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇങ്ങനെ ഒരു കോൾ വന്നതായി വീട്ടിൽ നിന്ന് പറഞ്ഞു, പക്ഷേ ഞാൻ വിശ്വസിച്ചില്ല. ഞാൻ സാറിനെ വിളിക്കാം എന്ന് പറഞ്ഞു. അപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചു.
ഒരു സിനിമ ഷൂട്ടിംഗ് നടക്കുകയാണ് അതിൽ റിയാലിറ്റി ഷോ ആണ് തീം.അവതാരകയുടെ റോൾ വീണ ചെയ്യണമെന്നാണ് എനിക്ക് താല്പര്യം. ചെയ്യാമോ എന്ന് സർ ചോദിച്ചു? ഞാൻ പറഞ്ഞു സാർ പറയാണെങ്കിൽ കൂടുതൽ ഇനി എന്താണ് ആലോചിക്കാനുള്ളത്.. തീർച്ചയായും ഞാൻ ചെയ്യാം.അങ്ങനെ ചിത്രാഞ്‌ജലി സ്റ്റുഡിയോയിൽ മകന്റെ അച്ഛൻ എന്ന വിനീത് ശ്രീനിവാസൻ നായകനായ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ടിങ്ങിന് എത്തുന്നു. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ട് ആണെന്നാണ് ഓർമ്മ. ആ ദിവസങ്ങളിലെ അനുഭവം പറയാതെ മുന്നോട്ടു പോകാൻ സാധിക്കില്ല.
ശ്രീനിവാസൻ എന്ന കുട്ടിക്കാലം മുതൽ കഥാകൃത്തായും തിരക്കഥാകൃത്തായും സംവിധായകനായും നടനായും ഒക്കെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരുപക്ഷേ സമാനതകളില്ലാത്ത വ്യക്തിത്വം എന്ന് പറയാതെ പോകാൻ സാധിക്കാത്ത അതേ ശ്രീനിവാസൻ സാർ.. അദ്ദേഹത്തിന്റെ പെരുമാറ്റവും ശൈലിയും എല്ലാം എന്നെ അത്ഭുതപ്പെടുത്തി.
ഫലസമ്പത്തുള്ള വൃക്ഷത്തിന്റെ ശിരസ്സ് എപ്പോഴും താഴ്ന്നു തന്നെ ഇരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ചുരുക്കം ചില വ്യക്തികളുടെ,മഹാന്മാരുടെ ജീവിതത്തിൽ നിന്ന് മാത്രമേ അത് നേരിട്ട് അനുഭവപ്പെട്ടിട്ടുള്ളൂ. അത്തരത്തിൽ എത്രത്തോളം വലിപ്പം ഉണ്ടോ അത്രത്തോളം സാധാരണ മനുഷ്യനായി എല്ലാവരെയും പരിഗണിച്ചു പോന്നിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസൻ സാർ.
ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തൂടെ സർ പോകുമ്പോൾ ഞങ്ങൾ കസേരയിൽ എഴുനേറ്റു നിൽക്കും." ഞാൻ എന്താ സ്കൂളിലെ ഹെഡ് മാസ്റ്റർ ആണോ?.. എപ്പോഴും എപ്പോഴും എന്നെ കാണുമ്പോൾ ഇങ്ങനെ എഴുനേറ്റു നിൽക്കേണ്ടതൊന്നുമില്ല " സ്വസിദ്ധമായ ശൈലിയിൽ ശ്രീനിവാസൻ സർ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതിലുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രീനിവാസൻ എന്ന അതുല്യപ്രതിഭ ഒരു മികച്ച മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന്റെ പ്രതീകം കൂടിയായി എന്റെ മനസ്സിൽ ഇടംപിടിച്ചു. കുറച്ചു മാസങ്ങൾക്ക് ശേഷം ഞാൻ ഡൽഹിയിൽ ആയിരുന്ന കാലം എന്റെ അമ്മാവൻ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ സിനിമാ തിയേറ്ററിൽ തട്ടത്തിൻ മറയത്ത് എന്ന സിനിമ റിലീസ് ചെയ്യാൻ ചില പ്രതിബന്ധങ്ങൾ നേരിടുന്നതിനെക്കുറിച്ച് പ്രയാസത്തോടു കൂടി സംസാരിച്ചു .
ഞാൻ പറഞ്ഞു ശ്രീനിവാസൻ സാറിനെ വിളിച്ചു നോക്കാം. നമ്മളെ സഹായിക്കും. അങ്ങനെ ഞാൻ മകന്റെ അച്ഛന്റെ പ്രൊഡക്ഷൻ കൺട്രോളർ കൂടിയായിരുന്ന വിനോദ് ഷൊർണൂറിനെ- വിനോദേട്ടനെ വിളിക്കുന്നു അതിനുശേഷം വി. എം വിനു സാറിനെയും വിളിച്ചു.സത്യത്തിൽ സാറിനോടുള്ള അത്യാദരവ് കൊണ്ടും സ്നേഹം കൊണ്ടും ആയിരിക്കാം അദ്ദേഹത്തിന്റെ തിരക്കിൽ എന്റെ ഒരു കോൾ കൊണ്ട് പോലും അദ്ദേഹത്തെ ശല്യം ചെയ്യരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഞാൻ ഏറ്റവും ഒടുവിൽ ആണ് സാറിനെ വിളിച്ചത്.. മറ്റു രണ്ടു തലങ്ങളിൽ നിന്നും ഉള്ള ഇടപെടലിനപ്പുറം സാറിന്റെ നേരിട്ടുള്ള ഇടപെടൽ കൂടി വേണമെന്ന് തോന്നിയതുകൊണ്ട് ഞാൻ സാറിനെ വിളിച്ചു. ഞാൻ പറഞ്ഞു അമ്മാവന്റെ തീയറ്റർ ആണ്. ഏറ്റവും പുതിയ സിനിമയായ തട്ടത്തിൻ മറയത്ത് അവിടെ ഞങ്ങൾക്ക് റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
പക്ഷേ അതിന് ചില പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിടുകയാണ് സഹായിക്കണം എന്ന് പറഞ്ഞു . അത് നമ്മൾ ഒരു ഡിസ്ട്രിബ്യൂട്ടർ ഏൽപ്പിച്ചതല്ലേ അവരാണ് തീരുമാനമെടുക്കുന്നത്. അതിൽ എങ്ങനെയാണ് ഇടപെടുന്നത് എന്ന ഒരു കൺഫ്യൂഷൻ സ്വരത്തിൽ സർ ഉത്തരം പറഞ്ഞു. എനിക്ക് അതിന്റെ പിന്നണിയിലുള്ള അറിയുന്ന ഏറ്റവും പ്രധാനപ്പെട്ട ആള് സാറാണ്.. ഇനി എനിക്ക് പറയാൻ ഒരു ഇടവുമില്ല..സാറിന് എന്തെങ്കിലും ചെയ്തു തരാൻ പറ്റുമെങ്കിൽ ദയവായി ചെയ്യണം എന്ന് പറഞ്ഞു. ഞാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കട്ടെ എന്ന് പറഞ്ഞു സർ കാൾ കട്ട് ചെയ്തു..കോൾ വെച്ചു 5 മിനിറ്റിനുള്ളിൽ എന്റെ ഫോണിലേക്ക് അടുത്ത കോൾ.. സിനിമ ആ തിയേറ്ററിൽ കളിക്കാനുള്ള വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്..അവിടെ റിലീസ് ചെയ്യാം. അങ്ങനെ ചച്ചുവിന്റെ സിന്ധു തിയേറ്ററിൽ റിലീസ് ചെയ്ത തട്ടത്തിൻ മറയത്ത് ഞാൻ അവിടെത്തന്നെ പോയി കാണുകയും ചെയ്തു.
ശ്രീനിവാസൻ എന്ന മഹാ മനുഷ്യനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.ചാനലിൽ സത്യൻ അന്തിക്കാട് സാറ് ശ്രീനിവാസൻ സാറിനെ അനുസ്മരിച്ച് സ്വരം ഇടറി കരയുന്നതും, മോഹൻലാൽ പറയാൻ വാക്കുകൾ ഇല്ലാതെ തപ്പിത്തടയുന്നതും കണ്ടു. എന്തായിരുന്നു ശ്രീനിവാസൻ എന്ന മഹാ മനുഷ്യന് ഒരു വ്യക്തിയുടെയും ജീവിതത്തിൽ എന്നതിന്റെ നേർസാക്ഷികളാണ് ഇതെല്ലാം. സിനിമാലോകത്ത് എന്നല്ല സമസ്ത മേഖലയിലും ഉള്ളവർക്ക് റോൾ മോഡൽ ആക്കാം ഇദ്ദേഹത്തെ. വളരുംതോറും എങ്ങനെയാണ് വിനയാന്വിതൻ ആകേണ്ടതെന്ന് ആദ്ദേഹം നമ്മളേ പഠിപ്പിച്ചു.ഒരു കുഞ്ഞു കുട്ടിയിൽ പോലും സ്നേഹവും ആദരവും ജനിപ്പിക്കുന്ന ആ മഹാനുഭാവന്റെ ഓർമ്മകൾ മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളം നിലനിൽക്കും. മലയാള സിനിമയിൽ ആരോടാണ് ആരാധന എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം ശ്രീനിവാസൻ സാറിനോട് ആണ്.. മഹാനുഭാവനു പ്രണാമം.




